ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇന്ന് പലരേയും അലട്ടുന്നുണ്ട്. തെറ്റായ ഭക്ഷണശീലം, വ്യായാമമില്ലായ്മ, പുകവലിയുടെ ഉപയോ​​ഗം, മദ്യപാനം ഇവയെല്ലാമാണ് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരുടെയും എണ്ണം കുറവല്ല. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. 

ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ വീട്ടിൽ തന്നെ ചില എളുപ്പ വഴികളുണ്ടെന്ന് മെഡിക്കൽ സർവ്വീസ് ആന്റ് ക്ലിനിക്കൽ ഡെവലപ്മെന്റിലിലെ ഡോ. രാജേഷ് കുമാവാത്ത് പറയുന്നു. ഭക്ഷണം പെട്ടെന്ന് ദഹിക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് പ്രതിവിധികൾ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

ഇഞ്ചി ഇല്ലാത്ത അടുക്കള ഉണ്ടാകില്ല. മിക്ക കറികൾക്കും നമ്മൾ ഉപയോ​ഗിക്കാറുള്ള ഒന്നാണ് ഇഞ്ചി. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഏറ്റവും നല്ലതാണ് ഇഞ്ചി. ഒരു കപ്പ് ചെറുചൂടുവെള്ളത്തിൽ അൽപം ഇഞ്ചി നീര് ചേർത്ത് കഴിക്കുന്നത് ​​ഗ്യാസ് ട്രബിൾ അകറ്റാൻ സഹായിക്കും. അത് പോലെ തന്നെയാണ് വെറും വയറ്റിൽ ഒരു സ്പൂൺ ഇഞ്ചി നീരും നാരങ്ങ നീരും തേനും ചേർത്ത് കുടിക്കുന്നത് ഭക്ഷണം പെട്ടെന്ന് ദഹിക്കാൻ സഹായിക്കും.

രണ്ട്...

എല്ലാ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കുരുമുളക്. ദിവസവും രണ്ട് നേരം ചൂടുവെള്ളത്തിൽ അൽപം കുരുമുളക് പൊടിയും ഉലുവ പൊടിയും ചേർത്ത് കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റുകയും ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ നിലനിർത്താനും സഹായിക്കും. മലബന്ധം അകറ്റാൻ വളരെ നല്ലതാണ് കുരുമുളക് വെള്ളം.

മൂന്ന്....

ജീരകം മിക്ക കറികളിലും നമ്മൾ ഉപയോ​ഗിക്കാറുണ്ട്. ഭക്ഷണം വളരെ പെട്ടെന്ന് ദഹിക്കാൻ ഏറ്റവും  നല്ലതാണ് ജീരകം. ദിവസവും ജീരകം വെള്ളം കുടിക്കുന്നത് എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള നല്ലൊരു മരുന്നാണെന്ന് പറയാം. അസിഡിറ്റി വരാതിരിക്കാനും പ്രതിരോധശേഷി കൂട്ടാനും വളരെ നല്ലതാണ് ജീരക വെള്ളം. ജീരകം വെറുതെ കഴിക്കുന്നതും ആരോ​ഗ്യത്തിന് നല്ലതാണെന്നാണ് വി​ദ​ഗ്ധർ പറയുന്നത്.