ഇന്നലെ വരെ രക്തസമ്മര്‍ദ്ദത്തിന്റെ പരിധിയില്‍പ്പെടാത്തവര്‍ക്ക് ഇന്നു മുതല്‍ രക്തസമ്മര്‍ദ്ദം ഉണ്ടാകാം. രക്തസമ്മര്‍ദ്ദത്തിന്റെ ആഗോളതലത്തില്‍ അംഗീകരിച്ച നിരക്കില്‍ മാറ്റം വരുത്തിയതോടെയാണിത്. നേരത്തെ 140/90 ആയിരുന്നു രക്തസമ്മര്‍ദ്ദത്തിന്റെ നിരക്കായി കണക്കാക്കിയിരുന്നതെങ്കില്‍ ഇപ്പോഴത് 130/80 ആക്കി നിജപ്പെടുത്താന്‍ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നു. അതായത് 130 വരെയായിരിക്കും നോര്‍മലായിട്ടുള്ള ഉയര്‍ന്ന രക്തസമ്മര്‍ദ്ദനിരക്ക്. 130ന് മുകളിലുണ്ടെങ്കില്‍ അത് ബിപി ഹൈ ആയി കണക്കാക്കും. അതുപോലെ കുറഞ്ഞ ബിപി നിരക്ക് 90 ആയി കണക്കാക്കിയിരുന്നത് ഇനിമുതല്‍ 80 ആയിരിക്കും. 80ല്‍ കുറഞ്ഞാല്‍ അത് ബിപി ലോ ആയി കണക്കാക്കും. ഇനി മുതല്‍ 130/80 എന്ന നിരക്കില്‍ എത്തിയാല്‍, രക്തസമ്മര്‍ദ്ദത്തിന് ഭക്ഷണനിയന്ത്രണം, ചികില്‍സ എന്നിവ കൈക്കൊള്ളണമെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി 140/90 എന്ന നിരക്കാണ് ആഗോളതലത്തില്‍ രക്തസമ്മര്‍ദ്ദം എന്ന ആരോഗ്യപ്രശ്‌നത്തിന് മാനദണ്ഡമാക്കിയിരുന്നത്. എന്നാല്‍ മാറിയ ജീവിതശൈലിയും ഭക്ഷണക്രമവും കാരണമാണ് ഇപ്പോള്‍ രക്തസമ്മര്‍ദ്ദത്തിന്റെ നോര്‍മല്‍ നിരക്കില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പുതിയ നിരക്ക് നിലവില്‍ വരുന്നതോടെ ലക്ഷകണക്കിന് ആളുകള്‍ ഹൈ ബിപിയോ ലോ ബിപിയോ ഉള്ളവരായി മാറും. അമേരിക്കന്‍ ജനസംഖ്യയില്‍ മാത്രം പകുതിയോളം പേര്‍ ബിപിക്ക് മരുന്ന് കഴിക്കേണ്ടതായി വരുന്നു. ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവ മൂലമുള്ള മരണത്തിന് കാരണമാകുന്നതില്‍ ഏറ്റവും പ്രധാനമാണ് രക്തസമ്മര്‍ദ്ദം. രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ ഹൃദ്രോഗമോ മസ്‌തിഷ്‌ക്കാഘാതമോ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.