മുഖക്കുരു, വരണ്ട ചർമ്മം എന്നീ പ്രശ്നങ്ങൾ മാറ്റാൻ പലതരത്തിലുള്ള ഫേഷ്യലുകൾ മാറിമാറി പരീക്ഷിച്ച് കാണും. പക്ഷേ, വലിയ ​മാറ്റമൊന്നും ഉണ്ടായി കാണില്ല. മുഖത്തെ കറുത്ത പാട്, ചുളിവുകൾ എന്നിവ അകറ്റാൻ ഇനി മുതൽ ബ്യൂട്ടി ബാർലറുകളിൽ പോയി സമയം കളയേണ്ട. വീട്ടിൽ പരീക്ഷിക്കാവുന്ന മൂന്ന് തരം ഫേസ് പാക്കുകൾ പരിചയപ്പെടുത്താം.

മഞ്ഞൾ ഫേഷ്യൽ...

പണ്ട് കാലം മുതൽക്കു തന്നെ സൗന്ദര്യ സംരക്ഷണത്തിൽ പ്രധാന സ്ഥാനമാണ് മഞ്ഞളിനുള്ളത്. മുഖത്തിന്റെയും ദേഹത്തിന്റെയും നിറം വർധിപ്പിക്കാനും തിളക്കം കൂട്ടാനും മഞ്ഞളിന് സാധിക്കും.

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ: 

മഞ്ഞൾ പ്പൊടി                     1/2 ടീസ്പൂൺ
നാരങ്ങാനീര്                         1/2 ടീസ്പൂൺ 
കടലമാവ്                               2 ടീസ്പൂൺ 
പാൽ                                        2 ടീസ്പൂൺ 

തയ്യാറാക്കുന്ന വിധം: 

ആദ്യം അരസ്പൂൺ മഞ്ഞൾപ്പൊടി, രണ്ടു സ്പൂൺ പാൽ, രണ്ടു സ്പൂൺ കടലമാവ്, അരസ്പൂൺ നാരങ്ങാനീര് എന്നിവ മിക്സ് ചെയ്തു മുഖത്ത് പുരട്ടുക. അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിലൊരിക്കൽ ഈ ഫേഷ്യൽ ചെയ്യാൻ ശ്രമിക്കുക.

തക്കാളി ഫേഷ്യൽ...

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

 തക്കാളി         2 എണ്ണം
പഞ്ചസാര      1 സ്പൂൺ

തയ്യാറാക്കുന്ന വിധം...

 തക്കാളിയിൽ അടങ്ങിയിരിക്കുന്ന വസ്തുക്കൾ നിറം കൂട്ടാൻ വളരെയേറെ സഹായിക്കും. ഇരുണ്ട നിറം വെളുപ്പിക്കുന്നതിനും ഇവയ്ക്ക് കഴിവുണ്ട്. ഒപ്പം പഞ്ചസാര ത്വക്കിൽ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്കിനെ കളയാൻ സഹായിക്കുന്നു.

തക്കാളി ചെറുതായി അരിഞ്ഞ് അതിലേക്ക് ഒരു സ്പൂൺ പഞ്ചസാര ചേർക്കുക. ശേഷം നീരെടുത്ത് മുഖത്ത് പുരട്ടുക. നന്നായി മസാജ് ചെയ്തതിനു ശേഷം പത്തു മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. 

റോസാപ്പൂ ഫേഷ്യൽ...

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ

റോസാപ്പൂ ഇതളുകൾ     രണ്ട് പിടി
 ചന്ദനം                          രണ്ട് ടീസ്പൂൺ
 പാൽ                            രണ്ട് ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

 രണ്ടു പിടി റോസാപ്പൂ ഇതളുകൾ , രണ്ടു സ്പൂൺ നിറയെ ചന്ദനപ്പൊടി അഥവാ ചന്ദനം അരച്ചത്, രണ്ടു സ്പൂൺ പാൽ എന്നിവ ചേർത്ത് നന്നായി അരയ്ക്കുക. മുഖത്തും കഴുത്തിലും ഈ മിശ്രിതം നന്നായി പുരട്ടുക. നന്നായി ഉണങ്ങിയതിനു ശേഷം കഴുകി കളയാം. മൂന്നു ദിവസം ഇത് തുടർച്ചയായി പുരട്ടിയാൽ വ്യത്യാസം അറിയാനാകും.