എത്ര വൃത്തിയാക്കിയാലും പാറ്റ പിന്നെയും വന്നുകൊണ്ടേയിരിക്കും. ഇവ ഭക്ഷണത്തിൽ വന്നിരുന്നാൽ ഭക്ഷണം കേടായിപ്പോവുകയും രോഗം പടർത്തുന്ന അണുക്കൾ പെരുകുകയും ചെയ്യുന്നു.
അടുക്കളയിലും ബാത്റൂമിലും സ്ഥിരം കാണുന്ന ജീവിയാണ് പാറ്റ. എത്ര വൃത്തിയാക്കിയാലും ഇത് പിന്നെയും വന്നുകൊണ്ടേയിരിക്കും. ഇവ ഭക്ഷണത്തിൽ വന്നിരുന്നാൽ ഭക്ഷണം കേടായിപ്പോവുകയും രോഗം പടർത്തുന്ന അണുക്കൾ പെരുകുകയും ചെയ്യുന്നു. ഇത് പലതരം രോഗങ്ങൾക്ക് വഴിയൊരുക്കും. ഈർപ്പം ഉള്ള സ്ഥലങ്ങളിലാണ് പാറ്റയുടെ ശല്യം ഉണ്ടാകുന്നത്. അടുക്കളയിലെ പാറ്റ ശല്യം ഒഴിവാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.
ബേക്കിംഗ് സോഡയും പഞ്ചസാരയും
പാറ്റയെ എളുപ്പത്തിൽ തുരത്താൻ ബേക്കിംഗ് സോഡ നല്ലതാണ്. ഒരു പാത്രത്തിൽ ബേക്കിംഗ് സോഡ എടുത്തതിന് ശേഷം കുറച്ച് പഞ്ചസാര ചേർക്കണം. പാറ്റ സ്ഥിരം വരാറുള്ള സ്ഥലങ്ങളിൽ വെച്ചാൽ മതി. ഇത് പാറ്റയെ അകറ്റി നിർത്താൻ സഹായിക്കുന്നു. അതേസമയം രണ്ട് ദിവസം കൂടുമ്പോൾ ബേക്കിംഗ് സോഡ മാറ്റി പുതിയത് വയ്ക്കാൻ ശ്രദ്ധിക്കണം. വൃത്തിയും ഈർപ്പവും ഇല്ലാത്ത സ്ഥലത്താവണം ഇത് സൂക്ഷിക്കേണ്ടത്.
എണ്ണ ഉപയോഗിക്കാം
ശക്തമായ ഗന്ധത്തെ മറികടക്കാൻ പാറ്റകൾക്ക് സാധിക്കില്ല. അതിനാൽ തന്നെ യൂക്കാലിപ്റ്റസ്, കർപ്പൂരതുളസി എന്നിവയുടെ എണ്ണ ഉപയോഗിക്കുന്നത് പാറ്റയെ തുരത്താൻ സഹായിക്കുന്നു. പാറ്റ സ്ഥിരം വരാറുള്ള സ്ഥലങ്ങളിൽ ഇത് വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്താൽ മതി.
വയണ ഇല
വയണ ഇലയുടെ ശക്തമായ ഗന്ധത്തെ മറികടക്കാൻ പാറ്റയ്ക്ക് സാധിക്കില്ല. ഉണക്കിയതിന് ശേഷം പൊടിച്ച് അടുക്കളയുടെ കോണുകളിലും, ഡ്രോയറുകളിലും വിതറിയിട്ടാൽ മതി. പാറ്റകൾ പിന്നെ ആ ഭാഗത്തേക്ക് വരില്ല.
വിനാഗിരി
വിനാഗിരി ഉപയോഗിച്ചും പാറ്റയെ എളുപ്പത്തിൽ തുരത്താൻ സാധിക്കും. ഇതിന്റെ ശക്തമായ ഗന്ധം പാറ്റകൾക്ക് ഇഷ്ടമില്ലാത്തതാണ്. വെള്ളവും വിനാഗിരിയും ഒരേ അളവിൽ എടുത്തതിന് ശേഷം അടുക്കള പ്രതലങ്ങൾ, സിങ്ക്, ഷെൽഫുകൾ തുടങ്ങിയവ ഇത് ഉപയോഗിച്ച് നന്നായി വൃത്തിയാക്കണം. ഇടയ്ക്കിടെ ഇങ്ങനെ വൃത്തിയാക്കുന്നത് പാറ്റ വരുന്നതിനെ തടയുന്നു. അതേസമയം ഭക്ഷണാവശിഷ്ടങ്ങൾ അടുക്കളയിൽ ഉണ്ടാവാൻ പാടില്ല. ഇത് പാറ്റയെ ആകർഷിക്കും.


