ഉറുമ്പ്, പാറ്റ, പല്ലി തുടങ്ങിയ ജീവികളുടെ ശല്യം അടുക്കളയിൽ സ്ഥിരമാണ്. ഇത് ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കുന്നതിന് തടസ്സമുണ്ടാക്കുകയും കേടുവരുന്നതിന് കാരണമാവുകയും ചെയ്യുന്നു.
വീട്ടിൽ എപ്പോഴും വൃത്തിയുണ്ടായിരിക്കേണ്ട ഇടമാണ് അടുക്കള. പ്രത്യേകിച്ചും മഴക്കാലത്ത് അടുക്കള വൃത്തിയോടെ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഉറുമ്പ്, പാറ്റ, പല്ലി തുടങ്ങിയ ജീവികളുടെ ശല്യം അടുക്കളയിൽ സ്ഥിരമാണ്. ഇത് ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കുന്നതിന് തടസ്സമുണ്ടാക്കുകയും കേടുവരുന്നതിന് കാരണമാവുകയും ചെയ്യുന്നു. മഴക്കാലത്ത് വായുവിൽ ഈർപ്പം തങ്ങി നിൽക്കുന്നു. ഇത് അടുക്കളയിൽ അണുക്കൾ പെരുകാൻ കാരണമാകാറുണ്ട്. ഇതിലൂടെ ഭക്ഷണം പെട്ടെന്ന് കേടാവുകയും ചെയ്യുന്നു. മഴക്കാലത്ത് അടുക്കള വൃത്തിയോടെ സൂക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം.
വൃത്തിയാക്കുക
എല്ലാ ഭാഗങ്ങളും വൃത്തിയായാൽ മാത്രമേ അടുക്കള പൂർണമായും വൃത്തിയായെന്ന് പറയാൻ സാധിക്കുകയുള്ളു. അടുക്കളയിലെ ചില ഭാഗങ്ങൾ നമ്മൾ പലപ്പോഴും ശ്രദ്ധിക്കാതെ പോകാറുണ്ട്. അത്തരം സ്ഥലങ്ങളിൽ അഴുക്ക് പറ്റിയിരിക്കുകയും അതിൽ നിന്നും അണുക്കൾ ഉണ്ടാവുകയും ചെയ്യുന്നു. ഇടയ്ക്കിടെ അടുക്കള മുഴുവനും വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
വായു സഞ്ചാരം ഉണ്ടാവണം
പാചകം ചെയ്ത് കഴിയുമ്പോൾ അടുക്കളയിൽ വായു തങ്ങി നിൽക്കുന്നു. ഭക്ഷണത്തിന്റെ ഗന്ധവും പുകയും അടുക്കളയിൽ തങ്ങി നിൽക്കുന്നത് പൂപ്പൽ ഉണ്ടാവാൻ കാരണമാകുന്നു. അതിനാൽ തന്നെ പാചകം ചെയ്യുന്ന സമയത്ത് വാതിലും ജനാലയും തുറന്നിടാൻ ശ്രദ്ധിക്കാം. എക്സ്ഹോസ്റ്റ് ഫാൻ സ്ഥാപിക്കുന്നതും നല്ലതാണ്.
സുഗന്ധവ്യഞ്ജനങ്ങൾ
മഴക്കാലത്ത് ഈർപ്പം ഉണ്ടാകുമ്പോൾ അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ കട്ടപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒട്ടുമിക്ക വീടുകളിലും ഈ പ്രശ്നമുണ്ട്. ഈർപ്പത്തെ ആഗിരണം ചെയ്യുന്നതുകൊണ്ടാണ് ഇത്തരത്തിൽ സാധനങ്ങൾ കട്ടപിടിക്കുന്നത്. ഈർപ്പം ഉണ്ടാകാത്ത വിധത്തിൽ വായുകടക്കാത്ത പാത്രത്തിലാക്കി സുഗന്ധവ്യഞ്ജനങ്ങൾ അടച്ച് സൂക്ഷിക്കാവുന്നതാണ്.
ഭക്ഷണം
മഴക്കാലത്ത് ഭക്ഷണം കേടുവരാതെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പഴകിയ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാം. കഴിയുന്നത്ര ചൂടോടെ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇത് ഭക്ഷ്യജന്യ രോഗങ്ങൾ ഉണ്ടാകുന്നതിനെ തടയുന്നു. ബാക്കിവന്നവ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിലും ഭക്ഷണം കേടുവരാൻ സാധ്യതയുണ്ട്.
കീടങ്ങളുടെ ശല്യം
മഴക്കാലത്താണ് അധികവും കീടങ്ങളുടെ ശല്യം ഉണ്ടാകുന്നത്. ഈച്ച, ഉറുമ്പ് തുടങ്ങി പലതരം ജീവികളാണ് അടുക്കളയിൽ വരുന്നത്. വയണയില, കറുവപ്പട്ട, വേപ്പില എന്നിവ സൂക്ഷിച്ചാൽ ഇത്തരം ജീവികളെ അകറ്റി നിർത്താൻ സാധിക്കും.


