ഇന്ന് അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് കിച്ചൻ ഗാഡ്ജറ്റുകൾ. ഈ ആധുനിക സംവിധാനങ്ങൾ പാചകത്തെ എളുപ്പമാക്കുക മാത്രമല്ല ഏതൊക്കെ രീതിയിൽ പാചകം ചെയ്യാൻ പറ്റുമെന്നും കാണിച്ചുതരുകയാണ്.
ഇന്ന് അടുക്കളയിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് കിച്ചൻ ഗാഡ്ജറ്റുകൾ. ഈ ആധുനിക സംവിധാനങ്ങൾ പാചകത്തെ എളുപ്പമാക്കുക മാത്രമല്ല ഏതൊക്കെ രീതിയിൽ പാചകം ചെയ്യാൻ പറ്റുമെന്നും കാണിച്ചുതരുകയാണ്. മൈക്രോവേവുകളും ഓവനും തുടങ്ങി കോഫി മേക്കേഴ്‌സ് വരെ ഉണ്ട്. ഇത്തരം ഉപകരണങ്ങൾ നമ്മുടെ പാചകവും പണികളും എളുപ്പമാക്കി. അത്തരത്തിൽ അടുക്കളകളിൽ ഇന്ന് പ്രചാരമേറുന്ന ഒന്നാണ് എയർ ഫ്രൈയറുകൾ. ഇത് ഓവന്റെ ചെറിയൊരു വേർഷൻ ആണെന്ന് തന്നെ പറയാം. എയർ ഫ്രൈയറുകൾ വീട്ടിൽ വേണമെന്നതിന്റെ കാരണങ്ങൾ ഇവയാണ്. എന്തൊക്കെയെന്ന് അറിയാം.
എണ്ണയുടെ ആവശ്യം
പൊരിച്ചെടുത്ത ഭക്ഷണങ്ങളോട് പൊതുവെ നമുക്ക് താല്പര്യം കൂടുതലാണ്. ചൂടോടെ പൊരിച്ചെടുത്ത സമോസയും വടയുമൊക്കെ ആവേശത്തോടെ നമ്മൾ കഴിക്കാറുണ്ട്. എന്നാൽ ഇവയിൽ അടങ്ങിയിരിക്കുന്ന എണ്ണയും അവ നമ്മളിൽ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെയും കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? എയർ ഫ്രൈയറുകൾ റാപിഡ് എയർ ടെക്നോളജി ഉപയോഗിച്ച് നിർമ്മിച്ചവയാണ്. അതുകൊണ്ട് തന്നെ ഭക്ഷണം പാകം ചെയ്യാൻ ചെറിയ രീതിയിൽ മാത്രമേ എണ്ണ ആവശ്യം വരുന്നുള്ളൂ.
എളുപ്പത്തിൽ പാകം ചെയ്യാം
തിരക്കുപിടിച്ച ജോലികൾക്കിടയിൽ എപ്പോഴും നിങ്ങൾ ആഗ്രഹിച്ച ഭക്ഷണം ഉണ്ടാക്കാൻ സമയം കിട്ടണമെന്നില്ല. എന്നാൽ എയർ ഫ്രൈയർ ഉപയോഗിച്ച് ഭക്ഷണം വേഗത്തിൾ പാകം ചെയ്യാൻ സാധിക്കും. വളരെ കുറച്ച് സമയം മാത്രമാണ് ഇതിന് ആവശ്യമുള്ളത്. ഇത് നിങ്ങളുടെ സമയത്തെയും ലാഭിക്കാൻ സഹായിക്കുന്നു.
ഫ്രൈ ചെയ്യാൻ മാത്രമല്ല
സ്നാക്സ് ഉണ്ടാക്കാൻ മാത്രമല്ല എയർ ഫ്രയറിന് നിരവധി ഉപയോഗങ്ങളാണ് ഉള്ളത്. റോസ്റ്റ് ചെയ്യാനോ ബേക്ക് ചെയ്യാനോ ഗ്രിൽ ചെയ്യാനോ ഒക്കെയും എയർ ഫ്രൈയർ ഉപയോഗിക്കാൻ സാധിക്കും. കൂടാതെ ഭക്ഷണം എളുപ്പത്തിൽ ചൂടാക്കാനും സഹായിക്കും. നിങ്ങൾക്ക് ആവശ്യമായതെന്തും എളുപ്പത്തിൽ എയർ ഫ്രൈയറിൽ പാകം ചെയ്യാൻ സാധിക്കുന്നതാണ്.
ഉപയോഗിക്കാൻ എളുപ്പം
ഉപയോഗിക്കുന്ന സാധനങ്ങൾ വൃത്തിയാക്കുന്നതും സൂക്ഷിക്കുന്നതുമാണ് അടുക്കളയിലെ ഏറ്റവും വലിയ പണി. എണ്ണപാടുകൾ, കറ, എണ്ണവിഴുക്കുള്ള പാത്രങ്ങൾ, ഭക്ഷണത്തിന്റെ ഗന്ധം തുടങ്ങി അടുക്കള മൊത്തം അലങ്കോലപ്പെട്ട് കിടക്കാറുണ്ട്. എന്നാൽ എയർ ഫ്രൈയർ ഉപയോഗിച്ച് പാചകം ചെയ്താൽ നിങ്ങൾക്ക് ഈ പ്രശ്‍നങ്ങളൊന്നും ഉണ്ടാവില്ല. എളുപ്പത്തിൽ ഉപയോഗിക്കാനും, വൃത്തിയാക്കാനും പറ്റുന്നതാണ് എയർ ഫ്രൈയറുകൾ.
ചൂട്
ഭക്ഷണങ്ങൾ പാകം ചെയ്ത് കഴിയുമ്പോൾ അടുക്കളയിലും ചൂട് തങ്ങി നിൽക്കാറുണ്ട്. എന്നാൽ എയർ ഫ്രൈയർ ഉപയോഗിച്ച് പാചകം ചെയ്താൽ അടുക്കളയിൽ ചൂട് തങ്ങി നിൽക്കില്ല. കൂടാതെ ഭക്ഷണത്തിൽ നിന്നുമുണ്ടാകുന്ന ഗന്ധത്തെ വലിച്ചെടുക്കുകയും ചെയ്യുന്നു.
വൈദ്യുതി ബിൽ
വീട്ടിൽ ഓവനും മൈക്രോവേവുമൊക്കെ ഉപയോഗിക്കുമ്പോൾ വൈദ്യുതി ചാർജും അതുപോലെ കൂടുതലായിരിക്കും വരുന്നത്. എന്നാൽ എയർ ഫ്രൈയറുകൾ വേഗത്തിൽ ഭക്ഷണം പാകം ചെയ്യുന്നതുകൊണ്ട് തന്നെ കുറച്ച് ഊർജ്ജം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. ഇത് നിങ്ങളുടെ വൈദ്യുതി നിരക്ക് കുറക്കാനും സഹായിക്കുന്നു.


