എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ബോസ്റ്റൺ ഫേൺ. വെള്ളവും പ്രകാശവും തുടങ്ങി ചെടി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ബോസ്റ്റൺ ഫേൺ. എത്ര വർഷംവരെയും വളരുന്ന ബോസ്റ്റൺ ഫേണിന് അധികം സൂര്യപ്രകാശം ആവശ്യമായി വരുന്നില്ല. വായുവിനെ ശുദ്ധീകരിക്കാനും വീടിനുള്ളിൽ ഈർപ്പം നിലനിർത്താനുമൊക്കെ ഇതിന് സാധിക്കും. വീട്ടിൽ ബോസ്റ്റൺ ഫേൺ വളർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

1.പ്രകാശം

നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ഈ ചെടിക്ക് ആവശ്യം. അമിതമായി പ്രകാശമേൽക്കുന്നത് ചെടി നശിച്ചു പോകാൻ കാരണമാകുന്നു. അതിനാൽ തന്നെ വീടിനുള്ളിൽ നേരിട്ട് പ്രകാശമേൽക്കാത്ത സ്ഥലത്ത് വേണം ഇത് വളർത്തേണ്ടത്.

2. മണ്ണ്

നല്ല നീർവാർച്ചയുള്ള മണ്ണിലാണ് ബോസ്റ്റൺ ഫേൺ നട്ടുവളർത്തേണ്ടത്. ഇതിലേക്ക് കമ്പോസ്റ്റും ഇടണം. ഇത് മണ്ണിന്റെ ഗുണം മെച്ചപ്പെടുത്തുകയും ചെടി നന്നായി വളരാൻ സഹായിക്കുകയും ചെയ്യുന്നു.

3. വെള്ളം

മണ്ണ് വരണ്ടുതുടങ്ങുമ്പോൾ ചെടിക്ക് വെള്ളമൊഴിക്കണം. പ്രത്യേകിച്ചും ചൂട് സമയങ്ങളിൽ ചെടിക്ക് നന്നായി വെള്ളമൊഴിക്കേണ്ടതുണ്ട്. എന്നാൽ തണുപ്പ് സമയങ്ങളിൽ ചെടിക്ക് എപ്പോഴും വെള്ളം ആവശ്യം വരുന്നില്ല.

4. താപനില

അമിതമായ ചൂടും തണുപ്പും ചെടിക്ക് പറ്റുന്നതല്ല. ഈർപ്പം ഉണ്ടെങ്കിൽ ചെടി നന്നായി വളരുന്നു. അതേസമയം ചൂട് അധികമായാൽ ചെടി നശിച്ചുപോകാൻ കാരണമാകും. അതിനാൽ തന്നെ ചൂടുള്ള സ്ഥലങ്ങളിൽ ബോസ്റ്റൺ ഫേൺ വളർത്തരുത്.

5. വളം ഉപയോഗിക്കാം

ബോസ്റ്റൺ ഫേൺ വീടിന് പുറത്ത് വളർത്തുകയാണെങ്കിൽ ഇടയ്ക്കിടെ വളവുമിട്ടു കൊടുക്കാൻ ശ്രദ്ധിക്കണം. എന്നാൽ വീടിനുള്ളിലാണ് വളർത്തുന്നതെങ്കിൽ മാസത്തിൽ ഒരിക്കൽ വളമിട്ടാൽ മതി.