വാട്ടർ ടാപ്പ് തുരുമ്പെടുക്കുന്നതിന്റെ പ്രധാന കാരണം വെള്ളവും സോപ്പിന്റെ സാന്നിധ്യവും എപ്പോഴും ഉണ്ടാവുന്നത് കൊണ്ടാണ്. എന്നാൽ തുരുമ്പെടുത്ത വാട്ടർ ടാപ്പ് ഇനി അനായാസം വൃത്തിയാക്കാൻ സാധിക്കും.

വീട്ടിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് വാട്ടർ ടാപ്പ്. പഴക്കം വരുന്നതിനൊപ്പം ടാപ്പ് തുരുമ്പെടുക്കുകയും വെള്ള പാടുകൾ ഉണ്ടാവുകയും ചെയ്യുന്നു. വെള്ളം, സോപ്പ് എന്നിവയുമായി എപ്പോഴും സമ്പർക്കം ഉണ്ടാകുന്നതുകൊണ്ടാണ് ടാപ്പ് തുരുമ്പെടുക്കുന്നത്. എന്നാൽ ശരിയായ രീതിയിൽ വൃത്തിയാക്കുന്നതിലൂടെ തുരുമ്പിനേയും പാടുകളേയും ഇല്ലാതാക്കാൻ സാധിക്കും. ഇങ്ങനെ ചെയ്താൽ മതി.

നാരങ്ങ നീര്

പകുതി മുറിച്ചെടുത്ത നാരങ്ങ തുരുമ്പെടുത്ത ഭാഗത്ത് നന്നായി തേച്ചുരക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം ചൂട് വെള്ളത്തിൽ കഴുകി വൃത്തിയാക്കാം. നാരങ്ങയിലുള്ള സിട്രിക് ആസിഡ് തുരുമ്പിനെ ഇല്ലാതാക്കി തിളക്കമുള്ളതാക്കുന്നു.

വിനാഗിരി

വിനാഗിരിയിൽ മൃദുലമായ തുണി കുറച്ച് നേരം മുക്കിവയ്ക്കാം. ശേഷം ഇത് ടാപ്പിൽ പൊതിഞ്ഞ് വയ്ക്കാം. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകാവുന്നതാണ്. ഇത് തുരുമ്പിനേയും പാടുകളെയും എളുപ്പം നീക്കം ചെയ്യുന്നു. അതേസമയം അധികനേരം വിനാഗിരി തുടരാൻ അനുവദിക്കരുത്. ഇത് ടാപ്പിന്റെ തിളക്കം മങ്ങിപോകാൻ കാരണമാകുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ വെള്ളത്തിൽ ചേർത്ത് പേസ്റ്റ് പോലെയാക്കണം. ഇത് തുരുമ്പുള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകാം. ഇത് തുരുമ്പിനെ എളുപ്പം ഇല്ലാതാക്കാൻ സഹായിക്കുന്നു.

ശ്രദ്ധിക്കാം

കഴിയുന്നതും ഉപയോഗം കഴിഞ്ഞാൽ ടാപ്പ് തുടയ്ക്കാൻ ശ്രദ്ധിക്കണം. ചൂട് വെള്ളവും സോപ്പും ഉപയോഗിച്ച് ആഴ്ച്ചയിൽ വൃത്തിയാക്കുന്നതും തുരുമ്പ് ഉണ്ടാകുന്നതിന് തടയുന്നു. പോറൽ ഉണ്ടാവാൻ സാധ്യതയുള്ള വസ്തുക്കൾ ഉപയോഗിച്ച് ടാപ്പ് വൃത്തിയാക്കരുത്.