ഏറെകാലം താമസിക്കേണ്ട ഇടമാണ് വീട്. അതിനാൽ തന്നെ മാറിവരുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ, കൂടുതൽ കാലം ഈട് നിൽക്കുന്ന മെറ്റീരിയലുകളാണ് വീട് നിർമ്മിക്കാൻ തെരഞ്ഞെടുക്കേണ്ടത്.

ഒരു വീട് വയ്ക്കാൻ ഒരുങ്ങുമ്പോൾ തന്നെ നിരവധി ആശങ്കകളിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഏതു ഡിസൈനിൽ ചെയ്യും, ചിലവെത്ര കൂടും, എന്തൊക്കെ മെറ്റീരിയലുകൾ ഉപയോഗിക്കും, വിശ്വസിച്ച് ആരെ ഏൽപ്പിക്കും തുടങ്ങി പലതരം സംശയങ്ങൾ നമുക്കുണ്ടാകും. ആദ്യമേ തന്നെ വീട് നിർമ്മാണത്തിലെ ഘട്ടങ്ങളെക്കുറിച്ചും ട്രെൻഡിങ് മെട്രിയലുകളെ കുറിച്ചും അന്വേഷിച്ച് മനസിലാക്കേണ്ടതുണ്ട്. ഏറെകാലം താമസിക്കേണ്ട ഇടമാണ് വീട്. അതിനാൽ തന്നെ മാറിവരുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ, കൂടുതൽ കാലം ഈട് നിൽക്കുന്ന മെറ്റീരിയലുകളാണ് തെരഞ്ഞെടുക്കേണ്ടത്. വീട് നിർമ്മാണത്തിലെ ആശങ്കകളെക്കുറിച്ച് ആർക്കിടെക്റ്റ് ജോർജ് കെ തോമസ് പറയുന്നു.

ട്രെൻഡുകൾ അറിയാം

  1. നട്ട് ആൻഡ് ബോൾട്ട് സംവിധാനമാണ് വീട് നിർമാണത്തിലെ പുതിയ ട്രെൻഡ്. മര ഉരുപ്പടികൾ ഉപയോഗിച്ചാണ് പണ്ടൊക്കെ ജനാലകളും, വാതിലുകളും, സ്റ്റെയർകേസുമെല്ലാം നിർമ്മിച്ചിരുന്നത്. എന്നാലിന്ന് അവസ്ഥ മാറി.

2. വ്യത്യസ്തമായ കളറുകളിലും ടെക്സ്ചറിലും, നാച്ചുറൽ ഫിനിഷിങ്ങുള്ള, ഭാരം കുറഞ്ഞ ലാമിനേറ്റുകൾ പ്ലൈവുഡ് പ്രതലത്തിൽ പ്രസ്സ് ചെയ്ത് ഉപയോഗിക്കുന്നതാണ് നട്ട് ആൻഡ് ബോൾട്ട് സംവിധാനം. ഫർണിച്ചർ, സ്റ്റോറേജ് ഷെൽഫ് എന്നിവയും ഈ രീതിയിൽ നിർമ്മിക്കാൻ സാധിക്കും.

3. ജനാലകളും, വാതിലുകളും UPVC ഫ്രയിമുകൾ ഉപയോഗിച്ച് ഭംഗിയോടെ നിർമ്മിക്കാൻ കഴിയും.

4. ക്ലേ ടൈൽസ്, സെറാമിക്, വിട്രിഫൈഡ് ടൈൽസ്, നാച്ചുറൽ മാർബിൾ, ഗ്രാനൈറ്റ്, തടി എന്നിവ ഉപയോഗിച്ച് ഫ്ലോറിങ് ചെയ്യാം. മൊസൈക് ടൈൽസും ഇപ്പോൾ പ്രചാരത്തിലുണ്ട്.

5. കനംകുറഞ്ഞ ജിപ്സം പ്ലാസ്റ്ററിങ്ങാണ് നിലവിൽ പ്രചാരത്തിലുള്ളത്. ഇത് ഇൻഡോർ വാളുകൾക്ക് അനുയോജ്യമാണ്.

കരാറുകാരെ തെരഞ്ഞെടുക്കുമ്പോൾ അറിയേണ്ടത്

  1. വീട് നിർമ്മാണം കരാറുകാരെ ഏൽപ്പിക്കുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ടത് 3 കാര്യങ്ങളാണ്.

2. വീട് നിർമ്മാണം പരിചയ സമ്പത്തുള്ള കോൺട്രാക്ടറിനെ ഏല്പിക്കാം. ഇതിൽ പൂർണമായും കോൺട്രാക്ടർ തന്നെയാണ് കാര്യങ്ങൾ മനസിലാക്കി ചെയ്യേണ്ടത്. അതിനാൽ തന്നെ വീട്ടുടമസ്ഥന് ദൈനംദിന പ്രവർത്തികളിൽ ഇടപെടാതെ വീട് നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കും. ഇതിനെ ഫുൾ കോൺട്രാക്ട് എന്ന് പറയുന്നു.

3. നിർമ്മാണ സാമഗ്രികൾ ഉടമസ്ഥൻ വാങ്ങി നൽകിയതിന് ശേഷം, വീട് പണിത് പൂർത്തീകരിക്കുവാൻ പരിചയ സമ്പത്തുള്ള തൊഴിലാളികളെ ഏൽപ്പിക്കാനാവും. ഇതിനെ ലേബർ കോൺട്രാക്ട് എന്ന് പറയുന്നു. അതേസമയം നിർമ്മാണത്തിനിടയിൽ തൊഴിലാളികൾക്ക് സംഭവിച്ചേക്കാവുന്ന അപകടങ്ങൾ കൈകാര്യം ചെയ്യുവാൻ ഒരു ലേബർ കോൺട്രാക്‌ടർ ഉണ്ടെങ്കിൽ ഉടമസ്ഥന് വളരെ ആശ്വാസമാണ്.

4. ആദ്യം മുതൽ അവസാനം വരെയുള്ള വീട് നിർമ്മാണ ഘട്ടങ്ങൾ പൂർണമായും കോൺട്രാക്ടർ തന്നെയാണ് ചെയ്യേണ്ടത്. ഉടമസ്ഥൻ പണം മാത്രം നൽകിയാൽ മതി. ഇതിനെ ലംപ്സം കോൺട്രാക്ട് എന്ന് പറയുന്നു. വീട് പണിതു കഴിഞ്ഞതിന് ശേഷം അളന്നു, സ്‌ക്വയർ ഫീറ്റിന് പണം നൽകുന്ന രീതിയാണിത്.

5. കരാറുകളിൽ ഡിഫെക്ടസ് ലയബിലിറ്റി പീരീഡ്‌ ( Defects Liability Period ) എന്ന വ്യവസ്ഥ വയ്ക്കുന്നത് നല്ലതാണ്. പണിതവീട് കാലാവസ്ഥയ്ക്ക് അനുയോജ്യമായി നിലനിൽക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം പണം മൊത്തമായി സെറ്റിൽ ചെയ്യുന്ന രീതിയാണിത്.

ചിലവ് കൂടുന്നത് ഇവിടെ

വീട് പണിയുമ്പോൾ ഏറ്റവും കൂടുതൽ ചിലവ് ഉണ്ടാവുന്നത് നിർമ്മാണത്തിന്റെ ഫിനിഷിങ് ഘട്ടത്തിലാണ്. ഒരു വീട് നിർമ്മിക്കുമ്പോൾ അവിടെ താമസിക്കാൻ പോകുന്ന കുടുംബാംഗങ്ങളുടെ താല്പര്യത്തിന് അനുസരിച്ചാണ് വീട് പണി കഴിയ്ക്കുന്നത്. ആദ്യമേ കൃത്യമായ പ്ലാനിങ്ങോടെയാണ് നിർമ്മാണ പ്രവർത്തികൾ മുന്നോട്ട് കൊണ്ട് പോകുന്നത്. എന്നാൽ പണി കഴിയിച്ചു വരുമ്പോഴേക്കും ബജറ്റിൽ നിന്നും കൂടാൻ സാധ്യതയുണ്ട്. ആർഭാടത്തേക്കാളും ഉപയോഗവും കാര്യക്ഷമതയും ഉള്ള മെറ്റീരിയൽസാണ് ഫിനിഷിങ്ങിന് തെരഞ്ഞെടുക്കേണ്ടത്.