വീടിനെ ശാന്തവും സമാധാനവും ലഭിക്കുന്ന ഇടമാക്കി മാറ്റണമെങ്കിൽ ഇന്റീരിയർ ഡിസൈനിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പഴയ വീടിന് അകത്തളങ്ങൾ ഒരുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

പഴയ വീടുകൾ നമ്മൾ പുതുക്കി പണിയാറുണ്ട്. അതുപോലെ തന്നെയാണ് പഴയ വീടിന്റെ അകത്തളങ്ങൾ ഒരുക്കുന്നതും. പഴമയെ നിലനിർത്തികൊണ്ട് തന്നെ മോഡേൺ ലുക്കിൽ വീടിന്റെ ഇന്റീരിയർ ഒരുക്കാൻ നമുക്ക് സാധിക്കും. ഇന്റീരിയർ ഡിസൈൻ ചെയ്യുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ലൈറ്റിംഗ്

വീടിന് ഇന്റീരിയർ ഒരുക്കുമ്പോൾ ലൈറ്റിങ്ങിനാണ് നമ്മൾ കൂടുതലും പ്രാധാന്യം നൽകേണ്ടത്. ലൈറ്റുകൾക്ക് വീടിന്റെ മൊത്തത്തിലുള്ള ആംബിയൻസിനെ മാറ്റാൻ സാധിക്കും. വീടിന്റെ ഇന്റീരിയറിന് നൽകുന്ന എലമെന്റുകൾക്ക് അനുയോജ്യമായ ലൈറ്റുകളാവണം തെരഞ്ഞെടുക്കേണ്ടത്.

ഫർണിച്ചറുകൾ

വിന്റേജ്, മോഡേൺ എന്നിവ മിക്സ് ചെയ്‌താവണം ഫർണിച്ചറുകൾ തെരഞ്ഞെടുക്കേണ്ടത്. പുതിയ ജീവിത രീതികളോട് ചേരുന്ന സോഫകളും ടേബിളും വാങ്ങിക്കാം. ഇത് വീടിന്റെ ഇന്റീരിയറിനെ മനോഹരമാക്കുന്നതിനൊപ്പം നിങ്ങൾക്ക് കൂടുതൽ പ്രയോജനകരമാവുകയും ചെയ്യുന്നു.

ഉപയോഗമുള്ള വസ്തുക്കൾ

വീടിന്റെ ഇന്റീരിയർ ഒരുക്കുന്നതിനൊപ്പം ഉപയോഗമുള്ള വസ്തുക്കൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. കേടുവന്നതും പഴകിയതുമായ വസ്തുക്കൾ ഉപേക്ഷിക്കാം. അതേസമയം സ്മാർട്ട് ഉപകരണങ്ങളുടെ ഉപയോഗം ഇന്ന് വളരെ കൂടുതലാണ്. ഇന്റീരിയർ നവീകരിക്കുമ്പോൾ സ്മാർട്ട് ഉപകരണങ്ങളും ഉൾപ്പെടുത്താവുന്നതാണ്.

വീടിന്റെ ഘടന മനസിലാക്കാം

മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് വീടിന്റെ ഘടന എങ്ങനെയാണെന്ന് മനസിലാക്കേണ്ടതുണ്ട്. അതനുസരിച്ചാവണം വീട് നവീകരിക്കേണ്ടത്. ഇനി എന്തെങ്കിലും തരത്തിലുള്ള കോട്ടങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാനും മറക്കരുത്.

നിറങ്ങൾ

വീടിന് ലൈറ്റിംഗ് സെറ്റ് ചെയ്യുന്നതുപോലെ തന്നെ പ്രധാനമാണ് നിറങ്ങൾ നൽകുന്നതും. ബീജ്, ക്രീം, പെയിൽ ഗ്രേ, പേസ്റ്റൽ തുടങ്ങിയ നിറങ്ങൾ നൽകുന്നതാണ് ഉചിതം. ഇത് വീടിനുള്ളിൽ ശാന്തമായ അന്തരീക്ഷം ലഭിക്കാൻ സഹായിക്കുന്നു. കടുംനിറങ്ങൾ നൽകുന്നതിന് പകരം ഇളം നിറങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.