എങ്ങനെയെങ്കിലും വീട് വയ്ക്കാൻ സാധിക്കില്ല. അതിനു കൃത്യമായ പ്ലാനിങ് ഉണ്ടായിരിക്കണം. വീട് പണിയാൻ കരാറുകാരെ ഏൽപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

വീട് വയ്ക്കാൻ ഒരുങ്ങുമ്പോൾ പലതരം പ്രതിസന്ധികളാണ് നമ്മൾ നേരിടേണ്ടി വരുന്നത്. കരാറുകാരെ ഏല്പിച്ച് വീട് വയ്ക്കുന്നവരുണ്ട്. എന്നാൽ വീട് വയ്ക്കുന്ന സമയത്ത് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് ഇത്. എങ്ങനെയെങ്കിലും വീട് വയ്ക്കാൻ സാധിക്കില്ല. അതിനു കൃത്യമായ പ്ലാനിങ് ഉണ്ടായിരിക്കണം. വീട് പണിയാൻ കരാറുകാരെ ഏൽപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. വീട് നിർമ്മാണത്തിൽ മൂന്ന് തരം കരാർ ഉടമ്പടി (Contract Agreement] ആണ് നിലവിൽ സ്വീകാര്യമായത്. അവ ഏതൊക്കെയാണെന്നും എങ്ങനെയൊക്കെ ആണെന്നും അറിയാം.

ഫുൾ കോൺട്രാക്ട്

ഒരു വീട് പണി മുഴുവനായി പരിചയ സമ്പത്തുള്ള ഒരു കോൺട്രാക്‌ടറിനെ ഏൽപ്പിക്കുന്ന രീതിയാണിത്. ഉപയോഗിക്കുന്ന നിർമ്മാണ സാമഗ്രികളുടെ ഗുണമേന്മയും തൊഴിലാളികളുടെ കഴിവും വീട് ഉടമസ്ഥന് ബോധ്യപ്പെടാൻ സാധിച്ചാൽ സൈറ്റ് എൻജിനീയറുടെ സഹായത്തോടെ, ഉടമസ്ഥനെ സംബന്ധിച്ച് വീട് പണിയുടെ ദൈനംദിന പ്രവൃത്തികളിൽ ഇടപെടാതെ അനായാസം വീട് നിർമ്മിക്കാൻ സാധിക്കുന്ന രീതിയാണിത്.

ലേബർ കോൺട്രാക്ട്

നിർമ്മാണ സാമഗ്രികൾ ഉടമസ്ഥൻ വാങ്ങി നൽകിയതിന് ശേഷം അത് പണിത് പൂർത്തീകരിക്കുവാൻ പരിചയ സമ്പത്തുള്ള തൊഴിലാളികളെ നിയോഗിക്കുവാൻ ഒരു കോൺട്രാക്ടറെ ഏൽപ്പിക്കുന്ന രീതിയാണിത്. പരിചയ സമ്പത്തുള്ള മേസ്തിരിമാരെ ലഭിക്കുമെങ്കിൽ ഏറ്റവും നല്ലത്. നിർമ്മാണത്തിനിടയിൽ തൊഴിലാളികൾക്ക് സംഭവിച്ചേക്കാവുന്ന അപകടങ്ങൾ കൈകാര്യം ചെയ്യുവാൻ ഒരു ലേബർ കോൺട്രാക്‌ടർ ഉണ്ടെങ്കിൽ ഉടമസ്ഥന് വളരെ ആശ്വാസമാണ്. തൊഴിലാളികൾക്കുള്ള ആക്സിഡന്റ് കവറേജ് ഇൻഷുറൻസ് ഉറപ്പുവരുത്താമെങ്കിൽ അപകട സമയത്ത് ഏറ്റവും വലിയ ആശ്വാസമാകും.

ലംപ്സം കോൺട്രാക്ട്

വീട്ടുടമസ്ഥൻ പണം മാത്രം മുടക്കിയാൽ മതി. ബാക്കി എല്ലാ നിർമ്മാണ പ്രവൃത്തികളും പൂർത്തീകരിച്ച് താക്കോൽ കൈമാറുന്ന വീട്, പണിത് കഴിയുമ്പോൾ അളന്നു തിട്ടപ്പെടുത്തി സ്‌ക്വയർ ഫീറ്റിന് പണം നൽകുന്ന രീതി. ഉടമസ്ഥന് മുഴുവൻ സമയലാഭം കിട്ടും, പക്ഷെ നിർമ്മാണ പ്രവൃത്തികൾ നടക്കുമ്പോൾ ഇടക്കിടെ ഉടമസ്ഥൻ ഉപയോഗിക്കുന്ന കെട്ടിടനിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരവും ഉറപ്പുവരുത്തുന്നത് നല്ലതാണ്. നല്ല പരിചയ സമ്പത്തും തൊഴിലാളികളെ നയിക്കുവാൻ കഴിവും ഉള്ള ഒരു കോൺട്രാക്ടർ എന്തുകൊണ്ടും നിർമ്മാണ പ്രവൃത്തികൾക്ക് സ്ഥായിയായ ഒരു മുതൽക്കൂട്ടാണ്.

ഏതുതരം കോൺട്രാക്ട് ആണെങ്കിലും അത് ചെയ്യുവാൻ ഏൽപ്പിച്ചുകൊടുക്കുന്ന വ്യക്തിയുടെ മുൻകാല കെട്ടിട നിർമ്മാണ പ്രവൃത്തികൾ നേരിൽ കണ്ട് അതിന്റെ ഉടമസ്ഥരുമായി ആശയവിനിമയം നടത്തി തീരുമാനത്തിൽ എത്തിചേരേണ്ടതുണ്ട്. അതുപോലെ കോൺട്രാക്ട് കരാറിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ ഉടമസ്ഥനും കഴിവതും പാലിക്കണം. കോൺട്രാക്ടർ ആവശ്യപ്പെടുന്ന പണം കൊടുക്കുന്നതിന് മുമ്പ് നിജസ്ഥിതി നേരിൽ കണ്ട് അവലോകനം ചെയ്യേ ണ്ടതാണ്. ചിലതരം കോൺട്രാക്ട് കരാറുകളിൽ ഡിഫെക്ടസ് ലയബിലിറ്റി പീരീഡ്‌ ( Defects Liability Period ) എന്നുള്ള വ്യവസ്ഥ വയ്ക്കാവുന്നതാണ്. അതായത് പണിതവീട് കാലാവസ്ഥയ്ക്ക് അനുയോജ്യമായി നിലനിൽക്കുന്നുണ്ടോ എന്ന് ഒരു മൺസൂൺ സീസൺ കഴിഞ്ഞ് ബോധ്യപ്പെട്ടതിന് ശേഷം അല്ലറചില്ലറ പണികൾ ബാക്കി ഉണ്ടെങ്കിൽ അതും തീർത്തതിന് ശേഷം മൊത്ത തുക സെറ്റിൽ ചെയ്യുന്ന രീതി.