ചൂട് കൂടിവരുന്ന സമയമാണ് ഇപ്പോൾ. രാത്രികളിൽ ചൂട് കുറവാണെങ്കിലും പകൽ സമയത്ത് വീടുകളിൽ ഇരിക്കാൻ കഴിയാത്ത സാഹചര്യമാണ്.
ചൂട് കൂടിവരുന്ന സമയമാണ് ഇപ്പോൾ. രാത്രികളിൽ ചൂട് കുറവാണെങ്കിലും പകൽ സമയത്ത് വീടുകളിൽ ഇരിക്കാൻ കഴിയാത്ത സാഹചര്യമാണ്. അസഹനീയമായ ചൂട് കാരണം മുഴുവൻ സമയവും നമ്മൾ ഫാൻ ഉപയോഗിക്കാറുണ്ട്. എന്നാൽ എന്തൊക്കെ ചെയ്തിട്ടും ചൂട് മാറുന്നില്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാവും നല്ലത്. വീട്ടിലെ ചൂട് കുറക്കാൻ കഴിയുന്ന വഴികൾ എന്തൊക്കെയാണെന്ന് അറിയാം.
1. പകൽ സമയങ്ങളിൽ ജനാലകൾ തുറന്നിടുന്നത് ഒഴിവാക്കാം. ജനാല തുറന്നിടുമ്പോൾ പകൽ സമയത്തെ ചൂട് മുഴുവനും വീടിനുള്ളിലേക്ക് കയറും. ഇത് വീടിനെയും ഉള്ളിലുള്ള വസ്തുക്കളെയും ചൂടാക്കും. ഈ സമയത്ത് നമ്മൾ ഫാൻ ഉപയോഗിക്കുമ്പോൾ അതിൽ നിന്നും ചൂട് കാറ്റ് മാത്രമായിരിക്കും പുറത്തു വരുക.
2. രാത്രി സമയങ്ങളിൽ ജനാലകൾ തുറന്നിടുന്നത് നല്ലതായിരിക്കും. തണുത്ത അന്തരീക്ഷം ആയതുകൊണ്ട് തന്നെ വീടിനുള്ളിൽ തണുപ്പ് നിലനിർത്താൻ സഹായിക്കും.
3. മുറിയിലെ എതിർ ദിശയുള്ള ജനാലകൾ തുറന്നിടുന്നതും വീടിനുള്ളിലെ ചൂടിനെ പുറംതള്ളാൻ സഹായിക്കുന്നതാണ്.
4. മുറിയിൽ ടേബിൾ ഫാൻ വെക്കുന്നുണ്ടെങ്കിൽ ജനാലയോട് ചേർന്ന് വെക്കുന്നതാണ് ഉചിതം. ഇത് മുറിക്കുള്ളിലെ ചൂട് എളുപ്പത്തിൽ പുറംതള്ളാൻ സഹായിക്കും.
5. സീലിങ് ഫാൻ ഉപയോഗിക്കുമ്പോൾ മീഡിയം സ്പീഡിൽ ഇടുന്നതാണ് നല്ലത്. ഇത് മുറിയിൽ തണുപ്പ് നിലനിർത്താൻ സഹായിക്കും.
6. ഒരു പാത്രത്തിൽ ഐസ് ക്യൂബുകൾ നിറച്ച് ഫാനിന് താഴെയായി വെക്കുകയാണെങ്കിൽ മുറിക്കുള്ളിൽ തണുപ്പ് വ്യാപിക്കാൻ സഹായിക്കും.
7. രാത്രികാലങ്ങളിൽ മുറിയുടെ നിലം തുടക്കുന്നതും മുറിക്കുള്ളിൽ ഒരു ബക്കറ്റിൽ നിറയെ വെള്ളം പിടിച്ചുവെക്കുന്നതും തണുപ്പ് പ്രദാനം ചെയ്യുന്നതാണ്.
8. വീടിനുള്ളിൽ ചെടികൾ വെച്ചുപിടിപ്പിക്കുന്നതും ചൂട് കുറക്കാൻ സഹായിക്കുന്ന മറ്റൊരു മാർഗ്ഗമാണ്. വീടിനുള്ളിൽ വെക്കാൻ കഴിയുന്ന നിരവധി ചെടികൾ വിപണിയിൽ ലഭ്യമാണ്.
അടുക്കളയിൽ ഗ്യാസ് ലീക്ക് ചെയ്യുമ്പോൾ എന്ത് ചെയ്യും? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
