വീടിന് ചുറ്റും നല്ലൊരു അന്തരീക്ഷം കിട്ടാനും പോസിറ്റീവ് എനർജി ലഭിക്കാനുമാണ് പ്രകൃതിദത്തമായ ആവാസവ്യവസ്ഥയെ ഉൾക്കൊള്ളിച്ചുകൊണ്ട് വീടുകൾ പണിയുന്നത്.

മനോഹരമായ പൂന്തോട്ടങ്ങൾ, പലവൃക്ഷങ്ങൾ, ജലാശയങ്ങൾ, പക്ഷികൾ തുടങ്ങി ഭൂപ്രകൃതിയെ മനോഹരമാക്കുന്ന രീതിയിലാണ് ആധുനിക വീടുകൾ പണിയിക്കുന്നത്. വീടിന് ചുറ്റും നല്ലൊരു അന്തരീക്ഷം കിട്ടാനും പോസിറ്റീവ് എനർജി ലഭിക്കാനുമാണ് പ്രകൃതിദത്തമായ ആവാസവ്യവസ്ഥയെ ഉൾക്കൊള്ളിച്ചുകൊണ്ട് വീടുകൾ പണിയുന്നത്. എന്നാൽ ഇപ്പോൾ ട്രെൻഡിങ് ആകുന്നത് കോയി പോണ്ട് അഥവാ കോയി കുളങ്ങളാണ്. വീടിന് ചുറ്റുമുള്ള ഭൂപ്രകൃതിയുടെ ഭംഗി കൂട്ടുന്നതിന് വേണ്ടി നിർമിക്കുന്ന കുളങ്ങളാണ് ഇത്. കോയി മീനുകളെയാണ് ഇതിൽ വളർത്തുന്നത്. ജാപ്പനീസ് പൂന്തോട്ടത്തിന്റെ ഭാഗമായ ഇത് കോയി മത്സ്യങ്ങളെ വളർത്താനുള്ള ഉദ്ദേശ്യത്തോടെയാണ് നിർമിച്ചിരിക്കുന്നത്. തിളങ്ങുന്ന നിറങ്ങൾ കൊണ്ടും വ്യത്യസ്ത ചലനങ്ങൾ കൊണ്ടും ഏറെ ഇഷ്ടപെടുന്ന അലങ്കാര മത്സ്യങ്ങളാണ് കോയി മത്സ്യങ്ങൾ. കോയി കുളങ്ങൾ നമ്മുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുകയും, വീടിന് ചുറ്റും ശാന്തമായ അന്തരീക്ഷവും പ്രദാനം ചെയ്യുന്നു.

കോയി പോണ്ടിന്റെ ഡിസൈൻ 

കോയി പോണ്ട് നിർമിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആർക്കിടെക്ടിനെയോ എൻജിനീയറെയോ അറിയിക്കണം. വീടിന്റെ പരിസരത്തോ മുറ്റത്തോ ആണ് കോയി പോണ്ട് നിർമിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഭിത്തി പ്ലാസ്റ്റർ ചെയ്യുന്ന സമയത്ത് നിർമിക്കാവുന്നതാണ്. ഇനി ടെറസിലാണ് കുളം നിർമിക്കാൻ ഒരുങ്ങുന്നതെങ്കിൽ അവിടെ വെള്ളത്തിന്റെ ഭാരം താങ്ങാനാവുമെന്ന് ഉറപ്പ് വരുത്തി മാത്രം ചെയ്യുക. വാട്ടർ ഇൻലെറ്റും ഇലക്ട്രിക്ക് പോയിന്റും കുളത്തിന് സമീപം സ്ഥാപിക്കണം. 

കുളത്തിന്റെ വലിപ്പം 

കോയി കുളത്തിന്റെ വലിപ്പം കുറഞ്ഞത് 5' X 3' ആയിരിക്കണം. ഇതിൽ കുറയുകയാണെങ്കിൽ മത്സ്യങ്ങൾക്ക് നീന്താൻ കഴിയൂ. രണ്ടര അടിയിൽ കൂടുതൽ താഴ്ചയുള്ളത് അപകടങ്ങൾ ഉണ്ടാകാൻ സാധ്യതുണ്ട്. വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ പ്രത്യേകം അത് ശ്രദ്ധിക്കണം. മത്സ്യങ്ങൾ വളരുന്നതിന് വലിപ്പം കൂടിയ കുളങ്ങളാണ് നല്ലത്. ചെറിയ കുളങ്ങളിൽ മത്സ്യങ്ങൾക്ക് നീന്താൻ ബുദ്ധിമുട്ടുണ്ടാക്കും.

കോയി കുളങ്ങളുടെ നിർമാണം 

കോൺക്രീറ്റ് ടാങ്കുകൾ ഒറ്റനോട്ടത്തിൽ കാണാൻ ഭംഗി ആണെങ്കിലും പിന്നീട് അത് മാറ്റി സ്ഥാപിക്കാൻ പ്രയാസമാണ്. അതുകൊണ്ട് തന്നെ വീടിനുള്ളിൽ നിർമിക്കുമ്പോൾ ടെമ്പർഡ് ഗ്ലാസ് ഉപയോഗിച്ച് നിർമിച്ച അക്വാറിയം പോലുള്ള ഡിസൈനിൽ നിർമിക്കാവുന്നതാണ്. ചില വീടുകളിൽ പൊളിത്തീൻ ഷീറ്റുകളും, പോണ്ട് ലൈനേഴ്സും ഉപയോഗിച്ച് കുളങ്ങൾ നിർമിക്കാറുണ്ട്. അങ്ങനെ ചെയ്യുന്നത് എളുപ്പമാണെങ്കിലും കാഴ്ച്ചയിൽ വലിയ മതിപ്പ് തോന്നിക്കുന്നതല്ല.

കോയി മത്സ്യങ്ങൾ 

കോയി മത്സ്യങ്ങൾ അലങ്കാര മത്സ്യങ്ങൾ തന്നെയാണ്. മനോഹരമായ ചലനവും തിളക്കവുമാണ് അവയെ കൂടുതൽ വ്യത്യസ്തമാക്കുന്നത്. പലതരത്തിലുള്ള കോയി മത്സ്യങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ ഇവയ്ക്ക് വില അൽപ്പം കൂടുതലാണ്. വലിപ്പം അനുസരിച്ച് ഇത് കൂടുകയും ചെയ്യും. 

സുരക്ഷിതത്വം ഉറപ്പാക്കണം

വീടിനുള്ളിൽ അല്ലെങ്കിൽ പുറത്തോ കോയി പോണ്ട് നിർമിക്കാൻ സാധിക്കും. എന്നാൽ എവിടെ നിർമിക്കുമ്പോഴും സുരക്ഷിതത്വം വളരെ പ്രധാനമായ ഒരു ഘടകമാണ്. വീട്ടിൽ കുട്ടികളുണ്ടെങ്കിൽ ഇത്തരം കുളങ്ങൾ നിർമിക്കുന്നത് അപകടകരമാണ്. അതുകൊണ്ട് തന്നെ കോയി കുളങ്ങൾ നിർമിക്കുമ്പോൾ കൈവരികൾ സ്ഥാപിക്കാൻ മറക്കരുത്. 

കുളം വൃത്തിയാക്കൽ 

എങ്ങനെയെങ്കിലും വൃത്തിയാക്കാതെ ശരിയായ രീതിയിൽ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. കുളത്തിനുള്ളിലെ മാലിന്യങ്ങളും തീറ്റയുടെ അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയാൽ ദുർഗന്ധമുണ്ടാക്കുകയും വൃത്തിയില്ലാത്ത രീതിയിൽ കുളം കാണപ്പെടുകയും ചെയ്യും. 
കോട്ടൺ, സ്പോഞ്ചു, ബയോ ബോൾസ്, ചാർക്കോൾ, സെറാമിക് റിങ് തുടങ്ങിയ പ്രകൃതിദത്ത ഫിൽറ്ററുകളും, യു.വി ഫിൽറ്ററേഷൻ സംവിധാനമുള്ള ഫിൽറ്ററുകളും ഉപയോഗിച്ച് നിങ്ങൾക്ക് വൃത്തിയാക്കാവുന്നതാണ്. വീടിന് പുറത്ത് നിർമിച്ചിരിക്കുന്ന കുളങ്ങളിൽ സൂര്യപ്രകാശം നേരിട്ട് അടിക്കുന്നതുകൊണ്ട് തന്നെ യു.വി ഫിൽറ്ററുകൾ സ്ഥാപിക്കുന്നതാണ് നല്ലത്. ഒരു ഇൻലെറ്റ് വെള്ളം അകത്തുകടക്കാനും രണ്ട് ഔട്ലെറ്റുകൾ വെള്ളം പുറത്തുകടക്കാനും ഉണ്ടായിരിക്കണം. ഫിൽറ്ററേഷൻ ചെയ്യുന്നതുകൊണ്ട് തന്നെ വെള്ളം മാറ്റേണ്ടിവരില്ല.

വസ്ത്രങ്ങൾ വീടിനുള്ളിൽ അലക്കാൻ ഇടുമ്പോൾ സൂക്ഷിക്കണം; ഈ കാര്യങ്ങൾ ഒഴിവാക്കാം