വീടിന്റെ ഹൃദയഭാഗമാണ് അടുക്കള. പഴയ കാലത്ത് നിന്നും ഒരുപാട് മാറിയിട്ടുണ്ട് ഇന്ന് അടുക്കള ഡിസൈനുകൾ. മാറിവരുന്ന അടുക്കള ട്രെൻഡുകൾ എന്തൊക്കെയാണെന്ന് അറിയാം.
പഴയ രീതികളിൽ നിന്നുമെല്ലാം വ്യത്യസ്തമായാണ് ഇന്ന് വീട് നിർമ്മിക്കുന്നത്. ഉപയോഗിക്കുന്ന മെറ്റീരിയലുകൾ, ഡിസൈനുകൾ, ആവശ്യങ്ങൾ തുടങ്ങി എല്ലാ കാര്യങ്ങളിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അടുക്കളയിൽ വന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
അടുക്കളയുടെ ഘടന
അടുക്കളയുടെ ഘടനയിൽ തന്നെ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. സാധാരണയായി അടുക്കളയിൽ ഗ്യാസ് സ്റ്റൗ, പാത്രങ്ങൾ, ഫ്രിഡ്ജ് തുടങ്ങിയ വസ്തുക്കളാണ് ഉണ്ടാവുക. ഇത് കാണുമ്പോൾ തന്നെ അടുക്കള ജോലിയുടെ ഭാരം നമ്മുടെ തലയിൽ വന്നുനിറയും. എന്നാൽ ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നതോടെ ജോലിഭാരത്തെ മറക്കാൻ സാധിക്കുന്നു. സാധാരണയിൽ നിന്നും വ്യത്യസ്തമായി ആളുകളെ ആകർഷിക്കുന്ന മെറ്റീരിയലുകളും ഉപകരണങ്ങ ളുമാണ് അടുക്കളയിൽ ഇന്ന് ഉപയോഗിക്കുന്നത്.
ഓപ്പൺ കിച്ചൻ
വീടിന്റെ ഒതുങ്ങിയ സ്ഥലങ്ങളിൽ ഡൈനിങ് ഇടുന്ന പഴയ ശീലം ഇന്ന് മലയാളി വീടുകളിൽ കാണാൻ സാധിക്കില്ല. പകരം ഓപ്പൺ കിച്ചനോടാണ് ആളുകൾക്ക് താല്പര്യം. കുടുംബാംഗങ്ങൾക്കൊപ്പം ആസ്വദിച്ചിരുന്ന് ഭക്ഷണം കഴിക്കാനാണ് എല്ലാവർക്കും ഇഷ്ടം. അടുക്കളയിൽ തന്നെ ഡൈനിങ് ഇടുന്ന രീതിയും ഇന്നുണ്ട്.
പ്രകൃതിദത്ത ഭംഗിയോടാണ് താല്പര്യം
വീടിനുള്ളിൽ പ്രകൃതിദത്ത ടച്ച് ലഭിക്കാൻ മരംകൊണ്ടുള്ള ഷെൽഫുകളും ടേബിളുകളുമെല്ലാം ഇന്ന് ഉൾപ്പെടുത്താറുണ്ട്. കൂടുതലും ഇത്തരം മെറ്റീരിയലുകളാണ് ഇന്ന് ആളുകൾ തെരഞ്ഞെടുക്കുന്നത്. അതേസമയം ചെടികളും ഇന്ന് വീട് അലങ്കരിക്കാൻ ഉപയോഗിക്കാറുണ്ട്.
നിറങ്ങളിലെ ട്രെൻഡ്
എപ്പോഴും അഴുക്കും കറയും പറ്റുന്ന ഇടമാണ് അടുക്കള അതിനാൽ തന്നെ പെട്ടെന്ന് അഴുക്ക് അറിയാത്ത വിധത്തിലുള്ള നിറങ്ങളാണ് അടുക്കളയ്ക്ക് നൽകാൻ ആളുകൾ തെരഞ്ഞെടുത്തിരുന്നത്. എന്നാൽ ഇന്ന് അങ്ങനെയല്ല ചുവരുകൾക്ക് വാം ലൈറ്റുകളും അടുക്കള ക്യാബിനറ്റുകൾക്ക് പച്ച, നീല നിറങ്ങളുമാണ് നൽകുന്നത്. ഇത് അടുക്കളയെ കൂടുതൽ ഭംഗിയാക്കുന്നു.


