രാവിലെ എഴുന്നേൽക്കുമ്പോൾ ചിയ സീഡ്‌സ് വെള്ളം കുടിക്കുന്നതുമുതൽ ചിയ സീഡ്‌സ് പുഡ്ഡിംഗ് വരെയുണ്ട്. അതിനാൽ തന്നെ എല്ലാ വീടുകളിലും പ്രധാനമാണ് ഇന്ന് ചിയ സീഡ്‌സ്
നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ചിയ സീഡ്‌സ്. ദഹന ശേഷി വർധിപ്പിക്കുക, ഹൃദയത്തിന്റെ ആരോഗ്യം, ഭാരം നിയന്ത്രിക്കുക തുടങ്ങി പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട് ഇതിന്. അതുകൊണ്ട് തന്നെ ഇന്ന് ചിയ സീഡ്‌സിന് ഡിമാൻഡും കൂടുതലാണ്. ഡിമാൻഡ് കൂടുതലായതുകൊണ്ട് തന്നെ വിലയിലും മുൻപന്തിയിലാണ് ചിയ സീഡ്‌സുള്ളത്. രാവിലെ എഴുന്നേൽക്കുമ്പോൾ ചിയ സീഡ്‌സ് വെള്ളം കുടിക്കുന്നതുമുതൽ ചിയ സീഡ്‌സ് പുഡ്ഡിംഗ് വരെയുണ്ട്. അതിനാൽ തന്നെ എല്ലാ വീടുകളിലും പ്രധാനമാണ് ഇന്ന് ചിയ സീഡ്‌സ്. എന്നാൽ വീട്ടിൽ തന്നെ ചിയ സീഡ്‌സ് മൈക്രോഗ്രീൻസ് ഉണ്ടാക്കിയാലോ. മണ്ണും ചട്ടിയുമില്ലാതെ തന്നെ ഇത് വളർത്താൻ സാധിക്കും. മൈക്രോഗ്രീൻസ് ഉണ്ടാക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അറിയാം.
ചിയ സീഡ്‌സ് വാങ്ങിക്കാം
ആദ്യമായി തന്നെ കുറച്ച് ചിയ സീഡ്‌സ് വാങ്ങിക്കണം. പകുതിയിൽ മുറിച്ചതോ പിളർന്നതോ ആയവ വാങ്ങരുത്. ഇത് ചിയ സീഡ്‌സിന്റെ വളർച്ചയെ തടയുന്നു. അതിനാൽ തന്നെ ശ്രദ്ധയോടെ വാങ്ങാം.
പാത്രത്തിലാക്കാം
ചിയ സീഡുകൾ ചട്ടിയിൽ തന്നെ വളർത്തേണ്ടതില്ല. ഒരു പാത്രമോ അല്ലെങ്കിൽ ജാറോ തന്നെ ധാരാളമാണ്. ശരിയായ രീതിയിൽ ഈർപ്പം ലഭിക്കുന്ന വിധത്തിൽ മൂടിയുള്ള പ്ലാസ്റ്റിക് അല്ലെങ്കിൽ ഗ്ലാസ് പാത്രങ്ങൾ തെരഞ്ഞെടുക്കാവുന്നതാണ്.
ഈർപ്പമുള്ള ടിഷ്യൂ
പാത്രത്തിനുള്ളിലേക്ക് ടിഷ്യൂ അല്ലെങ്കിൽ മൈക്രോഫൈബർ തുണി ഇട്ടുകൊടുക്കാം. ഇത് വെള്ളത്തെ എളുപ്പത്തിൽ വലിച്ചെടുക്കാനും ദീർഘ നേരത്തേക്ക് ഈർപ്പത്തെ നിലനിർത്താനും സഹായിക്കുന്നു. ഇനി ടിഷ്യൂവിൽ നനവില്ലെങ്കിൽ ഇടക്ക് വെള്ളം സ്പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്.
ചിയ സീഡ്‌സ് ഇട്ടുകൊടുക്കാം
ഇനി നനവുള്ള തുണിയിലേക്ക് ഒരു ടേബിൾസ്പൂൺ ചിയ സീഡ്‌സ് ഇട്ടുകൊടുക്കാം. ചിയ സീഡ്‌സ് ഇടുമ്പോൾ അത് തുണിയിൽ തന്നെ തങ്ങി നിൽക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ശേഷം സീഡുകൾ വെവ്വേറെയാകുന്ന രീതിയിൽ അതിലേക്ക് കുറച്ച് വെള്ളം സ്പ്രേ ചെയ്ത് കൊടുക്കണം.
പാത്രം മൂടി വയ്ക്കാം
പാത്രത്തിനുള്ളിലെ ടിഷ്യൂ പേപ്പറിൽ ചിയ സീഡ്‌സ് സ്റ്റിക് ആയെന്ന് ഉറപ്പായതിന് ശേഷം പാത്രം അടച്ചുസൂക്ഷിക്കാം. അതേസമയം ടിഷ്യൂ പേപ്പറിൽ ഈർപ്പമുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
സൂര്യപ്രകാശം വേണം
പാത്രം അടച്ചുമൂടി വെച്ചാലും അതിനുള്ളിൽ സൂര്യ പ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ആവശ്യമായ സൂര്യപ്രകാശം ലഭിച്ചില്ലെങ്കിൽ ചിയ സീഡ്‌സിൽ പൂപ്പൽ ഉണ്ടാവുകയോ അല്ലെങ്കിൽ അവ നശിച്ചുപോകാനും കാരണമാകുന്നു. ഇങ്ങനെ സംഭവിച്ചാൽ ചിയ സീഡ്‌സ് മുന്നോട്ട് വളരുമെങ്കിലും മൈക്രോഗ്രീൻസ് കഴിക്കാൻ സാധിക്കില്ല.
മുളയ്ക്കുന്ന സമയം
എല്ലാ ദിവസവും ചിയ സീഡുകൾക്ക് സൂര്യപ്രകാശം ആവശ്യമാണ്. അതേസമയം പാത്രത്തിനുള്ളിൽ ഈർപ്പമുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം. 10 ദിവസം കഴിയുമ്പോൾ ഇലയും തണ്ടും വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. നല്ല വളർച്ചയ്ക്ക് കുറച്ചുദിവസം കൂടെ വെള്ളം സ്പ്രേ ചെയ്ത് കൊടുക്കേണ്ടതുണ്ട്.
എപ്പോഴാണ് വിളവെടുക്കേണ്ടത്
20 ദിവസം കഴിയുമ്പോൾ ചിയ സീഡ്‌സിന്റെ മൈക്രോഗ്രീൻസ് പാകമാവുകയും ചരിയാൻ തുടങ്ങുകയും ചെയ്യും. അങ്ങനെ വരുമ്പോൾ മാത്രം ഇത് മുറിച്ചെടുക്കുക. ശേഷം നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാവുന്നതാണ്.
