പ്രത്യേകതരം പശ ഉപയോഗിച്ചാണ് ടെറാസോ ഫ്ലോറിങ് ചെയ്യുന്നത്. എന്നാൽ ഈ പശയുടെ നിറം, പാറ്റേണുകൾ എല്ലാം നമ്മുടെ ഇഷ്ടത്തിന് തെരഞ്ഞെടുക്കാൻ സാധിക്കും.
ടെറാസോ എന്നത് ഒരു സംയോജിത വസ്തുവാണ്. ചുമരുകളും നിലവും മനോഹരമാക്കാൻ ടെറാസോ ഫ്ലോറിങ്ങിന് സാധിക്കും. മാർബിൾ, ക്വാർട്സ്, ഗ്രാനൈറ്റ്, ഗ്ലാസ് തുടങ്ങിയ മെറ്റീരിയലുകളുടെ ചിപ്പുകൾക്കൊപ്പം സെമെന്റെഷ്യസ് ബൈൻഡർ, പോളിമെറിക് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ഓക്സൈഡിന്റെ മറ്റൊരു വേർഷനാണ് ടെറാസോ. ഇന്ന് വീടുകളിലും കെട്ടിടങ്ങളിലുമെല്ലാം ട്രെൻഡിങ് ആണ് ടെറാസോ ഫ്ലോറിങ്. ഇതിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് അറിയാം.
- ഏതു ഇന്റീരിയറിനും ചേരുന്ന ഡിസൈനാണ് ടെറാസോ ഫ്ലോറിങ്ങിനുള്ളത്. അതിനാൽ തന്നെ വീടിനൊത്ത വൈബിൽ ടെറാസോ ഫ്ലോറിങ്ങുകളും തിളങ്ങും.
2. പശ, ബേബി മെറ്റലുകൾ എന്നിവയാണ് ടെറാസോ ഫ്ലോറിങ്ങിന് അടിസ്ഥാനമായി ഉപയോഗിക്കുന്നത്. മാർബിൾ, തടി കഷ്ണങ്ങൾ, ഗ്ലാസ് പീസ് തുടങ്ങിയവയും ഫ്ലോറിങ്ങിന് ഉപയോഗിക്കാറുണ്ട്.
3. പ്രത്യേകതരം പശ ഉപയോഗിച്ചാണ് ടെറാസോ ഫ്ലോറിങ് ചെയ്യുന്നത്. എന്നാൽ ഈ പശയുടെ നിറം, പാറ്റേണുകൾ എല്ലാം നമ്മുടെ ഇഷ്ടത്തിന് തെരഞ്ഞെടുക്കാൻ സാധിക്കും. വീടിന്റെ ഇന്റീരിയറിന് ചേരുന്നത് അനുസരിച്ച് ഡിസൈൻ ചെയ്യാവുന്നതാണ്.
4. വിഭജിക്കാതെ തന്നെ ഒറ്റ നിലമായി നിർമ്മിക്കാൻ സാധിക്കുമെന്നത് ടെറാസോ ഫ്ലോറിങ്ങിന്റെ മറ്റൊരു പ്രത്യേകതയാണ്.
5. ചെറിയ മുറികൾക്ക് ടെറാസോ ഫ്ലോറിങ് അനുയോജ്യമല്ല. ഹാൾ, ലിവിങ് റൂം തുടങ്ങിയ വലിയ എരിയകൾക്കാണ് ഇത് കൂടുതൽ ചേരുന്നത്. അതേസമയം ഫർണിച്ചറുകളും സാധനങ്ങളും നിറഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ടെറാസോ ഫ്ലോറിങ്ങിന്റെ ഭംഗി ലഭിക്കുകയില്ല.
6. വീടിന് ടെറാസോ ഫ്ലോറിങ് ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ശ്രദ്ധയോടെയും വ്യക്തമായ അറിവിലൂടെയും മാത്രമേ ഇത് ചെയ്യാൻ സാധിക്കൂ. അതിനാൽ തന്നെ പരീക്ഷണങ്ങൾ ഒഴിവാക്കാം.
7. നിർമ്മാണം കഴിഞ്ഞതിന് ശേഷം വെള്ളത്തിൽ കുതിർത്ത് ചാക്കിടുന്നത് കൂടുതൽ ഉറപ്പ് നൽകുന്നു. രണ്ടാഴ്ചയോളം ഇത്തരത്തിൽ വെള്ളമൊഴിച്ച് ഇടേണ്ടതുണ്ട്. ഇത് വിള്ളലുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കുന്നു.
8. ദീർഘകാലം ഈട് നിൽക്കുന്നത് കൊണ്ട് തന്നെ അറ്റകുറ്റ പണികളും ടെറാസോ ഫ്ലോറിങ്ങിന് കുറവാണ്. അതേസമയം ഇതിന്റെ ചിലവ് കുറച്ച് കൂടുതലാണ്. ഫ്ലോറിങ് ചെയ്യാൻ ഉപയോഗിക്കുന്ന പശ, പണിക്കൂലി എന്നിവയും ചിലവ് കൂടാൻ കാരണമാകുന്നു.


