ചായയിലും, കറികളിലും ഔഷധങ്ങളിലുമൊക്കെയും ഇഞ്ചി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇഞ്ചി വീട്ടിൽ തന്നെ എളുപ്പത്തിൽ വളർത്താൻ സാധിക്കുമെന്നത് പലർക്കും അറിയാത്ത കാര്യമാണ്.
ഇഞ്ചിയില്ലാത്ത അടുക്കളയെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല. രുചിയും മണവും മാത്രമല്ല നിരവധി ആരോഗ്യ ഗുണങ്ങളും ഇഞ്ചിക്കുണ്ട്. ചായയിലും, കറികളിലും ഔഷധങ്ങളിലുമൊക്കെയും ഇഞ്ചി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇഞ്ചി വീട്ടിൽ തന്നെ എളുപ്പത്തിൽ വളർത്താൻ സാധിക്കുമെന്നത് പലർക്കും അറിയാത്ത കാര്യമാണ്. ചൂടും ഈർപ്പവുമുള്ള സാഹചര്യങ്ങളിലാണ് ഇഞ്ചി കൂടുതലും വളരുന്നത്. ഇത് വീടിന് പുറത്തും അകത്തും എളുപ്പത്തിൽ വളർത്താൻ സാധിക്കും. വീട്ടിൽ ഇഞ്ചി വളരാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ഇഞ്ചി തെരഞ്ഞെടുക്കാം
കേടുവരാത്ത ഇഞ്ചിയാണ് നട്ടുവളർത്താൻ തെരഞ്ഞെടുക്കേണ്ടത്. കേടുവന്ന ഇഞ്ചി നന്നായി വളരണമെന്നില്ല. അതിനാൽ തന്നെ ഇഞ്ചി തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം.
വേരുകൾ കുതിർക്കാം
നടുന്നതിന് മുമ്പ് ചെറുചൂട് വെള്ളത്തിൽ ഒരു മണിക്കൂർ ഇഞ്ചിയുടെ വേരുകൾ വെള്ളത്തിലിട്ട് വയ്ക്കണം. ഇത് വേരുകൾ വരണ്ട് പോകുന്നത് തടയുകയും എന്തെങ്കിലും രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെങ്കിൽ അവയെ നീക്കം ചെയ്യാനും സാധിക്കുന്നു. കുതിർത്തതിന് ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. ഇത് ഇഞ്ചി നന്നായി വളരാൻ സഹായിക്കുന്നു.
സ്ഥലം തെരഞ്ഞെടുക്കാം
നല്ല നീർവാർച്ചയുള്ള മണ്ണിലാണ് ഇഞ്ചി നടേണ്ടത്. കൂടാതെ നേരിട്ടല്ലാത്ത സൂര്യപ്രകാശവും ആവശ്യമാണ്. ഇഞ്ചി വീടിനുള്ളിലാണ് വളർത്തുന്നതെങ്കിൽ നല്ല വ്യാപ്തിയുള്ള ഡ്രെയിനേജ് ഹോളുകൾ ഉള്ള ചെടിച്ചട്ടി തെരഞ്ഞെടുക്കാം. സമാന്തരമായാണ് ഇഞ്ചിയുടെ വേരുകൾ വളരുന്നത്. അതിനാൽ തന്നെ വേരുകൾക്ക് വളരാൻ ചട്ടിക്കുള്ളിൽ സൗകര്യങ്ങൾ ഉണ്ടാവണം.
മണ്ണ് മിശ്രിതം
നല്ല പോഷക ഗുണങ്ങളുള്ള ഇളകിയ മണ്ണിലാവണം ഇഞ്ചി നടേണ്ടത്. ഗാർഡൻ സോയിൽ, കമ്പോസ്റ്റ് എന്നിവ ചേർത്താൽ ഇഞ്ചി നന്നായി വളരും. എന്നാൽ മണ്ണിൽ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കാം. ഇത് വേരുകൾ ചീഞ്ഞു പോകാൻ കാരണമാകുന്നു. ഒരിഞ്ച് കുഴിച്ചതിന് ശേഷം ഇഞ്ചി അതിലേക്ക് നടാം. വേരുകൾ ആഴ്ന്നിറങ്ങുന്നത് കൊണ്ട് തന്നെ ഓരോ ഇഞ്ചിയും ചെറിയ അകലത്തിലാവണം നടേണ്ടത്. നട്ടുകഴിഞ്ഞാൽ ചെറിയ രീതിയിൽ വെള്ളം തളിച്ച് കൊടുക്കാം.
ഈർപ്പവും വളവും
ഈർപ്പം ഉണ്ടെങ്കിൽ മാത്രമേ ഇഞ്ചി നന്നായി വളരുകയുള്ളു. എന്നാൽ അമിതമായി വെള്ളമൊഴിച്ച് കൊടുക്കുന്നത് ഒഴിവാക്കാം. മാസത്തിലൊരിക്കൽ ചെടിക്ക് ജൈവ വളങ്ങൾ ഇട്ടുകൊടുക്കുന്നത് നല്ലതായിരിക്കും. ഇത് വേരുകൾക്ക് പോഷകങ്ങളെ വലിച്ചെടുക്കാനും ചെടി നന്നായി വളരാനും സഹായിക്കുന്നു. അമിതമായി വളമിടുന്നത് ഒഴിവാക്കാം. ഇത് വേരുകളുടെ വളർച്ചയ്ക്ക് തടസ്സമുണ്ടാക്കും.
വിളവെടുക്കാം
8 -10 മാസം കഴിയുമ്പോഴേക്കും ഇഞ്ചി പൂർണമായും വിളവെടുക്കാൻ പാകമാകും. ചെറിയ ഇഞ്ചിയാണ് ആവശ്യമെങ്കിൽ 3-4 മാസങ്ങൾ കഴിയുമ്പോഴേക്കും വിളവെടുക്കാവുന്നതാണ്.


