ശരിയായ രീതിയിൽ പരിചരണം നൽകിയില്ലെങ്കിൽ ഉപകരണം പെട്ടെന്ന് കേടായിപ്പോകുന്നു. ഓരോ തവണ ഉപയോഗം കഴിയുമ്പോഴും എയർ ഫ്രൈയർ നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഉപകരണമായി എയർ ഫ്രൈയർ മാറിക്കഴിഞ്ഞിരിക്കുന്നു. ഇതിൽ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നത് ആരോഗ്യകരമാണ്. എന്നാൽ ശരിയായ രീതിയിൽ പരിചരണം നൽകിയില്ലെങ്കിൽ ഉപകരണം പെട്ടെന്ന് കേടായിപ്പോകുന്നു. ഓരോ തവണ ഉപയോഗം കഴിയുമ്പോഴും എയർ ഫ്രൈയർ നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഭക്ഷണാവശിഷ്ടങ്ങൾ പറ്റിയിരിക്കുകയും ഇത് ദുർഗന്ധം ഉണ്ടാവാനും കാരണമാകുന്നു.
ബാസ്‌കറ്റും ട്രേയും വൃത്തിയാക്കാം
ഓരോ തവണ ഉപയോഗം കഴിയുമ്പോഴും എയർ ഫ്രൈയറിന്റെ ബാസ്‌കറ്റും ട്രേയും ഊരിമാറ്റി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ചെറുചൂടുള്ള സോപ്പ് വെള്ളത്തിൽ ഇത് 10 മിനിറ്റ് മുക്കിവയ്ക്കാം. ശേഷം സ്‌ക്രബർ ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കിയാൽ മതി.
ബേക്കിംഗ് സോഡ ഉപയോഗിക്കാം
എയർ ഫ്രൈയറിലെ കഠിനമായ കറകൾ ഇല്ലാതാക്കാൻ ബേക്കിംഗ് സോഡ ഉപയോഗിക്കാം. രണ്ട് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ, വെള്ളത്തിൽ ചേർത്ത് പേസ്റ്റുപോലെ ആക്കണം. അതുകഴിഞ്ഞ് കറപിടിച്ച ഭാഗത്ത് ഇത് തേച്ചുപിടിപ്പിക്കണം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി ഉരച്ച് കഴുകിയാൽ മതി.
എയർ ഫ്രൈയറിന്റെ അകം വൃത്തിയാക്കാം
എയർ ഫ്രൈയറിന്റെ ചൂട് വരുന്ന ഭാഗം നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഈ ഭാഗത്ത് അഴുക്ക് പറ്റിയിരിക്കുകയും ഉപകരണം ശരിയായ രീതിയിൽ പ്രവർത്തിക്കാതെയും വരുന്നു.
ദുർഗന്ധം അകറ്റാൻ നാരങ്ങ അല്ലെങ്കിൽ വിനാഗിരി
എയർ ഫ്രൈയറിൽ ദുർഗന്ധം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ദുർഗന്ധം ഇല്ലാതാക്കാൻ വിനാഗിരിയോ നാരങ്ങയോ ഉപയോഗിക്കാവുന്നതാണ്. നാരങ്ങ പകുതി മുറിച്ച് വെള്ളത്തിൽ ഇട്ടതിന് ശേഷം എയർ ഫ്രൈയറിൽ വെച്ച് ചൂടാക്കാം. ഇത് എളുപ്പം ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു.


