രാസവസ്തുക്കൾ ഒന്നും ഇല്ലാതെ തന്നെ പ്രകൃതിദത്തമായ രീതിയിൽ വീട് വൃത്തിയാക്കാൻ സാധിക്കും. അതിന് ഉപ്പ് മാത്രമേ ആവശ്യമുള്ളു.
വീട് എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ. അതിനുവേണ്ടി പലതരം രാസവസ്തുക്കൾ അടങ്ങിയ ക്ലീനറുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ രാസവസ്തുക്കൾ ഒന്നും ഇല്ലാതെ തന്നെ പ്രകൃതിദത്തമായ രീതിയിൽ വീട് വൃത്തിയാക്കാൻ സാധിക്കും. അതിന് ഉപ്പ് മാത്രമേ ആവശ്യമുള്ളു. ഉപ്പ് ഉപയോഗിച്ച് എളുപ്പം വൃത്തിയാക്കാൻ സാധിക്കുന്ന വസ്തുക്കൾ എന്തൊക്കെയാണെന്ന് അറിയാം.
കാസ്റ്റ് അയൺ പാൻ
ഉപ്പ് ഉപയോഗിച്ച് കാസ്റ്റ് അയൺ പാൻ വൃത്തിയാക്കാൻ സാധിക്കും. ഇത് പാനിൽ പറ്റിപ്പിടിച്ച കടുത്ത കറകളെ എളുപ്പം നീക്കം ചെയ്യാൻ സഹായിക്കുന്നു. ചൂടായിരിക്കുമ്പോൾ തന്നെ പാനിൽ ഉപ്പിട്ടുകൊടുക്കാം. ശേഷം മൈക്രോഫൈബർ തുണി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കിയാൽ മതി.
കോഫി മഗ്ഗ്
കോഫി മഗ്ഗിൽ പറ്റിപ്പിടിച്ച കറ എളുപ്പം നീക്കം ചെയ്യാനും ഉപ്പ് ഉപയോഗിക്കാവുന്നതാണ്. കറയുള്ള മഗ്ഗിൽ ഐസ് പൊടിച്ചിട്ടതിന് ശേഷം അതിലേക്ക് കുറച്ച് ഉപ്പുകൂടെ ഇട്ടുകൊടുക്കാം. ശേഷം നന്നായി ഉരച്ച് കഴുകിയാൽ മതി. കറ എളുപ്പം ഇല്ലാതാകുന്നു.
കട്ടിങ് ബോർഡ്
കട്ടിങ് ബോർഡിൽ ധാരാളം കറയും അണുക്കളും ഉണ്ടാകുന്നു. ഇത് ഉപ്പ് ഉപയോഗിച്ച് എളുപ്പം വൃത്തിയാക്കാൻ സാധിക്കും. കട്ടിങ് ബോർഡിൽ കുറച്ച് ഉപ്പ് വിതറിയതിന് ശേഷം നാരങ്ങ ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി. കറയും ദുർഗന്ധവും എളുപ്പം ഇല്ലാതാകുന്നു.
അടുക്കള വൃത്തിയാക്കാം
ഗ്യാസ് സ്റ്റൗ, ഓവൻ, അടുക്കള പ്രതലങ്ങൾ തുടങ്ങി അടുക്കള മുഴുവനായും വൃത്തിയാക്കാൻ ഉപ്പ് മതി. ഉപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നത് അടുക്കള അണുവിമുക്തമാക്കാനും സഹായിക്കുന്നു.
സിങ്ക് വൃത്തിയാക്കാം
അടഞ്ഞുപോയ അടുക്കള സിങ്ക് വൃത്തിയാക്കാനും ഉപ്പ് മതി. സിങ്കിലേക്ക് കുറച്ച് ബേക്കിംഗ് സോഡയും ഉപ്പും ഇടണം. രാത്രി മുഴുവൻ അങ്ങനെ തന്നെ വെച്ചതിന് ശേഷം അടുത്ത ദിവസം ചെറുചൂടുള്ള വെള്ളം സിങ്കിലേക്ക് ഒഴിച്ചാൽ മതി. ഇത് സിങ്കിലെ തടസം എളുപ്പം നീക്കം ചെയ്യുന്നു.

