ചെറിയ സ്ഥലത്ത് തന്നെ എളുപ്പത്തിൽ ചെടികൾ നട്ടുവളർത്താൻ സാധിക്കും. മഴക്കാലത്ത് ചെടികൾ നന്നായി വളരും. ഈ സമയത്ത് വേരുകൾ കൂടുതൽ ശക്തമാവുകയും ചെയ്യുന്നു.
വീട്ടിൽ തന്നെ വളർത്തിയെടുക്കുന്ന പച്ചക്കറികൾക്കും പൂക്കൾക്കും പ്രത്യേക രുചിയും ഭംഗിയുമൊക്കെ ഉണ്ടാകും. വീട്ടിൽ സ്ഥലമില്ല എന്നതാണ് ഒട്ടുമിക്ക ആളുകളുടെയും പ്രധാന പ്രശ്നം. എന്നാൽ ചെറിയ സ്ഥലത്ത് തന്നെ എളുപ്പത്തിൽ ചെടികൾ നട്ടുവളർത്താൻ സാധിക്കും. മഴക്കാലത്ത് ചെടികൾ നന്നായി വളരും. ഈ സമയത്ത് വേരുകൾ കൂടുതൽ ശക്തമാവുകയും ചെയ്യുന്നു. മഴക്കാലത്ത് എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന 4 ഔഷധ സസ്യങ്ങൾ ഇതാണ്.
തുളസി
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് തുളസി. പ്രതിരോധ ശേഷി വർധിപ്പിക്കാനും ശ്വസനാരോഗ്യത്തെ മെച്ചപ്പെടുത്താനും തുളസി നല്ലതാണ്. ചെറിയ പോട്ടിൽ നല്ല നീർവാർച്ചയുള്ള മണ്ണിൽ ചെടി നട്ടുവളർത്താവുന്നതാണ്. നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ഇതിന് ആവശ്യം. അതേസമയം അമിതമായി ചെടിക്ക് വെള്ളമൊഴിക്കാൻ പാടില്ല.
പുതിന
ദഹനത്തിന് നല്ലതാണ് പുതിന. ഇത് ചായയിലും, ചട്‌ണിയിലും സലാഡിലുമെല്ലാം ഉപയോഗിക്കാൻ സാധിക്കും. വളരെ വേഗത്തിൽ വളരുകയും പടരുകയും ചെയ്യുന്ന ചെടിയാണിത്. വലിയ പോട്ടിലാണ് പുതിന നട്ടുവളർത്തേണ്ടത്. നല്ല ഈർപ്പവും പോഷകങ്ങളും അടങ്ങിയ മണ്ണിൽ വളർത്താം. നേരിട്ടുള്ള സൂര്യപ്രകാശം ചെടിക്ക് ആവശ്യമില്ല. പഴുത്തതും കേടുവന്നതുമായ ഇലകൾ മുറിച്ചുമാറ്റാം. ഇത് ഫങ്കൽ ഉണ്ടാകുന്നതിനെ തടയുന്നു.
മല്ലിയില
ഭക്ഷണങ്ങൾക്ക് രുചി നൽകാൻ മല്ലിയില നല്ലതാണ്. ദഹന ശേഷി വർധിപ്പിക്കാനും ഇതിന് സാധിക്കും. ചെറിയ പരിചരണം മാത്രമേ ചെടിക്ക് ആവശ്യമുള്ളു. നല്ല വായുസഞ്ചാരമുള്ള പോട്ടിൽ നട്ടുവളർത്താവുന്നതാണ്. നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ആവശ്യം.
കറിവേപ്പില
ഭക്ഷണം പാകം ചെയ്യുമ്പോൾ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് കറിവേപ്പില. ഇതിൽ ധാരാളം പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. നല്ല ആഴമുള്ള പോട്ടിൽ വളർത്തുന്നതാണ് നല്ലത്. കറിവേപ്പിലക്ക് സൂര്യപ്രകാശം ആവശ്യമാണ്. ഇടയ്ക്കിടെ വെട്ടിവിടുന്നത് ചെടി നന്നായി വളരാൻ സഹായിക്കുന്നു.
ഇഞ്ചിപ്പുല്ല്
നല്ല ദഹനത്തിനും സമ്മർദ്ദം കുറയ്ക്കാനും ഇഞ്ചിപ്പുല്ല് നല്ലതാണ്. കൊതുകിനെയും മറ്റ് കീടങ്ങളെയും അകറ്റാനും ഇഞ്ചിപ്പുല്ല് വീട്ടിൽ വളർത്തുന്നത് നല്ലതാണ്. വലിപ്പമുള്ള പോട്ടിലാണ് ചെടി വളർത്തേണ്ടത്. നല്ല സൂര്യപ്രകാശം ചെടിക്ക് ആവശ്യമാണ്. അതേസമയം കേടുവന്ന ഇലകൾ മുറിച്ചുമാറ്റാൻ ശ്രദ്ധിക്കണം.


