ചെടികൾ വാടിപോകുന്നതിന്റെ പ്രധാന കാരണം ശരിയായ രീതിയിൽ പരിചരണം നൽകാത്തതുകൊണ്ടാണ്. വെളിച്ചം, വെള്ളം, വളം തുടങ്ങിയവ ശരിയായ സമയത്ത് കൃത്യമായ അളവിൽ ലഭിക്കേണ്ടതുണ്ട്. റബ്ബർ പ്ലാന്റ് വളർത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.
ചെറിയ പരിചരണത്തോടെ വളരെ വേഗത്തിൽ വളരുന്ന ചെടിയാണ് റബ്ബർ പ്ലാന്റ്. എന്നാൽ മറ്റു ചെടികളെ പോലെ തന്നെ റബ്ബർ പ്ലാന്റിന്റെ ഇലകളും വാടിപ്പോകാറുണ്ട്. ചെടികൾക്ക് എപ്പോഴും നല്ല രീതിയിലുള്ള പരിചരണം ആവശ്യമാണ്. ഇത് ലഭിക്കാതെ വരുമ്പോഴാണ് ചെടികൾ പെട്ടെന്ന് നശിച്ചുപോകുന്നത്. റബ്ബർ പ്ലാന്റ് നന്നായി വളരാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
അമിതമായി വെള്ളമൊഴിക്കരുത്
അമിതമായി വെള്ളമൊഴിക്കുന്നത് ചെടി നശിച്ചുപോകാൻ കാരണമാകുന്നു. വേരുകൾക്ക് എപ്പോഴും നനവ് ആവശ്യമാണെങ്കിലും, അമിതമായി ഈർപ്പം ഉണ്ടാവാനോ എന്നാൽ വേരുകൾ ഡ്രൈ ആകാനോ പാടില്ല. മണ്ണിൽ ഈർപ്പം ഇല്ലാതാകുമ്പോൾ മാത്രം റബ്ബർ പ്ലാന്റിന് വെള്ളമൊഴിക്കാം.
ശരിയായ ഡ്രെയിനേജ് ഇല്ലാതിരിക്കുക
ഇലകൾ വാടാനുള്ള മറ്റൊരു കാരണം ശരിയായ ഡ്രെയിനേജ് ഇല്ലാത്തതുകൊണ്ടാണ്. പോട്ടിൽ വെള്ളം കെട്ടിനിൽക്കുമ്പോൾ വേരുകൾ അഴുകി പോകാൻ കാരണമാകും. പോട്ടിൽ വെള്ളം വാർന്നു പോകാനുള്ള സംവിധാനം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
വെളിച്ചത്തിന്റെ ലഭ്യത
നന്നായി വളരണമെങ്കിൽ ചെടികൾക്ക് നല്ല വെളിച്ചം ആവശ്യമാണ്. ശരിയായ വെളിച്ചം ലഭിക്കാതെ വരുമ്പോൾ ഇലകൾ വാടിപ്പോവാനും നശിച്ചുപോകാനും കാരണമാകുന്നു. ചെടികൾക്ക് എത്രത്തോളം വെള്ളം കിട്ടുന്നുണ്ടോ അത്രത്തോളം വെളിച്ചവും ലഭിക്കേണ്ടതായി ആവശ്യമാണ്. കുറഞ്ഞത് 6 മണിക്കൂറെങ്കിലും നേരിട്ടല്ലാത്ത വെളിച്ചം റബ്ബർ പ്ലാന്റിന് ലഭിക്കേണ്ടതുണ്ട്.
വെള്ളം കുറയരുത്
അമിതമായി ഒഴിക്കരുതെന്ന് പറയുന്നതുപോലെ ചെടികൾക്ക് വെള്ളം കുറയാനും പാടില്ല. ഇത് വേരുകൾ ഉണങ്ങാനും ചെടിയും ഇലകളും നശിച്ചുപോകാനും കാരണമാകുന്നു. റബ്ബർ പ്ലാന്റിന് എപ്പോഴും ഈർപ്പം ആവശ്യമാണ്.
മാറുന്ന കാലാവസ്ഥ
കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങളും ചെടികളെ നന്നായി ബാധിക്കാറുണ്ട്. അമിതമായി ചൂടോ, തണുപ്പോ ഇല്ലാത്ത സ്ഥലത്താവണം ചെടികൾ വളർത്തേണ്ടത്.


