ഗോതമ്പ് പൊടി, അരിപ്പൊടി എന്നിവ വറുത്ത് സൂക്ഷിച്ചാൽ ദീർഘകാലം കേടുവരാതിരിക്കും. ഇത് ഈർപ്പത്തെയും പ്രാണികൾ വരുന്നതിനെയും തടയാൻ സഹായിക്കുന്നു.
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് വീടിനുള്ളിലെ ചില കാര്യങ്ങളിലും നമ്മൾ മാറ്റങ്ങൾ കൊണ്ട് വരേണ്ടതായി വരുന്നു. വീടിന്റെ ഹൃദയ ഭാഗമാണ് അടുക്കള. ഭക്ഷണ വസ്തുക്കളും, ഭക്ഷണവും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും കാലാവസ്ഥ മാറുന്ന സാഹചര്യങ്ങളിൽ ഇവ സൂക്ഷിക്കുമ്പോൾ ഇക്കാര്യങ്ങളിൽ ശ്രദ്ധ ഉണ്ടായിരിക്കണം. ചൂടായാലും തണുപ്പായാലും ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷണ സാധനങ്ങൾ പെട്ടെന്ന് കേടുവരാൻ സാധ്യതയുണ്ട്. അടുക്കള ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
സുഗന്ധവ്യഞ്ജനങ്ങൾ
ഈർപ്പം കൂടുമ്പോൾ സുഗന്ധവ്യഞ്ജനങ്ങൾ കേടായിപ്പോകാം. അതിനാൽ തന്നെ വായു കടക്കാത്ത പാത്രത്തിലാക്കി നന്നായി അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇതിന്റെ രുചി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
വറുത്ത് സൂക്ഷിക്കാം
ഗോതമ്പ് പൊടി, അരിപ്പൊടി എന്നിവ വറുത്ത് സൂക്ഷിച്ചാൽ ദീർഘകാലം കേടുവരാതിരിക്കും. ഇത് ഈർപ്പത്തെയും പ്രാണികൾ വരുന്നതിനെയും തടയാൻ സഹായിക്കുന്നു. മഴക്കാലത്ത് ഇങ്ങനെ സൂക്ഷിക്കുന്നതാണ് നല്ലത്.
വയണയില ഉപയോഗിക്കാം
അരി, പയർവർഗ്ഗങ്ങൾ, ഗോതമ്പ് പൊടി എന്നിവ സൂക്ഷിക്കുന്ന പാത്രത്തിൽ ഒന്ന് രണ്ട് വയണയില ഇട്ടുകൊടുക്കുന്നത് നല്ലതായിരിക്കും. ഇത് ഭക്ഷണ സാധനങ്ങൾ കേടുവരാതിരിക്കാനും കീടങ്ങളുടെ ശല്യം ഒഴിവാക്കാനും സഹായിക്കുന്നു.
ഉപ്പ് സൂക്ഷിക്കുമ്പോൾ
തുറന്ന പാത്രത്തിൽ ഉപ്പ് സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് ഗ്ലാസ് പാത്രത്തിൽ സൂക്ഷിക്കുന്നതാണ് നല്ലത്. കൂടാതെ ഉപ്പിലേക്ക് ഒന്ന് രണ്ട് അരികൂടെ ഇട്ടുകൊടുത്താൽ ഇത് ഈർപ്പത്തെ വലിച്ചെടുക്കാൻ സഹായിക്കും. ഇതിലൂടെ മഴക്കാലത്ത് ഉപ്പ് കട്ടപ്പിടിക്കുന്നത് ഒഴിവാക്കാനാവും.
സൂര്യപ്രകാശത്തിൽ ഉണക്കാം
മഴമാറി നിൽക്കുന്ന സമയങ്ങളിൽ ധാന്യങ്ങളും, പയർ വർഗ്ഗങ്ങളും സൂര്യ പ്രകാശത്തിൽ ഉണക്കുന്നത് നല്ലതായിരിക്കും. ഇത് പയർ വർഗ്ഗങ്ങൾ കേടുവരുന്നതും പൂപ്പൽ ഉണ്ടാകുന്നതും തടയുന്നു.
പേപ്പർ ടവൽ ഉപയോഗിക്കാം
ഫ്രിഡ്ജിന്റെ ഓരോ തട്ടിലും പേപ്പർ ടവൽ വിരിച്ചാൽ ഈർപ്പത്തെ വലിച്ചെടുക്കുകയും ഭക്ഷണ സാധനങ്ങൾ കേടുവരാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.


