വീട്ടിൽ എപ്പോഴും വൃത്തിയുണ്ടായിരിക്കേണ്ട ഇടമാണ് അടുക്കള. ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അടുക്കള അടുക്കും ചിട്ടയും ഇല്ലാതെ കിടക്കും. വൃത്തിയോടെ സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
വീട്ടിൽ എപ്പോഴും വൃത്തിയുണ്ടായിരിക്കേണ്ട ഇടമാണ് അടുക്കള. എന്നാൽ തിരക്കുകൾക്കിടയിൽ അടുക്കള എന്നും കഴുകി വൃത്തിയാക്കി സൂക്ഷിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന ചെറിയ കാര്യങ്ങളാവാം ഇത്തരത്തിൽ അടുക്കള വൃത്തികേടായി കിടക്കാൻ കാരണമാകുന്നത്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1.കൈകൾ കഴുകണം
അടുക്കള വൃത്തിയാക്കുന്നതിന് മുമ്പ് നമ്മുടെ കൈകൾ വൃത്തിയാണെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. കൈകളിൽ അഴുക്കിരുന്നാൽ അണുക്കൾ ഉണ്ടാവുകയും, അത് ഭക്ഷണത്തിലും പാത്രത്തിലും പടരാനും സാധ്യത കൂടുതലാണ്. അടുക്കള ജോലികൾ ചെയ്യുന്നതിന് മുമ്പ് കൈകൾ നന്നായി കഴുകി വൃത്തിയാക്കാം.
2. മാലിന്യങ്ങൾ
അടുക്കളയിൽ ഒരിക്കലും മാലിന്യങ്ങൾ സൂക്ഷിക്കരുത്. ഇത് അടുക്കളയിൽ ഈച്ചകളുടെയും മറ്റ് ജീവികളുടെയും ശല്യം വർധിക്കാൻ കാരണമാകുന്നു. അതിനാൽ തന്നെ അടുക്കള മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
3. ഭക്ഷണം സൂക്ഷിക്കുന്നത്
ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഭക്ഷണ സാധനങ്ങൾ പെട്ടെന്നു കേടായിപ്പോകുന്നു. കേടുവന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇത് ദുർഗന്ധം ഉണ്ടാവാനും കാരണമാകുന്നു. ചൂടും, തണുപ്പുള്ള ഭക്ഷണ സാധനങ്ങൾ അതിനനുസരിച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
4. കട്ടിങ് ബോർഡ്
കട്ടിങ് ബോർഡിൽ ധാരാളം അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഓരോ ഉപയോഗം കഴിയുമ്പോഴും കട്ടിങ് ബോർഡ് നന്നായി കഴുകി വൃത്തിയാക്കാൻ മറക്കരുത്.
5. അണുവിമുക്തമാക്കാം
മത്സ്യവും മാംസവുമൊക്കെ മുറിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ ഇടയ്ക്കിടെ അണുവിമുക്തമാക്കാൻ ശ്രദ്ധിക്കണം. ഇത്തരം വസ്തുക്കളിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് അണുവിമുക്തമാക്കാതെ ഉപയോഗിക്കുമ്പോൾ ഭക്ഷണ സാധനങ്ങളിൽ അണുക്കൾ പടരാൻ സാധ്യത കൂടുതലാണ്.


