മുഖകാന്തി വര്‍ധിപ്പിക്കാനാണ് തേൻ ഏറ്റവുമധികം ഉപയോഗിക്കുന്നത്. ഇളം ചൂടുള്ള വെള്ളത്തില്‍ അല്‍പം തേന്‍ കലര്‍ത്തി, ആ വെള്ളമുപയോഗിച്ച് നന്നായി മുഖം കഴുകുക. മുഖത്തിന് നല്ല തിളക്കം ലഭിക്കാൻ ഇത് സഹായിക്കും
ധാരാളം ഔഷധഗുണങ്ങള്‍ ഉള്ളതിനാല്‍ തന്നെ തേന്‍ കഴിക്കാന്‍ മാത്രമല്ല, മറ്റ് പല സാഹചര്യങ്ങളിലും ഉപയോഗിക്കാറുണ്ട്. പൊള്ളലേറ്റയിടങ്ങളിലും ചെറിയ മുറിവുകളിലുമെല്ലാം തേന്‍ പുരട്ടുന്നത് ഇതുകൊണ്ടാണ്. പൊതുവേ തൊലിക്ക് ഉത്തമമാണ് തേന്‍. അതിനാല്‍ തന്നെ സൗന്ദര്യസംരക്ഷണത്തിനും തേന്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഏതെല്ലാം രീതിയിലാണ് തേന്‍ സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കേണ്ടത്? ചില മാര്‍ഗങ്ങള്‍ നോക്കാം...
ഒന്ന്...
ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മുഖത്തും കഴുത്തിലും തേന്‍ വെറുതെ പുരട്ടാവുന്നതാണ്. അരമണിക്കൂറിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ പഞ്ഞി മുക്കി തുടച്ചുകളയാം. മുഖത്തിന് കാന്തി വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും.
രണ്ട്...
തേന്‍ മഞ്ഞളുമായി ചേര്‍ത്തും ഉപയോഗിക്കാവുന്നതാണ്. തേനും മഞ്ഞളും നന്നായി യോജിപ്പിച്ച് മുഖത്ത് തേക്കാം. 15 മുതല്‍ 20 മിനുറ്റ് വരെ വച്ച ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. മുഖത്തെ പാടുകള്‍ നീക്കി മുഖം മിനുപ്പുള്ളതാക്കാന്‍ സഹായിക്കുന്ന ഒരു നല്ല ഫെയ്‌സ് പാക്കാണിത്.
മൂന്ന്...

തേന്‍ തൈരില്‍ ചേര്‍ത്തും ഉപയോഗിക്കാം. തേന്‍ അല്‍പമൊന്ന് ചൂടാക്കിയ ശേഷം ഇതില്‍ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ശേഷം മുഖത്ത് തേച്ച് 10 മുതല്‍ 15 മിനുറ്റ് വരെ വച്ച്, തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ഇതും മുഖത്തെ തൊലിയുടെ കാന്തി വര്‍ധിപ്പിക്കാനാണ് സഹായിക്കുക.
നാല്...
ചെറിയ ചൂടുള്ള വെള്ളത്തില്‍ അല്‍പം തേന്‍ കലര്‍ത്തി, ആ വെള്ളമുപയോഗിച്ച് നന്നായി മുഖം കഴുകുക. മുഖത്തിന് നല്ല തിളക്കം ലഭിക്കാനാണിത്. ഏറ്റവും എളുപ്പമുള്ള മാര്‍ഗമായതിനാല്‍ പതിവായി ചെയ്യാവുന്ന ഒരു രീതി കൂടിയാണിത്.
അഞ്ച്...
തേനില്‍ അല്‍പം പാലോ അല്ലെങ്കില്‍ തൈരോ ചേര്‍ത്ത് കണ്ണിന് ചുറ്റും തേക്കുന്നത് കണ്ണിന് ചുറ്റുമുള്ള കറുത്ത വളയം ഇല്ലാതാക്കാന്‍ സഹായിക്കും. ഉറക്കക്ഷീണമോ മരുന്ന് കഴിക്കുന്നത് മൂലമോ മുഖത്ത് വീഴുന്ന കറുപ്പ് നീക്കാനും ഇത് സഹായകമാണ്.
ആറ്...

മുഖത്തെ തൊലിക്ക് മാത്രമല്ല, ചുണ്ടിനും തേന്‍ ഉത്തമമാണ്. തേന്‍ പതിവായി ചുണ്ടില്‍ തേക്കുന്നതുമൂലം ചുണ്ടിലെ തൊലി കൂടുതല്‍ നേര്‍മ്മയുള്ളതാകുന്നു. ഇത് ചുണ്ട് വരണ്ട് പൊട്ടി, കറുത്ത നിറം വീഴുന്നതിനെ ചെറുക്കുന്നു. ഇതോടെ ചുണ്ടിനെ അതിന്റെ നിറം നഷ്ടപ്പെടാതെ സംരക്ഷിക്കാനും കഴിയുന്നു.
