Asianet News MalayalamAsianet News Malayalam

ഒന്ന് സംസാരിക്കാമെന്ന് വച്ചാല്‍ ഇടയില്‍ കയറുന്ന റോബോട്ട്!

ജപ്പാനിലെ 'ഹെന്ന് നാ' എന്ന ഹോട്ടലാണ് ലോകത്തില്‍ തന്നെ ആദ്യമായി റോബോട്ടുകളെ ജോലിക്കെടുത്ത സ്ഥാപനങ്ങളില്‍ ഒന്ന്. പിന്നീടങ്ങോട്ട് എത്രയോ റോബോട്ടുകൾ. അവർക്കൊക്കെ ഇപ്പോൾ എന്ത് സംഭവിച്ചു?

hotel in japan fired 243 robots from job
Author
Tokyo, First Published Jan 24, 2019, 1:08 PM IST

ടോക്കിയോ: മനുഷ്യന്റെ കായികതയെ വെല്ലുവിളിച്ചുകൊണ്ടാണല്ലോ റോബോട്ടുകളുടെ വരവുണ്ടായത്. തൊഴില്‍ മേഖലയില്‍ മനുഷ്യവിഭവത്തിന്റെ വിനിയോഗം ഇതോടെ കുറയുമെന്ന് എല്ലാവരും കണക്കുകൂട്ടി. എന്നാല്‍ ഇതിന് ഇനിയും കുറച്ചുകാലം കൂടി കാത്തിരിക്കണമെന്നാണ് ജപ്പാനില്‍ നിന്നുള്ള ഒരു പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 

ജപ്പാനിലെ 'ഹെന്ന് നാ' എന്ന ഹോട്ടലാണ് ലോകത്തില്‍ തന്നെ ആദ്യമായി റോബോട്ടുകളെ ജോലിക്കെടുത്ത സ്ഥാപനങ്ങളില്‍ ഒന്ന്. 2015ലാണ് ഇവിടെ ആദ്യത്തെ റോബോട്ടിനെ ജോലിക്കെടുത്തത്. കൊട്ടിഘോഷിച്ച് വലിയ സംഭവമാക്കിയായിരുന്നു റോബോ തൊഴിലാളിയുടെ രംഗപ്രവേശം. 

പിന്നീട് പല പോസ്റ്റുകളിലേക്കായി 240ല്‍ അധികം റോബോട്ടുകളെ ജോലിക്കെടുത്തു. അതിഥികളെ സ്വീകരിക്കാനും അവരെ മുറിയിലേക്കാനയിക്കാനും അവരുടെ പെട്ടികള്‍ ചുമക്കാനും, അവരെ നൃത്തം ചെയ്ത് സന്തോഷിപ്പിക്കാനും മറ്റ് സേവനങ്ങള്‍ക്കുമൊക്കെ വേണ്ടിയായിരുന്നു ഇത്രയും റോബോട്ടുകളെ ജോലിക്കെടുത്തത്. 

എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഹോട്ടല്‍ അധികൃതര്‍ ഈ റോബോട്ടുകളെ മുഴുവന്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി അറിയിച്ചിരിക്കുകയാണ്. വിചാരിച്ചയത്രയും ഉപയോഗമുണ്ടായില്ലെന്ന് മാത്രമല്ല, ഉപദ്രവം കൂടി ആയതോടെയാണ് റോബോട്ടുകളെ പിരിച്ചുവിടുന്നതെന്ന് ഇവര്‍ അറിയിച്ചു. നിരവധി അതിഥികളാണത്രേ റോബോ ജീവനക്കാര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 

കൂര്‍ക്കംവലിക്കുന്ന ശബ്ദം കേട്ടാല്‍ ഗസ്റ്റിനെ വിളിച്ചുണര്‍ത്തുക. രണ്ട് പേര്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ഇതിനിടയില്‍ തടസ്സങ്ങളുണ്ടാക്കുക- അങ്ങനെ പോകുന്നു റോബോട്ടുകള്‍ക്കെതിരെ വന്ന പരാതികള്‍. ഏതായാലും ഇനിയും ഈ 'റിസ്‌ക്' ഏറ്റെടുക്കാന്‍ വയ്യെന്നാണ് ഹോട്ടല്‍ ഉടമസ്ഥര്‍ വ്യക്തമാക്കുന്നത്. 

പഴുതുകളെല്ലാമടച്ച് ഒരു കുറവുമില്ലാതെ മനുഷ്യരെ പോലെ തന്നെ റോബോട്ടുകള്‍ ജോലി ചെയ്യുന്ന പലയിടങ്ങളുമുണ്ട്. എങ്കിലും അതിലേക്കെല്ലാം എത്താന്‍ എല്ലാ തൊഴില്‍മേഖലയ്ക്കും അത്ര പെട്ടെന്നൊന്നും കഴിയില്ലെന്ന് തന്നെയാണ് ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

Follow Us:
Download App:
  • android
  • ios