ഓരോ ദിവസവും നമ്മള്‍ നമ്മളെത്തന്നെ പുതുക്കുന്നുണ്ട്. വ്യക്തിപരമായും സാമൂഹിമായും വൈകാരികമായും ഒക്കെ ആ പുതുക്കല്‍ സംഭവിക്കുന്നുണ്ട്. വളരെ പഴയ നമ്മളെ ഓര്‍ത്തെടുക്കുമ്പോള്‍ ഒരു കാലത്തെ തന്നെ നമ്മള്‍ ഓര്‍ക്കുകയാണ്

ഓരോ കാലങ്ങളിലും ഓരോ പുതുമയുമായി സമൂഹമാധ്യമങ്ങള്‍ നമുക്കിടയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. രസകരമായ കളികളും ചോദ്യോത്തരങ്ങളും, ഒളിഞ്ഞും മറഞ്ഞുമിരുന്നുള്ള എഴുത്തുകളും പങ്കിടലുകളും ഒക്കെയായി. 

ഇപ്പോള്‍ ഫേസ്ബുക്കിലാകെ തരംഗമാണ് 10 ഇയര്‍ ചലഞ്ച്. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മള്‍ എങ്ങനിരുന്നു എന്ന് വെളിപ്പെടുത്തലാണ് 10 ഇയര്‍ ചലഞ്ച്. ഇതില്‍ പങ്കെടുക്കാത്തവര്‍ തന്നെ വളരെ ചുരുക്കം. താരങ്ങള്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖരും ചലഞ്ച് സ്വീകരിച്ച് തങ്ങളുടെ പഴയകാല ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, സോനം കപൂര്‍, ദീപിക പദുക്കോണ്‍, വിക്കി കൗശല്‍... മലയാളി താരങ്ങളായ ഭാവന, നസ്രിയ... അങ്ങനെ പോകുന്നു ഈ ലിസ്റ്റ്.

എന്നാൽ ഈ കളി നല്‍കുന്ന മാനസികമായ സന്തോഷമോ സുഖമോ എന്താണെന്ന് ഓർത്തുനോക്കിയിട്ടുണ്ടോ? യഥാര്‍ത്ഥത്തില്‍ ഇതെങ്ങനെയാണ് നമ്മുടെ മാനസികാവസ്ഥയെ ബാധിക്കുന്നത്?

10 ഇയര്‍ ചലഞ്ച് ബാധിക്കുന്നത്...

മഹാഭൂരിഭാഗം പേര്‍ക്കും ഈ ചലഞ്ച് മാനസികമായ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് മനശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പ്രത്യേകിച്ച് ഒരു പ്രായം കടന്നവര്‍ക്ക്. എന്നാല്‍ എല്ലാവരിലും, അത് പ്രായം അടിസ്ഥാനപ്പെടുത്തിയാണെങ്കില്‍ പോലും ഒരുപോലെ പ്രശ്‌നങ്ങളുണ്ടാക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാലും മിക്കവാറും പേരെയും ഇത് മോശമായാണ് ബാധിക്കുകയത്രേ. 

ഓരോ ദിവസവും നമ്മള്‍ നമ്മളെത്തന്നെ പുതുക്കുന്നുണ്ട്. വ്യക്തിപരമായും സാമൂഹിമായും വൈകാരികമായും ഒക്കെ ആ പുതുക്കല്‍ സംഭവിക്കുന്നുണ്ട്. വളരെ പഴയ നമ്മളെ ഓര്‍ത്തെടുക്കുമ്പോള്‍ ഒരു കാലത്തെ തന്നെ നമ്മള്‍ ഓര്‍ക്കുകയാണ്. അല്ലെങ്കില്‍ പരസ്പരം ഓര്‍മ്മിപ്പിക്കുകയാണ്. ആത്യന്തികമായി ഇത് നഷ്ടബോധമാണ് ഓരോരുത്തരിലും തീര്‍ക്കുകയെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. 

ശാരീരകമായ മാറ്റങ്ങളെ ചൊല്ലിയാണ് മിക്കവാറും പേരും കൂടുതല്‍ നിരാശപ്പെടുകയെന്നും ഇവര്‍ പറയുന്നു. പ്രത്യക്ഷമായ മാറ്റങ്ങളെ കുറിച്ച് മറ്റുള്ളവര്‍ പറയുന്ന അഭിപ്രായങ്ങളെല്ലാം മനസ്സില്‍ വച്ച് ചിന്തകള്‍ അതില്‍ നിന്ന് ഉണ്ടാകുന്നു. സമൂഹമാധ്യമങ്ങളുടെ അമിതോപയോഗം നമ്മളിലുണ്ടാക്കുന്ന 'താരതമ്യപഠന'ത്തിനെ ആണ് ഇത് ആക്കപ്പെടുത്തുന്നത്. വര്‍ഷങ്ങള്‍ കൊണ്ട് നമുക്കുണ്ടായ മാറ്റങ്ങള്‍, മറ്റൊരു സുഹൃത്തിനുണ്ടായത്... ഇതില്‍ ഏതാണ് നല്ലത്? എന്ന് തുടങ്ങുന്ന താരതമ്യപഠനങ്ങള്‍ അങ്ങനെ നീളും. 

മാത്രമല്ല, പത്ത് വര്‍ഷക്കാലത്തിനിടയിലെ നമ്മളെ പെട്ടെന്ന് ഓര്‍ത്തെടുക്കുകയും അനുഭവങ്ങള്‍ നമ്മളിലുണ്ടാക്കിയ മാറ്റങ്ങളെ തിരിച്ചറിയുകയും ചെയ്യുന്നു. ഇതെല്ലാം വളരെ 'നോര്‍മല്‍' ആയി പൊയ്‌ക്കൊണ്ടിരുന്ന ദിവസങ്ങളെ അല്‍പമെല്ലാം അലോസരപ്പെടുത്തിയേക്കാം. ചില അനുഭവങ്ങളെല്ലാം ഒഴിവാക്കാമായിരുന്നു, എങ്കില്‍ താന്‍ ഇങ്ങനെ ആകുമായിരുന്നില്ല. ചിലതെല്ലാം നിയന്ത്രിക്കാമായിരുന്നു, ചിലത് പ്രകടമാക്കാമായിരുന്നു- എന്ന് തുടങ്ങി പല തരത്തിലുള്ള തിരുത്തലുകളും, കൂട്ടിച്ചേര്‍ക്കലുകളും മനസ്സില്‍ നടക്കുന്നു. 

പലപ്പോഴും ഇത്തരം സങ്കീര്‍ണ്ണതകളെ കുറിച്ച് നമ്മള്‍ ബോധമുള്ളവരാകുന്നില്ല എന്നതാണ് സത്യം. ട്രെന്‍ഡുകള്‍ക്കൊപ്പം നീങ്ങാനാണ് മിക്കവാറും എല്ലാവരും താല്‍പര്യപ്പെടുന്നത്. എന്നാല്‍ ഇത് എത്തരത്തിലാണ് തന്നെ ബാധിക്കുകയെന്നതിനെ കുറിച്ച് ചിന്തിക്കുന്നുമില്ല. 

അതേസമയം, മാറ്റങ്ങള്‍ അനിവാര്യമാണെന്നും അത് പ്രകൃതിയുടെ തന്നെ നിയമമാണെന്നും സ്വയം ഉള്‍ക്കൊള്ളാനുള്ള പാകതയുള്ളവരെ സംബന്ധിച്ച് വളരെ പെട്ടെന്ന് തന്നെ ഇത്തരം മാനസികമായ അസ്വസ്ഥതകള്‍ മറികടക്കാനാകുമെന്നും മനശാസ്ത്ര വിദഗ്ധര്‍ പറയുന്നു. അവര്‍ക്ക് ഇതിനെ ഒരു ഗെയിം മാത്രമായി കാണാനുമാകും. എല്ലാവരിലും ഇത്തരം പല മാറ്റങ്ങളും ഓരോ കാലത്തും കടന്നുവരുമെന്നും അതിനെ ചെറുക്കാന്‍ ആര്‍ക്കുമാവില്ലെന്നും ഇത്തരക്കാര്‍ തിരിച്ചറിയുക കൂടി ചെയ്യുന്നു.