അമിതവണ്ണമുള്ളവർക്കാണ് കൂർക്കംവലി കൂടുതലും ഉണ്ടാകാറുള്ളത്. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറച്ചാൽത്തന്നെ കൂർക്കംവലിക്ക്  ആശ്വാസം ലഭിക്കും. കൂർക്കംവലി കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ.

കൂർക്കംവലി പലർക്കും വലിയ പ്രശ്നമാണ്. ഉറങ്ങാൻ കിടന്നാൽ ഉടനെ കൂർക്കംവലിച്ച് തുടങ്ങുന്നവരാണ് പലരും.‍ കൂർക്കംവലിയുടെ പ്രധാനകാരണങ്ങളിലൊന്ന് പൊണ്ണത്തടിയും കുടവയറുമാണ്. അമിതവണ്ണമുള്ളവർക്കാണ് കൂർക്കംവലി കൂടുതലും ഉണ്ടാകാറുള്ളത്. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമീകരണത്തിലൂടെയും അമിതവണ്ണം കുറച്ചാൽത്തന്നെ കൂർക്കം വലിക്ക് ആശ്വാസം ലഭിക്കും. കൂർക്കംവലി കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ...

രാത്രി മദ്യപിക്കരുത്...

ഉറങ്ങുന്നതിന് മുമ്പ് അമിതമായി മദ്യപിക്കുന്നത് കൂര്‍ക്കംവലിക്ക് കാരണമാകുന്നുണ്ട്. തൊണ്ടയിലെ മസിലുകളെ അയയ്ക്കുകയും ഉറക്കം കൂട്ടുകയും ചെയ്യും മദ്യം.

മൂക്കടപ്പും ജലദോഷവും...

മൂക്കടപ്പും ജലദോഷവും ഉള്ളവരിലും കൂര്‍ക്കംവലി കാണാറുണ്ട്. ഇത്തരം അസുഖമുള്ളപ്പോള്‍ സ്വാഭാവികമായും ശ്വാസേച്ഛാസത്തിന് തടസ്സം നേരിടുമല്ലോ... കുട്ടികളിലാണ് ഇത്തരത്തിലുള്ള കൂര്‍ക്കം വലി കൂടുതലായി കാണുന്നത്. കുറുനാക്കിന് നീളം കൂടുതലുള്ളവരിലും ഇത്തരം പ്രശ്നം കാണുന്നുണ്ട്.

ചരിഞ്ഞു കിടന്നുറങ്ങുക...

 മലര്‍ന്നു കിടന്നുള്ള ഉറക്കവും കൂര്‍ക്കംവലിയുടെ പ്രധാന കാരണമാണ്. കാരണം മലര്‍ന്ന് കിടക്കുമ്പോള്‍ ഉറക്കത്തില്‍ നാവ് തൊണ്ടക്കുഴിയിലേക്ക് താഴ്ന്നു നില്‍ക്കും, ഇത് ശ്വസനപ്രക്രിയയെ തടസ്സപ്പെടുത്തും. കഴിയുന്നതും ചരിഞ്ഞു കിടന്നുറങ്ങുകയോ, ഉറക്കത്തില്‍ അറിയാതെ മലര്‍ന്നു കിടന്നുപോകാതിരിക്കാനുള്ള തടസ്സങ്ങള്‍ ക്രമീകരിക്കുകയോ ചെയ്യുക.

തടി കുറയ്ക്കുക...

കൂര്‍ക്കംവലിയുടെയും മറ്റ് ഉറക്കപ്രശ്‌നങ്ങളുടെയും മുഖ്യ കാരണങ്ങളിലൊന്ന് പൊണ്ണത്തടിയാണ്. തടി കുറച്ചാൽ കൂർക്കംവലി എളുപ്പം കുറയ്ക്കാം.

രാത്രി ഭക്ഷണം നേരത്തേ കഴിക്കുക...

ഉറങ്ങാന്‍ കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. നിറഞ്ഞ വയറോടെ ഉറങ്ങാന്‍ പോകുന്നത് കൂര്‍ക്കംവലി കൂട്ടും. വെെകി ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടാനുള്ള സാധ്യത കൂടുതലാണ്.