ധൃതിയില്‍ വീട്ടുജോലികള്‍ ചെയ്ത് തീര്‍ക്കുന്നതിനിടയില്‍ തിരക്കുകൂട്ടി സ്‌റ്റോര്‍ റൂമിലേക്കോ അടുക്കളയിലേക്കോ ഓടിക്കയറിയ ശേഷം, എന്തിനായിരുന്നു വന്നത് എന്ന് ഓര്‍ത്ത് അന്തിച്ചുനില്‍ക്കുന്നത്. നേരത്തേ അറിയാവുന്ന ഒരു സ്ഥലത്തിന്റെ പേര് മറ്റൊരാളോട് സംസാരിക്കുന്നതിനിടെ മറന്നുപോകുന്നത്. വീട് പൂട്ടിയിറങ്ങിയ ശേഷം മാത്രം അത്യാവശ്യമായിട്ട് കൂടെ കരുതാനുള്ള ഫോണ്‍, ലാപ്‌ടോപ്പ് പോലുള്ള സാധനങ്ങള്‍ മറന്നതായി തിരിച്ചറിയുന്നത് 

പണ്ട്, സ്‌കൂളില്‍ ഒരുമിച്ച് പഠിച്ച കൂട്ടുകാരനെ, അല്ലെങ്കില്‍ കൂട്ടുകാരിയെ അപ്രതീക്ഷിതമായി മാര്‍ക്കറ്റില്‍ വച്ച് കാണുന്നു. ചെറിയ വ്യത്യാസങ്ങളൊക്കെ വന്നിട്ടുണ്ടെങ്കിലും ആളെ കണ്ട്, തിരിച്ചറിഞ്ഞ് കൈ കൊടുത്ത് കാര്യമായി സംസാരിക്കുന്നു. എന്നാല്‍ സംസാരിച്ച് പിരിഞ്ഞ് കഴിഞ്ഞിട്ടും അയാളുടെ പേര് ഓര്‍ക്കാനാകുന്നില്ല. ചോദിക്കാനുള്ള മടി കൊണ്ട് ചോദിക്കുന്നുമില്ല. 

ജീവിതത്തില്‍ ഒരു തവണയെങ്കിലും ഇത്തരത്തിലൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. ഇതില്‍ സഹപാഠിയുടെ പേര് മറന്നുപോകുന്നയാള്‍ പെട്ടെന്ന് ധരിക്കുന്നത് ഇതെനിക്ക് മാത്രമുള്ള പ്രശ്‌നമാണല്ലോയെന്നാണ്. എന്നാല്‍ അത് അങ്ങനെയാണോ? ഇത്തരം മറവികള്‍ നമുക്ക് മാത്രമേയുള്ളൂവെന്ന ചിന്തയുണ്ടോ?

മറ്റുചില സാഹചര്യങ്ങള്‍ കൂടി പറയാം. ധൃതിയില്‍ വീട്ടുജോലികള്‍ ചെയ്ത് തീര്‍ക്കുന്നതിനിടയില്‍ തിരക്കുകൂട്ടി സ്‌റ്റോര്‍ റൂമിലേക്കോ അടുക്കളയിലേക്കോ ഓടിക്കയറിയ ശേഷം, എന്തിനായിരുന്നു വന്നത് എന്ന് ഓര്‍ത്ത് അന്തിച്ചുനില്‍ക്കുന്നത്. നേരത്തേ അറിയാവുന്ന ഒരു സ്ഥലത്തിന്റെ പേര് മറ്റൊരാളോട് സംസാരിക്കുന്നതിനിടെ മറന്നുപോകുന്നത്. വീട് പൂട്ടിയിറങ്ങിയ ശേഷം മാത്രം അത്യാവശ്യമായിട്ട് കൂടെ കരുതാനുള്ള ഫോണ്‍, ലാപ്‌ടോപ്പ് പോലുള്ള സാധനങ്ങള്‍ മറന്നതായി തിരിച്ചറിയുന്നത്- ഇത്തരം സാഹചര്യങ്ങളും സര്‍വ്വസാധാരണമായി സംഭവിക്കാറുള്ളതാണ്. 

ഇവിടെയെല്ലാം സംഭവിക്കുന്ന മറവി യഥാര്‍ത്ഥത്തില്‍ അപകടകരമായ മറവി തന്നെയാണോ? 

പ്രായം കൂടുന്നതിന് അനുസരിച്ച് ഓര്‍മ്മശക്തിക്ക് ചെറിയ തോതിലുള്ള ക്ഷയം സംഭവിച്ചേക്കാം. എന്നാല്‍ ഇത് സംഭവിക്കുമെന്ന് നിര്‍ബന്ധവുമില്ല. പക്ഷേ സാധാരണഗതിയില്‍ ഓര്‍മ്മശക്തിയില്‍ പ്രശ്‌നം സംഭവിക്കാറ് പ്രായാധിക്യം മൂലമാണ്. ഇതല്ലാത്ത അവസ്ഥയാണ് മറവിരോഗമായി കണക്കാക്കപ്പെടാറ്. ആദ്യം സൂചിപ്പിച്ച മറവിയുടെ സാഹചര്യങ്ങളെല്ലാം 90 ശതമാനവും 'നോര്‍മല്‍' ആണെന്നാണ് ന്യൂറോ സ്‌പെഷ്യലിസ്റ്റായ ഡോ. വി.പി സിംഗ് പറയുന്നത്. 

ഒരു വ്യക്തിയുടെയോ ഒരു സ്ഥലത്തിന്റെയോ പേര് പെട്ടെന്ന് ഓര്‍മ്മിക്കാന്‍ കഴിയാത്തതില്‍ അത്ര വേവലാതിപ്പെടേണ്ട കാര്യമില്ലെന്നാണ് ഡോ.വി.പി സിംഗ് അഭിപ്രായപ്പെടുന്നത്. ഇത്തരം മറവികള്‍ സാധാരണമത്രേ. മാത്രമല്ല, തിരക്കിട്ട ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരാണെങ്കില്‍ തീര്‍ച്ചയായും ഇത്തരം മറവികള്‍ കണ്ടേക്കുമെന്നും ഡോ.വി.പി സിംഗ് സൂചിപ്പിക്കുന്നു. വിഷാദം, ഉത്കണ്ഠ- തുടങ്ങിയ മാനസിക വിഷമതകള്‍ ഉള്ളവരാണെങ്കില്‍ തനിക്ക് മറവിയുള്ളതായി സ്വയംവിശ്വസിക്കുന്ന അവസ്ഥയും ഉണ്ടായേക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

മറവികളെ പെട്ടെന്ന് തിരിച്ചറിയാനും മറവിരോഗത്തെ പറ്റി അറിയാനുമായി ചില സാഹചര്യങ്ങളെ സാധാരണ മറവിയായിട്ടും, ചിലതിനെ അസാധാരണ മറവി, അഥവാ രോഗസാധ്യതയയായിട്ടും ഡോക്ടര്‍മാര്‍ തരം തിരിച്ചിരിക്കുന്നു. 



'നോര്‍മല്‍' ആയ ചില മറവികള്‍

നിത്യജീവിതത്തിലെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കാത്ത തരത്തിലുള്ള മറവികള്‍.

എന്തെല്ലാം മറവികളാണ് അനുഭവിക്കുന്നതെന്ന് എണ്ണിയെണ്ണിപ്പറയാന്‍ കഴിയുന്നുണ്ടെങ്കില്‍ അത് ഗുരുതര പ്രശ്‌നമായി കണക്കാക്കുകയേ വേണ്ട.

പരിചയമുള്ള സ്ഥലങ്ങളിലേക്കെത്താന്‍ ബുദ്ധിമുട്ടാതെ മറിച്ച്, ചില വഴികള്‍ മാത്രം മറന്നുപോകുന്നത്. 

മറ്റുള്ളവരോട് നന്നായി സംസാരിക്കാനാകും, പക്ഷേ ഇടയ്ക്ക് ചില വാക്കുകള്‍ക്ക് തപ്പല്‍ ഉണ്ടാകുന്നത്.

എന്ത് സംഭവിച്ചാലും, കാര്യങ്ങളില്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയും. 

'അബ്‌നോര്‍മല്‍' ആയ ചില മറവികള്‍

നിത്യജീവിതത്തിലെ പ്രവര്‍ത്തനങ്ങള്‍ പോലും ചെയ്യാന്‍ മറന്നുപോകുന്നത്. 

എന്തെല്ലാം കാര്യങ്ങളാണ് മറന്നുപോകാറുള്ളതെന്ന് പറയാന്‍ കഴിയാത്ത സാഹചര്യം. 

ചില വഴികള്‍ മാത്രമല്ല, പരിചയമുള്ള സ്ഥലങ്ങള്‍ പോലും മറന്നുപോകുന്നത്. 

മറ്റുള്ളവരുമായി സംസാരിക്കാന്‍ കഴിയാത്ത അവസ്ഥ. വാക്കുകള്‍ സ്ഥിരമായി മറന്നുപോവുകയും, അത് സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ. 

ഒരു കാര്യത്തിലും സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയാതിരിക്കുന്ന സാഹചര്യം. പിന്നീട് അതുവഴി തിരിച്ചടികള്‍ നേരിട്ടേക്കാം