മുടി തഴച്ച് വളരാൻ ഏറ്റവും നല്ലതാണ് ചെമ്പരത്തി ഹെയര്‍ ഓയില്‍. ചെമ്പരത്തി എണ്ണ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം  

ചെമ്പരത്തി പൂവും ചെടിയും ഒരു പോലെ ഔഷധ​ഗുണമുള്ള ഒന്നാണ്. എല്ലാവീടുകളിലും ചെമ്പരത്തി ചെടി ഉണ്ട്. എന്നാൽ ചെമ്പരത്തി പൂവ് കൊണ്ട് എണ്ണ ഉണ്ടാക്കാൻ ആരും മിനക്കെടാറില്ല എന്നതാണ് സത്യം. ചെമ്പരത്തിപ്പൂവില്‍ നിന്നുള്ള നീര് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് നല്ലതാണ്. പൂവിന്റെ സത്ത് കുടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പ് അകറ്റാനും കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ലതാണ്. 

ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ശരീരത്തിലെ കൊഴുപ്പകറ്റാനും നല്ലതാണ്. രോഗ പ്രതിരോധശേഷിക്കും ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനും ഇത് നല്ലതാണ്. വെളള ചെമ്പരത്തി കണ്ണുകള്‍ക്കുണ്ടാകുന്ന സമ്മർദ്ദം കുറയ്ക്കാന്‍ നല്ലതാണ്. മുഖത്തെ കറുത്ത പാടുകൾ മാറാൻ ചെമ്പരത്തി പൂവ് ഉപയോ​ഗിക്കുന്നത് ഏറെ നല്ലതാണ്. അത് പോലെ തന്നെയാണ് തലയിലെ താരൻ അകറ്റാനും ചെമ്പരത്തി പൂവ് ​ഗുണം ചെയ്യും. 

ദിവസവും ചെമ്പരത്തി തലയിൽ തേച്ച് പിടിപ്പിച്ചാൽ അകാലനര മാറാൻ ഏറെ നല്ലതാണ്. മുടി തഴച്ച് വളരാൻ ഏറ്റവും നല്ലതാണ് ചെമ്പരത്തി ഹെയര്‍ ഓയില്‍. ചെമ്പരത്തി ഹെയര്‍ ഓയില്‍ വീട്ടിൽ തന്നെ ഉണ്ടാക്കാനാകും. ചെമ്പരത്തി ഹെയര്‍ ഓയില്‍ ഉണ്ടാക്കുന്ന വിധം എങ്ങനെയാണെന്ന് നോക്കാം.

ഉണ്ടാക്കാൻ വേണ്ട ചേരുവകൾ:

ചെമ്പരത്തി പൂക്കൾ - 8 എണ്ണം

ചെമ്പരത്തി പൂവിന്റെ ഇലകൾ - ആവശ്യത്തിന്

വെളിചെണ്ണ - 1 കപ്പ്

തയ്യാറാക്കുന്ന വിധം :

 ആദ്യം വെളിച്ചെണ്ണ തിളപ്പിക്കാൻ വയ്ക്കുക. അത് കഴിഞ്ഞ് ചെമ്പരത്തി പൂക്കളെയും ഇലകളെയും കഴുകി വൃത്തിയാക്കുക. പൂക്കളും ഇലകളും നല്ലപ്പോലെ അരിഞ്ഞെടുക്കുക. ശേഷം തിളച്ച വെളിച്ചെണ്ണയിൽ അരിഞ്ഞ് വച്ചിരിക്കുന്ന ചെമ്പരത്തി പൂക്കളും ഇലകളും ചേർക്കുക. രണ്ട് മിനിറ്റ് ചൂടാക്കുക. പാന്‍ അടച്ച് മൂടിവയ്ക്കാൻ മറക്കരുത്. നല്ല പോലെ തിളച്ച് കഴിഞ്ഞാൽ തണുപ്പിക്കാനായി വയ്ക്കുക. 

നല്ല പോലെ തണുത്ത ശേഷം അരിപ്പ് ഉപയോ​ഗിച്ച് അരിച്ചെടുക്കുക. എല്ലാം കഴിഞ്ഞ് എണ്ണ കുപ്പികളില്‍ ഒഴിച്ച് സംഭരിക്കുകയും ആവശ്യനുസരണം 2-3 ടേബിള്‍സ്പൂണ്‍ ഉപയോ​ഗിക്കുകയും ചെയ്യാം. തലയോട്ടിയില്‍ നല്ല പോലെ തേച്ച് പിടിപ്പിക്കാൻ ശ്രമിക്കുക. ശേഷം നല്ല പോലെ മസാജ് ചെയ്യുകയും വേണം . അവസാനം ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ഇങ്ങനെ ചെയ്യുന്നത് മുടിയുടെ വളര്‍ച്ചയ്ക്ക് വളരെ നല്ലതാണ്.