ദേഷ്യം വരാത്തവരായി ആരുമുണ്ടാകില്ല. ദേഷ്യം നിയന്ത്രിക്കുന്നതിലാണ് കാര്യം. പലര്‍ക്കും പറ്റാത്തതും അതുതന്നെയാണ്. ദേഷ്യവും എടുത്തുചാട്ടവും ബുദ്ധിമുട്ടിക്കുന്നവര്‍ ആദ്യം മനസ്സിലാക്കേണ്ടത് ഇതിന്‍റെ കാരണം എന്താണ് എന്നാണ്. കാരണം കണ്ടെത്തി അത്തരം സാഹചര്യത്തില്‍ പ്രതികരിക്കാതെ സൂക്ഷിക്കുക. ദേഷ്യം നിങ്ങളുടെ മാനസികാരോഗ്യം മാത്രമല്ല ശാരീരികമായും ദോഷം ചെയ്യും. 

ദേഷ്യം നിയന്ത്രിക്കാന്‍ ഈ വഴികള്‍ നിങ്ങളെ സഹായിക്കും. 

കാരണങ്ങളെ അകറ്റൂ 

ദേഷ്യത്തിന്‍റെ കാരണം കണ്ടെത്തി അത്തരം സാഹചര്യത്തില്‍ ചെന്നുപെടാതെ ശ്രദ്ധിക്കുക. അത്തരം സാഹചര്യങ്ങളിന്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.

എണ്ണിത്തീര്‍ക്കാം ദേഷ്യത്തെ 

ദേഷ്യം വന്നാല്‍ നൂറുമുതല്‍ ഒന്നു വരെ പിറകോട്ട് എണ്ണുക. കുറച്ചു കഴിയുമ്പോള്‍ ദേഷ്യം കുറയും. 

മനസ്സിനോട് സംസാരിക്കാം

മനസ്സിനോട് ശാന്തമാവൂ, അടങ്ങൂ എന്നൊക്കെ പറഞ്ഞ് സ്വയം റിലാക്‌സ് ആവാം. ദേഷ്യം ഉണ്ടാക്കുന്ന കാര്യങ്ങള്‍ മനപൂര്‍വ്വം മറന്നു കളയുകയോ മറ്റെന്തെങ്കിലും ചിന്തിച്ച് ശ്രദ്ധ തിരിക്കുകയോ ചെയ്യാം. 

ദീര്‍ഘനിശ്വാസം എടുക്കൂ

 5-6 തവണ ദീര്‍ഘമായി ശ്വാസം ഉള്ളിലേക്കെടുത്ത് പതിയെ നിശ്വസിച്ച് മനസ്സിനെ സ്വന്തം കൈപ്പിടിയില്‍ ഒതുക്കാം. ആലോചിക്കാം, കണ്ടെത്താം. എന്തുകൊണ്ട് ദേഷ്യം വന്നുവെന്ന്. 

സ്വയമറിഞ്ഞ് തിരുത്താം 

സ്വന്തം ശൈലികളിലെ പോരായ്മകളും പൊരുത്തക്കേടുകളും തിരിച്ചറിയുക. അവ ചുമന്നു കൊണ്ടു നടക്കാതെ തിരുത്തുക. 

മൗനവ്രതം ഭൂഷണം 

ദേഷ്യം വന്നുവെന്ന് ആദ്യമറിയാന്‍ കഴിയുന്നത് നമുക്ക് തന്നെയാണ്. അത് തിരിച്ചറിഞ്ഞയുടന്‍ മിണ്ടാതിരിക്കുക എന്നതാണ് ഇതിനുള്ള ഏറ്റവും നല്ല ഒറ്റമൂലി.