സ്ത്രീകൾ എല്ലാവരും ലിപ്  ബാം ഉപയോ​ഗിക്കുന്നവരാണ്. വ്യത്യസ്ത നിറങ്ങളിലും സു​ഗന്ധത്തിലുമുള്ള ലിപ്  ബാമുകൾ വിപണികളിൽ സജീവമാണ്. എന്നാൽ പുറത്ത് നിന്ന് വാങ്ങുന്ന ലിപ്  ബാമിൽ കൂടുതലും രാസപദാർത്ഥങ്ങൾ ചേർത്താണ് വിപണിയിലെത്തുന്നത്.  മറ്റ് രാസപദാർത്ഥങ്ങളൊന്നും ചേർക്കാതെ വീട്ടിൽ തന്നെ ലിപ്  ബാം ഉണ്ടാക്കാൻ സാധിക്കും. ഇന്ന് വിപണികളിൽ കൂടുതലായി കണ്ട് വരുന്ന ഒന്നാണ് ചോക്ലേറ്റ് ലിപ് ബാം. ചോക്ലേറ്റ് ലിപ് ബാം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചോക്ലേറ്റ് ലിപ് ബാം ഉണ്ടാക്കാൻ വേണ്ട ചേരുവകൾ...

മെഴുക് 1 ടീസ്പൂൺ

 വെളിച്ചെണ്ണ 1/2 ടീസ്പൂൺ

 ഷീ ബട്ടർ 1/2 ടീസ്പൂൺ

കൊക്കോ ബട്ടർ 1/2 ടീസ്പൂൺ 

തേൻ 1/2 ടീസ്പൂൺ 

കൊക്കോ പൗഡർ 1 ടീ സ്പൂൺ 

വിറ്റാമിൻ ഒായിൽ 1/2 ടീ സ്പൂൺ

ഉണ്ടാക്കുന്ന വിധം...

ആദ്യം ഷീ ബട്ടറും കൊക്കോ ബട്ടറും വെളിച്ചെണ്ണയും ഒരുമിച്ച് ചേർത്ത് ചൂടാക്കുക. പാത്രത്തിന്റെ അടിയിൽ പിടിക്കാതെ നോക്കണം. 20 മിനിറ്റ് ഇളക്കി കൊടുക്കുകയും വേണം. ചൂടായി കഴിഞ്ഞാൽ മെഴുക് ചേർത്ത് വീണ്ടും ഇളക്കുക. മെഴുക് പൂർണമായി ഉരുകിയ ശേഷം തണുപ്പിക്കാൻ വയ്ക്കുക. തണുത്ത ശേഷം വിറ്റാമിൻ ഓയിലും തേനും കൊക്കോ പൗ‌‌ഡറും ചേർത്ത് ഇളക്കുക. മൂന്ന് മണിക്കൂർ കഴിഞ്ഞ് കട്ടിയായ ശേഷം ഉപയോ​ഗിക്കാം. ചുണ്ടുകൾക്ക് ഭം​ഗി കൂട്ടുന്നതിനുള്ള ചോക്ലേറ്റ് ലിപ് ബാം തയ്യാറായി.