കൊളസ്‌ട്രോള്‍ കൂടുന്നതിന് മാംസാഹാരം ഒരു പ്രധാന ഘടകമാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. കൊളസ്‌ട്രോള്‍ കൂടുമ്പോഴാണ് പലരും ഭക്ഷണകാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നത്. രക്തം പരിശോധിച്ച് കൊളസ്‌ട്രോള്‍ കൂടുതലാണെന്ന റിപ്പോര്‍ട്ട് കിട്ടി കഴിഞ്ഞാല്‍ പലരും ഇഷ്‌ട ഭക്ഷണമായ ഇറച്ചി വിഭവങ്ങള്‍ ഒഴിവാക്കും. എന്നാല്‍ ഇറച്ചി കഴിച്ചുകൊണ്ട് എങ്ങനെ കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ സാധിക്കും? ഇതിനായി ചില കാര്യങ്ങള്‍ പറഞ്ഞുതരാം...

മല്‍സ്യം കഴിക്കാം...

നിങ്ങള്‍ കഴിക്കുന്ന ഇറച്ചി വിഭവങ്ങളേക്കാള്‍ കൂടുതല്‍ മല്‍സ്യം ദിവസവും കഴിക്കുക. ഒമേഗ ത്രീ ഫാറ്റി ആസിഡ് ഉള്ള അയല, ചൂര, മത്തി(ചാള) ഇത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

മുട്ട കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക...

മുട്ടയുടെ മഞ്ഞക്കരു പൂര്‍ണമായും ഒഴിവാക്കുക. മുട്ടയുടെ വെള്ള ആഴ്‌ചയില്‍ രണ്ടു മൂന്നു തവണ മാത്രം കഴിക്കുക.

മാംസത്തിലെ പുറംതൊലി കളയുക...

ബീഫ്, ചിക്കന്‍, മട്ടണ്‍ എന്തുമാകട്ടെ, അവയിലെ പുറംതൊലിയിലാണ് കൊഴുപ്പ് അടിയുന്നത്. അതുകൊണ്ടുതന്നെ വേവിക്കാനായി തയ്യാറാക്കുമ്പോള്‍ പുറംതൊലി കളയാന്‍ ശ്രദ്ധിക്കുക.

പച്ചക്കറിയുടെ പ്രാധാന്യം...

ഇറച്ചി വിഭവങ്ങളുടെ അളവ് കുറച്ച് പകരം പച്ചക്കറികള്‍ കൂടുതലായി കഴിക്കുക. ബീന്‍സ്, പയറുവര്‍ഗങ്ങള്‍, കടല വിഭവങ്ങള്‍ എന്നിവ കൂടുതലായി കഴിക്കണം. ചീര, പാലക്, മുരിങ്ങയില തുടങ്ങിയ ഇലക്കറികളും കൂടുതലായി കഴിക്കണം.

പഴങ്ങള്‍...

ദിവസവും കൂടുതല്‍ പഴ വര്‍ഗങ്ങള്‍ കഴിക്കുക. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിലുള്ള ഇടവേളയില്‍ പഴങ്ങള്‍ കഴിക്കുക. അതുപോലെ അത്താഴഭക്ഷണം പഴങ്ങളാക്കുന്നതും വളരെ നല്ലതാണ്. ചയാപചയപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും ദഹനം എളുപ്പമാക്കാനും ഇത് സഹായിക്കും.

സംസ്ക്കരിച്ച മാംസവിഭവങ്ങള്‍ ഒഴിവാക്കുക...

മാംസാഹാരം കറിവെച്ച് മാത്രം കഴിക്കുന്നതാണ് നല്ലത്. പൊരിച്ചതും വറുത്തതും സംസ്ക്കരിച്ചതുമായ മാംസവിഭവങ്ങള്‍ ഒഴിവാക്കുക. ചിക്കന്‍റോള്‍, ബര്‍ഗര്‍, പിസ എന്നിവ ഒഴിവാക്കുക.