തിരക്കേറിയ ജീവിതവും ജോലിയും കാരണം ഇന്ന് ഒട്ടുമിക്ക ആളുകളും കടുത്ത മാനസിക സമ്മര്‍ദ്ദത്തിന്റെ പിടിയിലാണ്. മാനസിക സമ്മര്‍ദ്ദം അധികമാകുന്നത് നമ്മുടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിക്കാം.
മാനസിക സമ്മർദ്ദം പലരേയും പലരീതിയിലാണ് ബാധിക്കാറുള്ളത്. ജോലിഭാരം, കുടുംബ പ്രശ്നങ്ങൾ എന്നിങ്ങനെ കാരണങ്ങള്‍ പലതാണ്. മാനസിക സമ്മർദ്ദം കൂടുതല്‍ അനുഭവിക്കുന്നത് സ്ത്രീകളാണെന്നാണ് മിക്ക പഠനങ്ങള്‍ പറയുന്നത്. വീട്ടിലെ ഉത്തരവാദിത്തത്തിനൊപ്പം ജോലിസ്ഥലത്തെ ടെന്‍ഷന്‍ കൂടിയാകുമ്പോള്‍ പലരിലും
മാനസിക സമ്മർദ്ദം നിയന്ത്രണാതീതമാകുന്നു.
ടെന്‍ഷനും സങ്കടങ്ങളും പങ്കുവെയ്ക്കാന്‍ അവസരമില്ലാതാകുന്നത് സ്ഥിതി ഗുരുതരമാക്കും. അണുകുടുംബങ്ങളില്‍ പലപ്പോഴും കുട്ടികളും ഈ പ്രശ്നം അനുഭവിക്കുന്നു. നിയന്ത്രിക്കാനാകാത്ത ദേഷ്യവും സങ്കടവുമൊക്കെയാണ് മാനസിക
സമ്മർദ്ദത്തിന്റെ ലക്ഷണങ്ങള്‍. ഹോര്‍മോണ്‍ വ്യതിയാനവും മാനസിക സമ്മർദ്ദത്തിന്റെ കാരണമാകാം. ദൂരയാത്രകൾ
മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് വിദ്ഗധർ പറയുന്നത്.
കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ ഇഷ്ടപ്പെട്ട സ്ഥലങ്ങളോ ആരാധനാലയങ്ങളോ സന്ദര്‍ശിക്കാം. സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഹോബികള്‍ വളര്‍ത്തുക. കുറേകാര്യങ്ങള്‍ ചെയ്യാനുണ്ടാകുമ്പോള്‍ ടെന്‍ഷനടിക്കാതെ മുന്‍ഗണനാക്രമം നിശ്ചയിച്ച് കാര്യങ്ങള്‍ ചെയ്തുതീര്‍ക്കുക.

മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ ചെയ്യേണ്ടത്...
1. പുകവലിയും മദ്യപാനവും മാനസികസമ്മര്‍ദ്ദത്തിന് താല്‍ക്കാലിക ആശ്വാസം നല്‍കിയേക്കാമെങ്കിലും ഈ ദുശ്ശീലങ്ങള്‍ കാലക്രമത്തില്‍ മാനസികസമ്മര്‍ദ്ദം വഷളാവാന്‍ മാത്രമേ ഉപകരിക്കൂ.
2. പതിവായ വ്യായാമം തലച്ചോറിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ദുശ്ചിന്തകളെ അകറ്റാനും ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
3. വേണ്ടത്ര ഉറങ്ങുന്നത് മാനസികസമ്മര്‍ദ്ദം തടയുന്നതിന് വളരെ ഉപകാരപ്രദമാണ്.
4. ഏതു തിരക്കുകള്‍ക്കിടയിലും ഇഷ്ടവിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ കുറച്ചു സമയം മാറ്റിവെക്കുന്നത് മാനസികസമ്മര്‍ദ്ദം തടയാന്‍ സഹായിക്കും.
5. വിവിധ റിലാക്സേഷന്‍ വിദ്യകള്‍ക്കായി സമയം കണ്ടെത്തുന്നത് നല്ലതാണ്. പാട്ടുകള്‍ കേള്‍ക്കുക, കണ്ണുകളടച്ച് ദീര്‍ഘമായി ശ്വസിക്കുക, നമുക്ക് മനശ്ശാന്തി തരുന്ന സ്ഥലങ്ങളെ മനസ്സില്‍കാണുക (creative visualization), യോഗ ചെയ്യുക തുടങ്ങിയവ ക്ഷീണം അകറ്റാനും ഏകാഗ്രത വര്‍ദ്ധിക്കാനും നല്ല ഉറക്കം കിട്ടാനും ഉപകരിക്കും.
