വിദേശത്ത് തൊഴിലവസരങ്ങൾ ലഭിക്കുമ്പോഴോ, അന്യരാജ്യത്തുള്ള ബന്ധുക്കളെ സന്ദർശിക്കാനോ ഉള്ള അവസരങ്ങൾ വരുമ്പോഴാണ് പലരും പാസ്‌പോർട്ടിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യുന്നത്. പണ്ടത്തെപ്പോലയല്ല, ഇന്ന് പാസ്‌പോർട്ട് എടുക്കുന്നത് കുറേക്കൂടി എളുപ്പമാണ്. ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതുകൊണ്ട്, ഏജൻസിയുടെ സഹായമില്ലാതെ തന്നെ ഏതൊരാൾക്കും പാസ്പോർട്ട് അനായാസം സ്വന്തമാക്കാനാകും. പാസ്‌പോർട്ട് എടുക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം...
1, www.passportindia.gov.in എന്ന വെബ്സൈറ്റ് ലോഗിൻ ചെയ്ത് ഓൺലൈനായി ഇ-ഫോറം വഴി അപേക്ഷ സമർപ്പിക്കണം. അതിന്‍റെ പ്രിന്റൗട്ട് എടുത്തുവെക്കുക. ഓൺലൈനായി അപേക്ഷ സമർപ്പിക്കുമ്പോൾ ഈ പ്രിന്റൗട്ടും ആവശ്യമായ രേഖകളുമായി പാസ്‌പോർട്ട് സേവാകേന്ദ്രത്തിൽ അപേക്ഷകൻ ഹാജരാകേണ്ട തീയതിയും സമയവും സംബന്ധിച്ച അറിയിപ്പ് ലഭിക്കും. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, മലപ്പുറം, കോഴിക്കോട് എന്നീ പാസ്‌പോർട്ട് ഓഫീസുകളുടെ കീഴിൽ 13 സേവാകേന്ദ്രങ്ങളാണുള്ളത്.
ഫീസ്
ഓൺലൈൻ അപേക്ഷയ്ക്കൊപ്പം നിർദ്ദിഷ്ട ഫീസും ഇ-പേമെന്‍റായി അടയ്ക്കണം. 36 പേജുള്ള പാസ്‌പോർട്ടിന് 1500 രൂപയും 60 പേജുള്ള പാസ്‌പോർട്ടിന് 2000 രൂപയുമാണ് ഫീസ്. ഇനി ഒരു ദിവസംകൊണ്ട് ലഭ്യമാകുന്ന തത്കാൽ പാസ്‌പോർട്ട് ആണ് വേണ്ടതെങ്കിൽ ചെലവ് കൂടും. 36 പേജുള്ള തത്കാൽ പാസ്‌പോർട്ടിന് 3500 രൂപയും 60 പേജുള്ള തത്കാൽ പാസ്‌പോർട്ടിന് 4000 രൂപയുമാണ് ഫീസ്.
പാസ്‌പോർട്ട് എപ്പോൾ ലഭിക്കും?
സാധാരണഗതിയിലുള്ള പാസ്‌പോർട്ട് 20 ദിവസത്തിനുള്ളിലും തത്കാൽ പാസ്‌പോർട്ട് ഒരു ദിവസംകൊണ്ടും ലഭ്യമാകും.
ആവശ്യമായ രേഖകൾ
പാസ്‌പോർട്ട് സേവാകേന്ദ്രത്തിൽ നിർദ്ദിഷ്ട തീയതിയിൽ അപേക്ഷകൻ നേരിട്ട് ഹാജരാകണം. ജനനതീയതി തെളിയിക്കുന്ന രേഖ(എസ്എസ്എൽസി ബുക്ക്), ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ(ഇലക്ഷൻ ഐഡി കാർഡ്), മേൽവിലാസം തെളിയിക്കുന്ന രേഖ(ഇലക്ഷൻ ഐഡി കാർഡ് അല്ലെങ്കിൽ ആധാർ), പൌരത്വം തെളിയിക്കുന്ന രേഖ(ഇലക്ഷൻ ഐഡി കാർഡ്) എന്നിവയാണ് ഹാജരാക്കേണ്ടത്. മേൽപ്പറഞ്ഞ രേഖകളുടെ അസൽ കോപ്പിയും ഫോട്ടോ കോപ്പിയും കരുതണം.
കുട്ടികൾക്ക് പ്രത്യേക പാസ്‌പോർട്ട്
15 വയസ് മുതൽ 18 വയസ് പ്രായമുള്ള അപേക്ഷകരെ മൈനറായാണ് കണക്കാക്കുക. ഇവർക്ക് ലഭിക്കുന്ന പാസ്‌പോർട്ടിന്റെ കാലാവധി 10 വർഷമായിരിക്കും. 15 വയസിൽ താഴെയുള്ള കുട്ടികൾക്കും പാസ്‌പോർട്ട് ആവശ്യമാണ്. കുട്ടികളുടെ പാസ്‌പോർട്ടിനായി അപേക്ഷിക്കുമ്പോൾ മാതാപിതാക്കളുടെ വാലിഡ് പാസ്‌പോർട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് അപേക്ഷയോടൊപ്പം നൽകണം. കുട്ടികളുടെ പാസ്‌പോർട്ടിന് അഞ്ച് വർഷമാണ് കാലാവധി.
