മൈഗ്രേന്‍ തലവേദന പലരുടെയും പ്രശ്നമാണ്. മൈഗ്രേന്‍ അഥവ ചെന്നിക്കുത്ത് വന്നാല്‍ അസഹ്യമായ വേദനയാണ് ഉണ്ടാവുക. മരുന്ന് കഴിച്ചാല്‍ പോലും തലവേദന നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ കുറെയൊക്കെ ഇത് നിയന്ത്രിക്കാന്‍ സാധിക്കും. മൈഗ്രേന്‍ വരുന്നതിന് മുമ്പേ തടയാനുളള ആറ് വഴികള്‍ നോക്കാം. 

1. അമിത വെളിച്ചവും ശബ്​ദവും ഒഴിവാക്കാം

അമിത വെളിച്ചവും അധിക ശബ്​ദവുമുളള സ്ഥലങ്ങളില്‍ നിന്ന് കഴിയുന്നതും മാറി നില്‍ക്കുക. അമിത വെളിച്ചവും ശബ്​ദവും പലപ്പോഴും തലവേദനയ്ക്ക് കാരണമാകാറുണ്ട്. രാതികാലങ്ങളിലെ ഡ്രൈവിങ് ഒഴിവാക്കുക. അതുപോലെ തന്നെ ഫോണിന്‍റെയും ലാപി​ന്‍റെയും സ്​ക്രീനിലെ വെളിച്ചം കുറക്കാൻ ശ്രദ്ധിക്കുക. സൂര്യ​ന്‍റെ അമിത വെളിച്ചത്തിൽ നിന്നും നൈറ്റ്​ ക്ലബുകളിൽ നിന്നും ഒഴിവാകാൻ ശ്രദ്ധിക്കുക. 

2. ഭക്ഷണക്രമം

ആഹാരവും മൈഗ്രേന് ഒരു ഘടകമാണ്. ചില ഭക്ഷണങ്ങൾ തലവേദനയുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചോക്ലേറ്റ് , റെഡ് വൈന്‍, ചീസ്, പ്രോസസ്​ ചെയ്​ത മാംസം എന്നിവ ഒഴിവാക്കുക. ഏതെങ്കിലും ആഹാരം കഴിക്കുമ്പോള്‍ തലവേദന വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. 

3. ഹോർമോൺ വ്യതിയാനങ്ങൾ ശ്രദ്ധിക്കുക

സ്​ത്രീകളില്‍ ആര്‍ത്തവസമയത്ത് മൈ​​ഗ്രേൻ അസഹ്യമായേക്കാം. ആര്‍ത്തവ കാലത്ത്​ എപ്പോഴും ഇത്​ സംഭവിക്കാം. ആർത്തവകാലം അടുക്കാറാകുമ്പോള്‍ ഓർത്തുവെച്ച്​ മുൻകരുതലുകൾ സ്വീകരിക്കുക. 

4. കാലാവസ്ഥ

കാലാവസ്ഥയും മൈഗ്രേന് കാരണമാകാം. അമിതമായ ചൂട്, തണുപ്പ്, മഴ ഇവയൊക്കെ കാരണമാകാം. 

5. വെളളം ധാരാളം കുടിക്കുക

ശരീരത്തില്‍ വെളളത്തി​ന്‍റെ അളവ് കുറഞ്ഞാലും മൈഗ്രേന്‍ വരാം. അതിനാല്‍ വെളളം ധാരാളം കുടിക്കുക. 

6. സമ്മര്‍ദം കുറക്കുക

മാനസികസമ്മര്‍ദം ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. നന്നായി ഉറങ്ങുക. മനസിന് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.