സോള്‍: ഏറ്റവും ഭയപ്പെടുത്തുന്നതെന്തെന്ന ചോദ്യത്തിന് ഭൂരിഭാഗം മനുഷ്യരുടെയും മനസ്സിലെ ഉത്തരം മരണം എന്നാകും . അനിവാര്യമായ യാഥാര്‍ത്ഥ്യമാണെന്നറിഞ്ഞിട്ടും മരണത്തെ ജയിക്കാനുള്ള ശ്രമം മനുഷ്യന്‍ പണ്ടേ തുടങ്ങിയതാണ്. ഇന്നും അത് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ഇരുപത്തി ഒന്നുവയസില്‍ കിം സൗസിയുടെ ജീവിതത്തില്‍ നിറയെ നിറങ്ങളുണ്ടായിരുന്നു. അച്ഛന്‍, അമ്മ, ഒരുപാട് പ്രിയപ്പെട്ടവന്‍ ജോഷ് ഷിസ്‌ലര്‍, ന്യൂറോ സയന്‍സ് എന്ന പഠനമേഖല. പക്ഷെ വളരെ പെട്ടെന്ന് ഒക്കെ മാറി. ബ്രെയിന്‍ ക്യാന്‍സര്‍ ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ തനിക്കൊരു പൂര്‍ണവിരാമം കാത്ത് വച്ചിരിക്കുന്നുവെന്ന് അവള്‍ തിരിച്ചറിഞ്ഞു.

പക്ഷെ ഭൂമിയിലെ ജീവിതം പെട്ടെന്ന് ഉപേക്ഷിച്ച് പോകാന്‍ കിം ഒരുക്കമല്ലായിരുന്നു. വീണ്ടും ഉണരാമെന്ന വിശ്വാസത്തോടെ 2013 ജനുവരിയില്‍ കിം മരണത്തിന് കീഴടങ്ങി. ശരീരത്തില്‍ നിന്ന് വേര്‍പെടുത്തിയ കിമ്മിന്റെ ശിരസ് അരിസോണയിലെ അല്‍കോര്‍ ലൈഫ് എക്‌സറ്റന്‍ഷന്‍ ഫൗണ്ടേഷന്‍ ഫ്രീസറിലെ ദ്രവനൈട്രജനില്‍ ഉറങ്ങുകയാണ്.

കിം മാത്രമല്ല, മരണത്തെ തോല്‍പ്പിക്കുന്ന അദ്ഭുത വിദ്യ മനുഷ്യന്‍ ഒരുകാലത്ത് കണ്ടുപിടിക്കുമെന്ന് വിശ്വസിക്കുന്നവര്‍ ഒരുപാടാണ്. മരിച്ചവരിലും ജീവന്റെ തുടിപ്പുകളെ ശാസ്ത്രം ഊതിക്കയറ്റുന്ന അന്നേക്ക് വേണ്ടി അവര്‍ സ്വന്തം ശരീരം സൂക്ഷിച്ച് വയ്ക്കാന്‍ ചില കമ്പനികളെ ഏല്‍പ്പിക്കുന്നു. കിം സൗസിയെപ്പോലെ ശിരസ് മാത്രമായോ ശരീരം പൂര്‍ണമായോ സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. വന്‍ തുകയാണ് ഇതിനായി ഈ രംഗത്തുള്ള കമ്പനികള്‍ ഈടാക്കുന്നത്.

ശീതീകരിച്ച് സൂക്ഷിക്കുന്ന അണ്ഡങ്ങളെ പുനരുജ്ജീവിപ്പിച്ച് ഗര്‍ഭധാരണം നടത്തുന്നതുപോലെ മരിച്ചവരെ ഒരുകാലത്ത് ജീവിപ്പിക്കുന്ന സാങ്കേതിക വിദ്യ ഉണ്ടാകുമന്നാണ് ഇവരുടെ വാദം.

വീണ്ടും ഉണരാനുള്ള കാത്തിരിപ്പാണ് മരണമെന്ന് ഈ ഫ്രീസറുകളുടെ ഉള്ളിലുറങ്ങുന്നവര്‍ വിശ്വസിച്ചിരുന്നിരിക്കണം. എന്നെന്നറിയില്ല, നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം, അല്ലെങ്കില്‍ ആയിരം വര്‍ഷങ്ങള്‍ക്കും അപ്പുറം.