നിരവധി വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയുമെല്ലാം ഇന്‍സ്റ്റഗ്രാം പ്രേമികളുടെ പരിചയവലയത്തിലേക്ക് കടന്നുകൂടിയ ആളാണ് നതാഷ നോയല്‍. മോഡലും യോഗ പരിശീലകയുമൊക്കെയായ നതാഷയുടെ 'ഇന്‍സ്പിരേഷണല്‍' പ്രസംഗങ്ങള്‍ക്കാണ് ഏറ്റവുമധികം ആരാധകര്‍ ഉള്ളത്. നതാഷയുടെ ഒരു പുതിയ വീഡിയോ ആണ് ഇപ്പോള്‍ ഇന്‍സ്റ്റയില്‍ തരംഗമായിരിക്കുന്നത്. 

മൂന്നാഴ്ചയായി ചീകാത്ത കെട്ടുപിണഞ്ഞ മുടി ചീകിക്കൊണ്ട് നതാഷ സംസാരിക്കുകയാണ് സെല്‍ഫി വീഡിയോയിലൂടെ. മുടി ചീകുന്നത് പോലും എത്രമാത്രം വിഷമതയുള്ള പണിയാണെന്ന് പറയുന്ന നതാഷയെ കാണുമ്പോള്‍ സാധാരണഗതിയില്‍ ആരും ഒന്ന് മൂക്കത്ത് വിരല്‍ വച്ചേക്കും. സ്വന്തം മുടി ചീകാന്‍ ഇത്രയും പാടോ, എന്ന് ആത്മഗതവും ചെയ്‌തേക്കാം. എന്നാല്‍ മുടി ചീകാന്‍ മാത്രമല്ല, കുളിക്കാനും, ഉടുപ്പ് മാറാനും അങ്ങനെ സ്വന്തം കാര്യങ്ങളെല്ലാം ബുദ്ധിമുട്ടുള്ള പണികളായി തോന്നാന്‍ ഒരു കാരണമുണ്ടെന്നാണ് നതാഷ പറയുന്നത്. തുടര്‍ന്ന് ഈ കാരണത്തെ കുറിച്ചാണ് നതാഷ വീഡിയോയിലൂടെ വിശദീകരിക്കുന്നത്. 

'വിഷാദരോഗമോ ഉത്കണ്ഠയോ ഉള്ളവര്‍ക്ക് ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും വലിയ പണിയാണ്. മുടി ചീകുക, കുളിക്കുക, ഉടുപ്പ് മാറുക, എല്ലാ ജോലിയാണ്. പക്ഷേ നമ്മള്‍ നമ്മളെ ശ്രദ്ധിച്ചേ പറ്റൂ, അതിന് മറ്റാരും ഇല്ലെന്ന് ഓര്‍ക്കുക...'- നതാഷ പറയുന്നു. 

 

 

വിഷാദരോഗം ഉള്ളവര്‍ തങ്ങളുടെ ജീവിതത്തെ ചൊല്ലിയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറഞ്ഞത് ഒരാളുമായെങ്കിലും പങ്കുവയ്ക്കണമെന്നും നതാഷ ഓര്‍മ്മിപ്പിക്കുന്നു. അതല്ലാത്ത പക്ഷം രോഗം നമ്മളെ അകത്തുനിന്ന് തന്നെ ഇല്ലാതാക്കിക്കളയുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.