തെെര് ആരോ​ഗ്യസംരക്ഷണത്തിന് മാത്രമല്ല എല്ലാവിധ ചർമ്മപ്രശ്നങ്ങൾക്കുമുള്ള നല്ലൊരു പ്രതിവിധിയാണ്. തെെരിൽ കാത്സ്യം, പ്രോട്ടീൻ, വെെറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. തെെര് ഉപയോ​ഗിച്ചാൽ മുഖത്തെ കുരുക്കൾ എളുപ്പം മാറ്റാനാകും. തെെരിലെ ആന്‍റി മൈക്രോബയല്‍ ഘടകങ്ങള്‍ ചര്‍മ്മത്തിലുണ്ടാകുന്ന കുരുക്കള്‍ക്ക് മികച്ച പരിഹാരം നൽകും. തൈരിലെ ലാക്ടിക് ആസിഡ് ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും കുരുക്കളെ അകറ്റുകയും, ചര്‍മ്മത്തിന് കൂടുതൽ നിറം വയ്ക്കാൻ സഹായിക്കുകയും ചെയ്യും. തെെര് ദിവസവും പുരട്ടിയാൽ ഈ പ്രശ്നങ്ങൾ അകറ്റാം.

വരൾച്ച അകറ്റാം...

 തെെരും തേനും സമം ചേർത്ത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം വെള്ളം ഉപയോ​ഗിച്ച് കഴുകുക. ചർമ്മത്തിലെ വരൾച്ച മാറി മൃദുത്വവും ഉന്മേഷവും ലഭിക്കും. തെെരിനും തേനിനുമൊപ്പം അതേ അളവിൽ കടലമാവ് കൂടി ചേർത്താൽ ഇരട്ടി ​ഗുണമാണ്.

കരുവാളിപ്പ് മായ്ക്കാൻ...

വെയിലത്ത് പോയി വന്നാൽ ഉടൻ അൽപം തെെര് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകി കളയുക. 

മുഖക്കുരു അകറ്റാൻ...

ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഘടകങ്ങളുള്ളതിനാൽ മുഖക്കുരുവിന്റെ വില്ലനാണ് തെെര്. മുഖക്കുരുവുള്ള ഭാ​ഗങ്ങളിൽ തെെരും ഒാട്സും മുട്ടയുടെ വെള്ളയും കൂടി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി പുരട്ടുക. മുഖത്ത് എണ്ണമയം അമിതമായുള്ള ഭാ​ഗങ്ങളിൽ തെെര് പുരട്ടിയാൽ മുഖക്കുരു വരുന്നത് തടയാം. 

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം അകറ്റാൻ...

പഞ്ഞിക്കഷ്ണം തെെരിൽ മുക്കി ഡാർക്ക് സർക്കിൾസ് ഉള്ള ഭാ​ഗത്ത് വയ്ക്കുക. പത്ത് മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ വേണം കഴുകാൻ. പതിവായി ചെയ്താൽ ഒരാഴ്ച്ച കൊണ്ട് തന്നെ വ്യത്യാസം അറിയാം.

ചുളിവുകൾ ഇല്ലാതാക്കാൻ...

മൂന്ന് വലിയ സ്പൂൺ തെെരിൽ ഒരു ചെറിയ സ്പൂൺ റോസ് വാട്ടർ ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുക. നല്ല പോലെ ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകുക.  ആഴ്ച്ചയിൽ മൂന്ന് തവണയെങ്കിലും ഇത് പുരട്ടാം. ഒരു സ്പൂൺ തെെരിനൊപ്പം അൽപം ഒലീവ് ഒായിലും ചേർത്ത് മുഖത്ത് പുരട്ടുന്നത് മുഖത്തെ ചുളിവുകൾ അകറ്റാൻ സഹായിക്കും.