കുളിക്കാന്‍ കൃത്യമായി ഒരു സമയം ഉണ്ടോ?
കുളിക്കാന്‍ കൃത്യമായി ഒരു സമയം ഉണ്ടോ? രാവിലെ കുളിക്കുന്നതാണോ രാത്രി കുളിക്കുന്നതാണോ നല്ലത്? ചിലര്‍ രാവിലെ കുളിക്കും. മറ്റുചിലര്‍ രാത്രിയാകും കുളിക്കുന്നത്. എന്നാല്‍ ഈ രണ്ട് സമയങ്ങളിലെ കുളി കൊണ്ട് എന്താണ് ഗുണം?
രാത്രികളിലെ കുളിക്ക് ധാരാളം ഗുണങ്ങളുണ്ടെന്ന് ചികാഗോയിലെ റഷ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്‍ററിലെ വിദഗ്ധര്‍ പറയുന്നു. ഒരു ദിവസത്തെ മുഴുവന്‍ ചളിയും പൊടിയുമൊക്കെ നമ്മുടെ ശരീരത്തില്‍ നിന്ന് തുടച്ചുനീക്കം ചെയ്യുക മാത്രമല്ല മനസ്സിനും ഒരു ഉണര്‍വുണ്ടാക്കാന്‍ ഇത് സഹായിക്കും. രാത്രി കാലങ്ങളിലെ കുളി സുഖനിദ്രയ്ക്ക് ഏറെ സഹായിക്കും. ഉറങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് തന്നെ കുളിച്ചിരിക്കണം എന്നാണ് ചികാഗോയിലെ റഷ് യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്‍ററിലെ വിദഗ്ധയായ എലിസബത്ത് നിര്‍ദ്ദേശിക്കുന്നത്. ഇത് ശരീരത്തിലെ ഉഷ്ണത്തെ നിയന്ത്രിക്കുകയും നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുകയും ചെയ്യും.

ഉറങ്ങുന്നതിന് തൊട്ട് മുമ്പ് കുളിക്കാന്‍ പാടില്ല എന്നാണ് എലിസബത്ത് പറയുന്നത്. അത് ശരീരത്തിലെ ചൂട് കൂട്ടുകയേയുളളൂ എന്നും അവര്‍ അഭിപ്രായപ്പെടുന്നു.
രാവിലെ കുളിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണം ഒന്നുമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ തലച്ചോറിന്‍റെ ഉണര്‍വിന് രാവിലെ കുളിക്കുന്നത് നല്ലതാണെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. എന്തുതന്നെയായാലും ചിലര്‍ക്ക് രാവിലെ എഴുന്നേറ്റാല്‍ ചായ കുടിക്കുന്നത് പോലെ തന്നെ മാറ്റിവെയ്ക്കാന്‍ പറ്റാത്ത ശീലമാണ് രാവിലെയുള്ള കുളി. അതു അങ്ങനെ തന്നെ തുടരുന്നത് നല്ലതാണ്.
