'കാല്‍മുട്ടില്‍ ശസ്ത്രക്രിയ നടത്തി, ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും പരിശീലനത്തിനെത്തിയിരിക്കുന്നു... തികഞ്ഞ നിശ്ചയദാര്‍ഢ്യമാണിത്- അഭിനന്ദനങ്ങള്‍ ഫര്‍ഹാന്‍ അഖ്തര്‍'- വീഡിയോയ്‌ക്കൊപ്പം സമീര്‍ കുറിച്ചു

ശരീരത്തിലെവിടെയെങ്കിലും പരിക്ക് ഉള്ളപ്പോള്‍ വ്യായാമം ചെയ്യുന്നതില്‍ എന്തെങ്കിലും അപകടമുണ്ടോ? കാല്‍മുട്ടിന് പരിക്കേറ്റിരിക്കുമ്പോഴും വ്യായാമം ചെയ്യുന്ന നടന്‍ ഫര്‍ഹാന്‍ അഖ്തറിന്റെ വീഡിയോ ആണ് പുതിയൊരു ചര്‍ച്ചയ്ക്ക് തുടക്കമിടുന്നത്. പരിക്ക് പറ്റുമ്പോള്‍ വിശ്രമമാണോ വ്യായാമമാണോ ആവശ്യമെന്നതാണ് ചര്‍ച്ച. 

പരിശീലകനായ സമീര്‍ ജൗറയാണ് പരിക്കേറ്റിരിക്കുമ്പോഴും ഫര്‍ഹാന്‍ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 'കാല്‍മുട്ടില്‍ ശസ്ത്രക്രിയ നടത്തി, ഒരു ദിവസം കഴിഞ്ഞപ്പോഴേക്കും പരിശീലനത്തിനെത്തിയിരിക്കുന്നു... തികഞ്ഞ നിശ്ചയദാര്‍ഢ്യമാണിത്- അഭിനന്ദനങ്ങള്‍ ഫര്‍ഹാന്‍ അഖ്തര്‍'- വീഡിയോയ്‌ക്കൊപ്പം സമീര്‍ കുറിച്ചു. 

View post on Instagram

എന്നാല്‍ പരിക്ക് പറ്റിയിരിക്കുമ്പോള്‍ വ്യായാമം ചെയ്യുന്നത് അപകടമാണെന്നും വിശ്രമമാണ് അത്തരം സന്ദര്‍ഭങ്ങളില്‍ ആവശ്യമെന്നുമാണ് വീഡിയോ കണ്ട ഒരു വിഭാഗം പേരുടെ വാദം. അതേസമയം നടന്റെ ഉറച്ച തീരുമാനത്തെയും പരിശീലകന്റെ പിന്തുണയെയും അഭിനന്ദിച്ച് വെറൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. 

പരിക്കുമായി വ്യായാമം ആകാമോ?

സാധാരണഗതിയില്‍ ശരീരത്തിലെവിടെയെങ്കിലും മുറിവോ ചതവോ ഒടിവോ ഒക്കെയുള്ളപ്പോള്‍ വ്യായാമം ചെയ്യാതിരിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നയത്രയും ദിവസങ്ങള്‍ വിശ്രമമെടുക്കുകയും വേണം.

പരിക്ക് മാറും മുമ്പേ വ്യായാമം ചെയ്യുമ്പോള്‍ പലപ്പോഴും ശരീരം ഇരട്ടിയിലധികം ഊര്‍ജ്ജം ചെലവഴിക്കേണ്ടി വരും, ഇത് ക്ഷീണമുണ്ടാക്കാന്‍ മാത്രമേ ഉപകരിക്കൂ. പരിക്കോടെ വ്യായാമം ചെയ്യുമ്പോള്‍ വേദന തോന്നുന്നതും അത്ര നല്ല സൂചനയല്ല. ഭേദമായ ശേഷം വ്യായാം വീണ്ടും തുടങ്ങുമ്പോഴും വളരെ പതിയെ ഘട്ടം ഘട്ടമായി വേണം ചെയ്യാന്‍. പെട്ടെന്ന് ശരീരം പഴയതുപോലെ വഴങ്ങണമെന്നില്ല. 

സിനിമാ- കായിക താരങ്ങള്‍ക്ക് പക്ഷേ, പലപ്പോഴും പരിക്കുകളോടെ പരിശീലനത്തിന് ഇറങ്ങേണ്ടി വരും. അത്തരം സാഹചര്യങ്ങളില്‍ അവരുടെ ശാരീരികാവസ്ഥ കൂടി കണക്കിലെടുത്ത് വിദഗ്ധരുടെ അഭിപ്രായം തേടിയായിരിക്കും പരിശീലനം. വേണ്ട നിര്‍ദേശങ്ങളോ കരുതലുകളോ ഇല്ലാതെ ഇത് അനുകരിക്കാന്‍ ശ്രമിച്ചാല്‍ എട്ടിന്റെ പണി കിട്ടിയേക്കുമെന്ന് സാരം.