2070ഓടെ ലോകത്തെ ഏറ്റവും വലിയ മതമായി ഇസ്ലാം മാറുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. 2015ലെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് 1.8 ബില്യണ്‍ മുസ്ലിംങ്ങളാണ് ഉള്ളത്. ലോകത്തെ ആകെ ജനസംഖ്യയുടെ 24 ശതമാനമാണ് ഇത്. ഇപ്പോള്‍ ക്രിസ്‌തുമതമാണ് ലോകത്തെ ഏറ്റവും വലിയ മതം. എന്നാല്‍ 2070ഓടെ ക്രിസ്തുമതത്തെ മറികടന്ന് ഇസ്ലാം മതം ഏറ്റവും വലിയ മതമായി മാറും. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പുതിയ പഠനം അനുസരിച്ച്, ലോകത്ത് അതിവേഗം വളരുന്ന മതം ഇസ്ലാം ആണ്. 2015 മുതല്‍ 2060 വരെയുള്ള കാലഘട്ടത്തില്‍ ഇസ്ലാംമതത്തില്‍ 70 ശതമാനം അധികവളര്‍ച്ചയുണ്ടാകും. ക്രിസ്തുമതത്തില്‍ ഇത് 34 ശതമാനവും ഹിന്ദുമതത്തില്‍ ഇത് 27 ശതമാനവുമായിരിക്കും. 2060 ആകുമ്പോള്‍ ലോകജനസംഖ്യയില്‍ മൊത്തത്തില്‍ 34 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകൂടാതെ ലോകത്ത് ഏറ്റവുമധികം ഫെര്‍ട്ടിലിറ്റി നിരക്ക് ഉള്ളത് ഇസ്ലാം മതത്തിലാണെന്നും സര്‍വ്വേയില്‍ വ്യക്തമായിട്ടുണ്ട്. കൂടുതല്‍ ചെറുപ്പക്കാര്‍ ഉള്ളതും ഇസ്ലാം മതത്തിലാണ്. ഇക്കാരണങ്ങള്‍കൊണ്ട് ലോകത്തെ ഏറ്റവും വലിയ മതമായി ഇസ്ലാം മാറുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. 2050 ആകുമ്പോള്‍ അമേരിക്കന്‍ ജനസംഖ്യയിലെ 2.1 ശതമാനം പേര്‍ മുസ്ലീം ആയിരിക്കുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടിലുണ്ട്.