തലവേദന തന്നെ, വിവിധ അസുഖങ്ങളുടെ ലക്ഷണമാണ്. നീര്‍ക്കെട്ട് മുതല്‍ ട്യൂമര്‍ വരെയുള്ള അസുഖങ്ങളുടെ ലക്ഷണമാണ് തലവേദന. എന്നാല്‍ കൃത്യമായി ഏത് അസുഖമാണ് നമുക്കുള്ളതെന്ന് ഒരു തലവേദന കൊണ്ടുമാത്രം കണ്ടെത്തുക സാധ്യമല്ല

ഒരു തലവേദന വന്നാല്‍ പോലും ഗൂഗിള്‍ ചെയ്ത് അതിന്റെ കാരണങ്ങള്‍ തിരയുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഏതെങ്കിലും ശീലത്തിന്റെ ഉടമകളാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് കരുതാന്‍ ധാരാളം കാര്യങ്ങളുണ്ട്. 

തലവേദന തന്നെ, വിവിധ അസുഖങ്ങളുടെ ലക്ഷണമാണ്. നീര്‍ക്കെട്ട് മുതല്‍ ട്യൂമര്‍ വരെയുള്ള അസുഖങ്ങളുടെ ലക്ഷണമാണ് തലവേദന. എന്നാല്‍ കൃത്യമായി ഏത് അസുഖമാണ് നമുക്കുള്ളതെന്ന് ഒരു തലവേദന കൊണ്ടുമാത്രം കണ്ടെത്തുക സാധ്യമല്ല. ഇതുപോലെ ഓരോ രോഗാവസ്ഥകള്‍ക്കും ഓരോ കാരണങ്ങളുണ്ട്. ഇതെല്ലാം പരസ്പരം ബന്ധപ്പെട്ടും, അല്ലാതെയും കിടക്കുന്നു. 

ഗൂഗിള്‍ സെര്‍ച്ചിനെ മാത്രം ആശ്രയിച്ച് സ്വന്തം രോഗം കണ്ടെത്തുകയും അത് രണ്ടാമതൊരു അഭിപ്രായം പോലും തേടാതെ വിശ്വസിക്കുകയും തുടര്‍ചികിത്സകള്‍ സ്വയം നടത്തുകയും ചെയ്യുന്നത് വലിയ അപകടങ്ങളിലേക്കേ വഴി തെളിക്കൂ. ഇങ്ങനെയുള്ള അപകടങ്ങളിലേക്ക് കടക്കും മുമ്പ് ഓര്‍ക്കാന്‍ ചില കാര്യങ്ങള്‍...

ഒന്ന്...

ആരോഗ്യമേഖല കൂടുതല്‍ മെച്ചപ്പെട്ടുവരുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് നമുക്കോര്‍മ്മ വേണം. ഏത് അസുഖത്തെയും കഴിയുന്നതും നേരത്തെ തിരിച്ചറിയാനും അതിനുള്ള ചികിത്സ ഉറപ്പുവരുത്താനുമുള്ള സൗകര്യങ്ങളും ഇടങ്ങളും നമുക്കുണ്ട്. നാട്ടിന്‍പുറങ്ങളില്‍ പോലും മികച്ച ചികിത്സാ സൗകര്യങ്ങളാണ് നമുക്കുള്ളത്. 

ഇത്തരത്തിലൊരു സാഹചര്യത്തില്‍ ജീവിക്കുന്ന നമ്മളെന്തിനാണ് സ്വന്തം അസുഖത്തെപ്പറ്റി അവ്യക്തമായ വിവരങ്ങളന്വേഷിച്ച് വ്യാകുലപ്പെടുകയും അനാവശ്യമായി സമയവും സ്വസ്ഥതയും തകര്‍ക്കുന്നതും. നേരെ ഒരു ഡോക്ടറെ കാണുക. ശാരീരിക വിഷമതകളും ലക്ഷണങ്ങളും ഡോക്ടറോട് വിശദീകരിക്കുക. അസുഖമെന്തെന്ന് ഡോക്ടര്‍ കണ്ടുപിടിക്കട്ടെ. ആവശ്യമെങ്കില്‍ മറ്റ് പരിശോധനകള്‍ക്ക് ഡോക്ടര്‍ തന്നെ നിര്‍ദേശിക്കും. 

രണ്ട്...

താന്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വച്ച് ഗൂഗിള്‍ ചെയ്ത് അസുഖമെന്തെന്ന് തിരയുന്നവര്‍ക്ക് പലപ്പോഴും കിട്ടുന്ന മറുപടി തെറ്റായിരിക്കും. ചിലപ്പോള്‍ ഒന്നിലധികം മറുപടികളായിരിക്കും ഗൂഗിള്‍ നല്‍കുക. ഇത് ആശയക്കുഴപ്പമുണ്ടാക്കാനേ ഉപകരിക്കൂ. മാത്രമല്ല ഗുരുതരമായ അസുഖങ്ങള്‍ പിടിപെട്ടുവെന്ന ധാരണയില്‍ നമ്മള്‍ കൂടുതല്‍ ആശങ്കപ്പെടാനും ഇത് വഴിയൊരുക്കുന്നു. 

ഇത്തരത്തില്‍ മാനസികമായി സമ്മര്‍ദ്ദങ്ങളുണ്ടാകുന്നത് ക്രമേണ ഉത്കണ്ഠയിലേക്ക് നയിക്കും. ഓണ്‍ലൈനില്‍ സ്വന്തം അസുഖങ്ങളെപ്പറ്റി തേടി ഉത്തരങ്ങള്‍ കണ്ടെത്തുന്ന പ്രവണതയെ 'സൈബര്‍കോണ്‍ഡ്രിയ' എന്നാണ് ഡോക്ടര്‍മാര്‍ വിളിക്കുന്നത്. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണെന്നാണ് ആരോഗ്യമോഖലയിലുള്ളവരുടെ വിലയിരുത്തല്‍.

മൂന്ന്...

നമ്മള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ എപ്പോഴും ശരിയായിക്കോളണമെന്നില്ല. പല സൈറ്റുകളാണ് വിവരങ്ങളെത്തിക്കുന്നത്. ഇതില്‍ ഏതൊക്കെയാണ് വിശ്വസിക്കാനാകുന്നതെന്നും അല്ലാത്തവയേതെന്നും തിരിച്ചറിയാനാകില്ല. അതുകൊണ്ടുതന്നെ ഈ ശീലം ഒട്ടും ആരോഗ്യകരമല്ല. 

ചില ഘട്ടങ്ങളില്‍ ഡോക്ടര്‍മാരുടെ തന്നെ നിര്‍ദേശപ്രകാരം ഒന്നോ രണ്ടോ വെബ്‌സൈറ്റുകള്‍ ആശ്രയിക്കാവുന്നതാണ്. എങ്കിലും അമിതമായി ഇത്തരം ഉത്കണ്ഠകള്‍ പുലര്‍ത്തുന്നത് ഒട്ടും ആശാസ്യമല്ലെന്ന് തന്നെയാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്.