റോം: തൊഴിലാളികളായ സ്ത്രീകള്‍ക്ക് ആര്‍ത്തവ ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ച് ഇറ്റാലിയന്‍ പാര്‍ലമെന്റ്. യൂറോപ്പില്‍ തന്നെ ആദ്യമായാണ് സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ ഒരു അവധി നല്‍കാന്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നത്.
മാസത്തില്‍ മൂന്ന് ദിവസമാണ് അവധി ലഭിക്കുക. പാര്‍ലമെന്റ് പാസാക്കിയ നിയമം അംഗങ്ങള്‍ അംഗീകരിച്ചു. പുതിയ നിയമപ്രകാരം സ്ത്രീകള്‍ക്ക് മറ്റ് പൊതു അവധികളോടൊപ്പം ആര്‍ത്തവത്തിനുള്ള അവധിയും നല്‍കാന്‍ ഇറ്റലിയിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി കഴിഞ്ഞു.
ഇത്തരം നിയമങ്ങള്‍ സ്ത്രീകള്‍ക്ക് പ്രതിഫലം നല്‍കാന്‍ സ്ഥാപനങ്ങളെ പിന്തിരിപ്പിക്കുമെന്ന വിമര്‍ശനവുമായി ഒരുപക്ഷം സ്ത്രീ സംരക്ഷണ പ്രവര്‍ത്തകര്‍ മുന്നോട്ടുവന്നു. ഇത് സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ആര്‍ത്തവത്തെ അംഗീകരിച്ചതിലൂടെയും സ്ത്രീകള്‍ക്ക് അവധി നല്‍കുന്നതിലൂടെയും വലിയൊരു സാമൂഹിക മുന്നേറ്റത്തിനാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്നും വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പ്രതികരിച്ചു. സാമൂഹ്യ പുരോഗതിയുടെ തുടക്കം എന്നാണ് ഇറ്റലിയിലെ പ്രമുഖ വനിതാ മാഗസിനായ മാരിയര്‍ ഈ നിയമത്തെ വിശദീകരിച്ചത്.
