5 ഭക്ഷണ സാധനങ്ങളിലൂടെ മാത്രം രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാം

രക്തസമ്മര്‍ദ്ദം പ്രായഭേദമില്ലാതെ സാധാരണമായിരിക്കുകയാണ് ഇപ്പോള്‍. അത് നിയന്ത്രിതമല്ലെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് മരുന്ന് കഴിക്കാനാണ് എല്ലാവര്‍ക്കും തിടുക്കവും. എന്നാല്‍ ഭക്ഷണരീതികളില്‍ ചെറിയ മാറ്റം വരുത്തിയാല്‍ തന്നെ രക്തസമ്മര്‍ദ്ദത്തെ വരുതിയിലാക്കാവുന്നതേ ഉള്ളൂ. ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ കൂട്ടത്തില്‍ ദാ ഇവരെയെല്ലാം ഒന്ന് ഉള്‍പ്പെടുത്താന്‍ ശ്രദ്ധിച്ചാല്‍ മതിയാകും. 

1. മാതളം

ഹീമോഗ്ലോബിന്‍ കുറഞ്ഞവര്‍ക്കാണ് പൊതുവേ നമ്മള്‍ മാതളം നിര്‍ദേശിക്കാറ്. എന്നാല്‍ അതിലും കൂടുതലായ ധര്‍മ്മങ്ങള്‍ മാതളത്തിനുണ്ട്. ശരീരത്തെ നന്നായി തണുപ്പിക്കാനാകുന്ന ഫലമാണ് മാതളം. വെറുതേ കഴിക്കുകയോ ജ്യൂസടിച്ച് കഴിക്കുകയോ ആകാം. ശരീരത്തെ നല്ലപോലെ തണുപ്പിക്കുന്നതോടെ രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാകും. അതുപോലെ മാതളത്തിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നു. 

2. പച്ചിലകളടങ്ങിയ പച്ചക്കറികള്‍

പച്ചിലകളടങ്ങിയ പച്ചക്കറികളെന്നാല്‍ അടിമുടി വിറ്റാമിനുകളും ധാതുക്കളുമാണ്. നിറയെ നാരുകളടങ്ങിയിരിക്കുന്ന ഭക്ഷണമായതിനാല്‍ ദഹന വ്യവസ്ഥയെ നല്ല രീതിയില്‍ സഹായിക്കാന്‍ ഇവയ്ക്കാകും. മാത്രമല്ല, കൂടുതല്‍ കലോറിയില്ലാതെ ശരീരത്തെ തുലനപ്പെടുത്താനും ഇവയ്ക്ക് കഴിയും. ചീര, മുരിങ്ങ, ബ്രൊക്കോളി തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരണമാണ്. 

3. ഓട്‌സ്

ഓട്‌സും നേരത്തേ പറഞ്ഞതുപോലെ ധാരാളം നാരുകളടങ്ങിയ ഭക്ഷണമാണ്. ദഹന പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തല്‍ തന്നെയാണ് ഓട്‌സിന്റേയും പ്രധാന ധര്‍മ്മം. കൊഴുപ്പും സോഡിയത്തിന്റെ അളവും കുറവുള്ളതിനാല്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഇവയ്ക്കാകും. 

4. വെളുത്തുള്ളി

വെളുത്തുള്ളി ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ഒരു സാധാരണ ചേരുവയെന്നതില്‍ കവിഞ്ഞ് മരുന്നായാണ് പൊതുവേ അറിയപ്പെടാറ്. 
വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ രക്തത്തെ ശുദ്ധീകരിക്കുകയും ശരീരത്തിലെ നൈട്രിക് ഓക്‌സൈഡിന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ രക്തസമ്മര്‍ദ്ദത്തെ വരുതിയില്‍ നിര്‍ത്താന്‍ വെളുത്തുള്ളിക്കാകുന്നു. 

5. കിവി

വിറ്റാമിന്‍ സി.യാണ് കിവിയുടെ പ്രധാന ആകര്‍ഷണം. കിവിയിലും ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഇവ രക്തസമ്മര്‍ദ്ദത്തെ തുലനപ്പെടുത്തും. മാത്രമല്ല ശരീരത്തിലെ ജലാംശത്തെ പിടിച്ചുനിര്‍ത്താനും കിവിക്ക് കഴിയും.