Asianet News MalayalamAsianet News Malayalam

കാണികളെ രസിപ്പിച്ചില്ല; മൃഗശാലയിലെ കംഗാരുവിനോട് സന്ദര്‍ശകരുടെ ക്രൂരത

  • കല്ലേറിനെ തുടര്‍ന്ന് ഗുരുതര പരിക്കാണ് കംഗാരുവിന് ഉണ്ടായത്
  • കിഡ്നി തുളച്ച് വരെ കല്ല് പോയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
kangaroo stoned to death for not entertaining viewers

മൃഗശാലയില്‍ കാഴ്ചക്കാരെ വേണ്ടത്ര രസിപ്പിക്കാതിരുന്ന കംഗാരുവിനെ സന്ദര്‍ശകര്‍ കല്ലെറിഞ്ഞ് കൊന്നു. പന്ത്രണ്ട് വയസ് പ്രായമുള്ള പെണ്‍ കംഗാരുവിനാണ് ദാരുണാന്ത്യം. ചൈനയിലെ ഫുസ്ഹൊ മൃഗശാലയിലാണ് സംഭവം.  കൂട്ടിനുള്ളില്‍ ഒതുങ്ങിയിരുന്ന കംഗാരുവിനെ കാഴ്ചക്കാര്‍ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു കംഗാരു മരിച്ചത്.

കംഗാരു ഓടി നടക്കുന്നത് കാണാന്‍ നടത്തിയ ശ്രമമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്. കല്ലെറിയുന്ന ആളുകളെ പിന്തിരിപ്പിക്കാന്‍ മൃഗശാലയിലെ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും ആളുകള്‍ കൂട്ടിലടച്ച കംഗാരുവിനെ കല്ലെറിയുന്നത് തുടരുകയായിരുന്നു. ആളുകള്‍ കല്ലെറിയുന്നത് തുടര്‍ന്നതോടെ കംഗാരുവിനെ ജീവനക്കാര്‍ കൂട്ടില്‍ നിന്ന് മാറ്റിയിരുന്നു. പക്ഷേ കംഗാരുവിന്റെ കാലിനും തലയിലും കല്ലേറില്‍ ഗുരുതര പരിക്കേറ്റിരുന്നു. 

കംഗാരുവിന്റെ കിഡ്നി തുളച്ച് കല്ല് പോയിട്ടുണ്ടെന്നും ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃഗശാലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അക്രമികളെ പിടികൂടാനുള്ള നീക്കത്തിലാണ് പൊലീസ്. കംഗാരുവിന്റെ മൃതദേഹം മൃഗശാലയില്‍ സ്റ്റഫ് ചെയ്യാനുള്ള നീക്കത്തിലാണ് ജീവനക്കാര്‍. കാഴ്ചക്കാരില്‍ നിന്ന് കൂടുതല്‍ അകലത്തിലേയ്ക്ക് മൃഗങ്ങളെ സൂക്ഷിക്കാനും നീക്കമുണ്ട്. ഇതിനു മുമ്പും ഇത്തരത്തില്‍ കാഴ്ചക്കാര്‍ മൃഗങ്ങളെ പ്രകോപിപ്പിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ജീവനക്കാര്‍ വിശദമാക്കുന്നു. 

Follow Us:
Download App:
  • android
  • ios