40 വയസ്സിന് മുകളിലാണ് പ്രായമെങ്കില്‍ ഇക്കാര്യത്തില്‍ ഒരു പ്രത്യേകശ്രദ്ധ നിര്‍ബന്ധമായും ആവശ്യമാണ്. ഇതോടൊപ്പം മദ്യപാനം കൂടിയുള്ളവരാണെങ്കില്‍ തീര്‍ച്ചയായും രോഗസാധ്യത കൂടുകയേ ഉള്ളൂ
ക്ഷീണവും അമിതമായ വിശപ്പുമെല്ലാം പല അസുഖങ്ങളുടെയും ലക്ഷണമായി കണ്ടേക്കാം. ഇതുമാത്രം വച്ച് നമുക്ക് എന്തെങ്കിലും അസുഖമുണ്ടെന്ന് പറയാനാകില്ല. എന്നാല്‍ ഇതോടൊപ്പം മറ്റ് ചില ലക്ഷണങ്ങള്‍ കൂടിയുണ്ടെങ്കില്‍ അസുഖത്തെ തിരിച്ചറിയല്‍ എളുപ്പമാകും.
അത്തരത്തില്‍ അമിതവണ്ണമുള്ളവരില്‍ കാണുന്ന അധികവിശപ്പും ക്ഷീണവും ഒരുപക്ഷേ കരളിനെ ബാധിക്കുന്ന ഗുരുതര അസുഖമായ 'ഫാറ്റി ലിവര്‍' കൊണ്ടാകാം. എളുപ്പത്തില്‍ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങിയില്ലെങ്കില്‍ ഇത് വ്യക്തിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ വരെ കാരണമായേക്കും.
അമിതവണ്ണവും ക്ഷീണവും...
അമിതവണ്ണമുള്ളവരില്‍ 'ഫാറ്റി ലിവര്‍' പിടിപെടാന്‍ മറ്റുള്ളവരെ അപേക്ഷിച്ച് 75 ശതമാനം കൂടുതല്‍ സാധ്യതയുണ്ട്. അതായത് സാധാരണഗതിയില്‍ കരളില്‍ ചെറിയ രീതിയില്‍ കൊഴുപ്പ് കാണപ്പെടാറുണ്ട്. എന്നാല്‍ അതിന്റെ അളവ് വര്‍ധിക്കുമ്പോഴാണ് അപകടമാകുന്നത്. കരളിന്റെ ആകെ ഭാരത്തിന്റെ 5 മുതല്‍ 10 ശതമാനം വരെയുള്ള ഭാരവും കൊഴുപ്പിന്റേതാണെങ്കില്‍ അത് 'ഫാറ്റി ലിവര്‍' ആണെന്ന് പറയാം.

40 വയസ്സിന് മുകളിലാണ് പ്രായമെങ്കില്‍ ഇക്കാര്യത്തില്‍ ഒരു പ്രത്യേകശ്രദ്ധ നിര്‍ബന്ധമായും ആവശ്യമാണ്. ഇതോടൊപ്പം മദ്യപാനം കൂടിയുള്ളവരാണെങ്കില്‍ തീര്‍ച്ചയായും രോഗസാധ്യത കൂടുകയേ ഉള്ളൂ.
ശരീരത്തിലെ ഏതെങ്കിലും ഒരു അവയവത്തിന് തകരാര്‍ സംഭവിക്കുമ്പോള്‍ അവിടേക്ക് കൂടുതല്‍ രക്തമെത്തിച്ച് ജീവന്‍ രക്ഷിക്കാന്‍ ശരീരം സ്വയം കരുതലെടുക്കും. ഇതാണ് അസുഖമുള്ളവരില്‍ ക്ഷീണവും തളര്‍ച്ചയും ഉണ്ടാകാന്‍ ഇടയാക്കുന്നത്.
'ഫാറ്റി ലിവര്‍' തിരിച്ചറിയാന്‍ ഇതിന്റെ മറ്റ് ലക്ഷണങ്ങള്‍ കൂടി പരിശോധിക്കാം.
ഒന്ന്...
ആദ്യം സൂചിപ്പിച്ചത് പോലെ അമിതമായ വിശപ്പാണ് 'ഫാറ്റിലിവറി'ന്റെ മറ്റൊരു ലക്ഷണം. മധുരത്തോടും കൊഴുപ്പടങ്ങിയ ജങ്ക് ഫുഡ് പോലുള്ള ഭക്ഷണത്തോടുമെല്ലാം ഈ ഘട്ടത്തില്‍ അമിതമായ ആസക്തി തോന്നിയേക്കാം. ഇത് കരളിന്റെ അവസ്ഥയെ കൂടുതല്‍ അപകടത്തിലാക്കുകയേ ഉള്ളൂ.
രണ്ട്...

മൂത്രത്തിന്റെ നിറത്തില്‍ കാണുന്ന വ്യത്യാസമാണ് വേറൊരു ലക്ഷണം. സാധാരണഗതിയില്‍ മഞ്ഞപ്പിത്തമുള്ളവരിലാണ് ഇത് കാണുക. അതായത് മൂത്രം, അസാധാരണമായി മഞ്ഞനിറത്തില്‍ കടുത്ത് കാണപ്പെടും. രൂക്ഷമായ ഗന്ധവും, ഇതോടൊപ്പം മൂത്രമൊഴിക്കുമ്പോള്‍ വേദനയും അനുഭവപ്പെട്ടേക്കാം. മഞ്ഞപ്പിത്തവും 'ഫാറ്റി ലിവറും' തമ്മില്‍ എന്ത് ബന്ധമെന്ന് ചിന്തിക്കാന്‍ വരട്ടെ, 'ഫാറ്റി ലിവറി'ന്റെ ഒരു പ്രധാന ലക്ഷണമാണ് മഞ്ഞപ്പിത്തമെന്ന് മനസ്സിലാക്കുക.
മൂന്ന്...
കൊളസ്‌ട്രോളിന്റെയും രക്തത്തിലെ പഞ്ചസാരയുടേയും (പ്രമേഹം) അളവ് ക്രമാതീതമായി വര്‍ധിക്കുന്നതും ഇതിന്റെ ലക്ഷണമായാകാം. ഇവയ്ക്ക് പുറമെ രക്തസമ്മര്‍ദ്ദം ഉയരുന്നതും 'ഫാറ്റി ലിവര്‍' രോഗത്തിന്റെ ലക്ഷണമാകാം.
