ജോലിക്കാരിയായ യുവതി ഒരാഴ്ചയോളം അവധിയിലായിരുന്നു. ഈ സമയമെല്ലാം മൊബൈല്‍ ഫോണില്‍ തന്നെയായിരുന്നു ചെലവഴിച്ചത്. ഉറങ്ങാന്‍ നേരത്ത് മാത്രമായിരുന്നു ഫോണ്‍ മാറ്റിവച്ചിരുന്നത്

ബെയ്ജിംഗ്: ദിവസവും മണിക്കൂറുകളോളം മൊബൈല്‍ ഫോണില്‍ ചെലവഴിച്ച യുവതിയുടെ വിരലുകളുടെ ചലനശേഷി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഹുനാന്‍ പ്രവിശ്യയിലെ ഷാങ്ഷയിലാണ് സംഭവം. 

ജോലിക്കാരിയായ യുവതി ഒരാഴ്ചയോളം അവധിയിലായിരുന്നു. ഈ സമയമെല്ലാം മൊബൈല്‍ ഫോണില്‍ തന്നെയായിരുന്നു ചെലവഴിച്ചത്. ഉറങ്ങാന്‍ നേരത്ത് മാത്രമായിരുന്നു ഫോണ്‍ മാറ്റിവച്ചിരുന്നത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ കൈവിരലുകളില്‍ കടുത്ത വേദന അനുഭവപ്പെടാന്‍ തുടങ്ങി. ചില വിരലുകളാണെങ്കില്‍ ഫോണ്‍ പിടിക്കുന്ന അതേ മട്ടില്‍ മടങ്ങിപ്പോയി. 

സംഭവം ഗുരുതരമാണെന്ന് മനസ്സിലാക്കിയ യുവതി ഉടന്‍ തന്നെ ആശുപത്രിയിലെത്തി. ഒരേ പ്രവര്‍ത്തി തന്നെ ആവര്‍ത്തിച്ച് നിരവധി തവണ ചെയ്തതിന്റെ ഫലമായാണ് വിരലുകള്‍ ഇത്തരത്തിലായതെന്ന് ഡാക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് ഫലപ്രദമായ ചികിത്സയിലൂടെ വിരലുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്തു. 

എന്നാല്‍ ഇനിയും മൊബൈല്‍ ഫോണിന്റെ ഉപയോഗം ഇതുപോലെ തുടര്‍ന്നാല്‍ ഒരുപക്ഷേ വിരലുകള്‍ക്ക് സംഭവിക്കുന്ന അപകടം പരിഹരിക്കാനാകില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ചൈനീസ് ഇംഗ്ലീഷ് മാധ്യമം 'ഷാംങായിസ്റ്റ്' ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.