പ്രായം കുടുമ്പോഴുള്ള ഗര്‍ഭധാരണവും പ്രസവവും റിസ്ക്ക് ആയിരിക്കുമെന്നാണ് പൊതുവെ പറയാറുള്ളത്. പലപ്പോഴും 35-40 വയസിന് ശേഷമുള്ള പ്രവസവം അമ്മമാരുടെ ജീവന് പോലും ഭീഷണിയാണെന്ന് ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ പറയാറുണ്ട്. എന്നാല്‍ പുതിയ പഠനം അനുസരിച്ച് വൈകി ഗര്‍ഭം ധരിക്കുന്ന അമ്മമാര്‍ക്ക് ബുദ്ധിയും ആരോഗ്യവുമുള്ള കുട്ടികളെ ലഭിക്കുമെന്ന് വ്യക്തമാകുന്നു. പ്രായം കുറഞ്ഞ അമ്മമാരുടെ കുഞ്ഞുങ്ങളേക്കാള്‍ 35-40 പ്രായമുള്ള അമ്മമാരുടെ കുഞ്ഞുങ്ങള്‍ സാമര്‍ത്ഥ്യവും ആരോഗ്യവുമുള്ളവരായിരിക്കും. ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോഗ്രാഫിക് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 1950നും 1991നും ഇടയില്‍ ജനിച്ച പതിനഞ്ച് ലക്ഷത്തോളം പേരെയാണ് പഠനവിധേയമാക്കിയത്. അമ്മയായ പ്രായം, ജനിച്ചപ്പോള്‍ കുട്ടിയുടെ നീളം, ആരോഗ്യസ്ഥിതി, സ്‌കൂളില്‍ പഠിച്ചപ്പോള്‍ അവര്‍ക്ക് ലഭിച്ച ഗ്രേഡ് എന്നിവ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. 1950ല്‍ ജനിച്ച ഒരു സ്‌ത്രീ ഇരുപതാം വയസിലും നാല്‍പ്പതാം വയസിലും അമ്മയായി. ഈ രണ്ടു കുട്ടികളുടെ പഠിത്തം, ആരോഗ്യം, ബുദ്ധിശക്തി, ഉയരം എന്നിവ പഠനവിധേയമാക്കിയപ്പോള്‍ രണ്ടാമത്തെ കുട്ടിയാണ് എല്ലാ കാര്യങ്ങളിലും മുന്നിട്ടുനില്‍ക്കുന്നതെന്ന് പഠനസംഘം പറയുന്നു. പഠന റിപ്പോര്‍ട്ട് പോപ്പുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റ് റിവ്യൂ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.