ബെയ്ജിംങ്ങ്: തിരക്കേറിയ ജീവിതത്തിനിടയിൽ ന്യൂഡിൽസ് ഭക്ഷണമാക്കിയവർക്കായൊരു വാർത്ത. ലോകത്തിലെ ഏറ്റവും നീളം കൂടിയ ന്യൂഡിൽസ് ചൈനയിൽ തയ്യാറായിരിക്കുകയാണ്. പതിനായിരത്തി ഒരുനൂറ് അടി നീളമുള്ള ന്യൂഡിൽസ്. ചൈനയിലെ ഹെനാൻ മേഖലയിലെ ഒരു കൂട്ടം പാചക വിദഗ്ധരാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ ന്യൂഡിൽസ് തയ്യാറാക്കി ഗിന്നസ് റെക്കോഡ് നേട്ടം കൊയ്തിരിക്കുന്നത്.

പരമ്പരാഗത രീതിയിലായിരുന്നു ന്യൂഡിൽസ് തയ്യാറാക്കിയത്. 40 കിലോ മാവും 26 ലിറ്റർ വെള്ളവും 0.6 കിലോ ഉപ്പുമാണ് ഈ റെക്കോഡ് നിർമ്മാണത്തിന് ഉപയോഗിച്ചത്. ന്യൂഡിൽസ് തയ്യാറാക്കി കഴിഞ്ഞപ്പോൾ ഭാരം 66 കിലോ. പതിനേഴ് മണിക്കൂറു കൊണ്ടാണ് പാചകക്കാർ ഈ ഭീമൻ ന്യൂഡിൽസ് തയ്യാറാക്കിയത്.

ന്യൂഡിൽസ് അളന്നു തിട്ടപ്പെടുത്താൻ ഗിന്നസ് പ്രതിനിധി ജോൺ ഗാർലന്‍റിന് വേണ്ടി വന്നത് മൂന്ന് മണിക്കൂറാണ്. 2001ൽ 1,800 അടി നീളമുള്ള ന്യൂഡിൽസ് തയ്യാറാക്കി ജപ്പാൻകാർ കുറിച്ച റെക്കോഡാണ് ചൈന ഇങ്ങനെ എളുപ്പത്തിൽ മറികടന്നത്. മുട്ടയും വെളുത്തുള്ളിയും സോസുകളും ചേർത്ത് തയ്യാറാക്കിയ ന്യൂഡിൽസ് കമ്പിനിയിലെ 400 ജോലിക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി വിതരണം ചെയ്തു.