ചിലയാളുകള്‍ കൂടുതല്‍ ലഹരിക്കായി അപകടകരമായ വഴികള്‍ തേടാറുണ്ട്. മദ്യത്തിന് പുറമെ മയക്കുമരുന്നു കഞ്ചാവുമൊക്കെ ഉപയോഗിക്കുന്നവര്‍. എന്നാല്‍ ദില്ലിയില്‍ ഒരു യുവാവിന്റെ പരീക്ഷണം മറ്റൊരു വഴിയായിരുന്നു. ലിക്വിഡ് നൈട്രജന്‍ കുടിച്ചാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇയാള്‍ ലഹരി കണ്ടെത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇയാള്‍ക്ക് സംഭവിച്ചത് വലിയൊരു ദുരന്തമായിരുന്നു. ലിക്വിഡ് നൈട്രജന്‍ ഉള്‍പ്പെട്ട കോക്ക്‌ടെയിലാണ് കുടിച്ചത്. കുടിച്ചയുടന്‍, അയാള്‍ കുഴഞ്ഞുവീണു. അസഹനീയമായ വയറുവേദന അനുഭവപ്പെട്ടു. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടി. ഉടന്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ വയര്‍ സ്‌കാന്‍ ചെയ്‌തു നോക്കിയപ്പോള്‍ ഡോക്ടര്‍മാര്‍ ഞെട്ടിപ്പോയി. വയറില്‍ വലിയൊരു ദ്വാരം ഉണ്ടായതായാണ് കണ്ടെത്തിയത്. ഉടന്‍തന്നെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കി. കുടല്‍, കരള്‍, വൃക്ക തുടങ്ങിയ എല്ലാ ആന്തരിക അവയവങ്ങള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. മൂന്നു ദിവസം വെന്റിലേറ്ററിലായിരിക്കും. അപകടനില തരണം ചെയ്തതായാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്.
അതിവേഗം ഭക്ഷണം തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണ് ലിക്വിഡ് നൈട്രജന്‍. കംപ്യൂട്ടറുകള്‍ അമിതസമയം ഉപയോഗിക്കുമ്പോള്‍ ചൂടാകുന്നത് ഒഴിവാക്കാന്‍ ഇത് ഉപയോഗിക്കാറുണ്ട്. ബാറില്‍ വെള്ളവും സോഡയും തണുപ്പിക്കാന്‍ ഇത് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് ആരും കുടിക്കാറില്ല. ഏറ്റവും കൂടുതല്‍ ലഹരി ലഭിക്കുന്ന മദ്യം വേണമെന്ന് പറഞ്ഞാണ് അപകടത്തിലായ ആള്‍ ബാറിലെത്തിയത്. ലഹരി ലഭിക്കുമെന്ന ധാരണയിലാണ് ലിക്വിഡ് നൈട്രജന്‍ എടുത്ത് കുടിച്ചത്.
